രാജ്യത്തിന്റെ വെളിച്ചമായിരുന്ന രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 75 വർഷം. 1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകിട്ട് 5.12 നാണ് ഹിന്ദു മഹാസഭ അംഗവും ആർ.എസ്.എസ് പ്രവർത്തകനുമായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിക്കു നേരേ വെടിയുതിർത്തത്. ഡൽഹിയിലെ ബിർള മന്ദിരത്തിൽ സർവമത പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു ഗാന്ധിജി. വെടിയേറ്റ് 15 മിനിറ്റിനകം മരിച്ചു.
എപ്പോഴും കൂടെയുണ്ടാകാറുള്ള ആഭയുടെയും മനുവിന്റെയും തോളിൽ കൈയിട്ട് വന്ന ഗാന്ധിജിയുടെ മുന്നിലേക്ക് ആൾക്കൂട്ടത്തിൽ നിന്ന് കയറി വന്ന ഗോഡ്‌സെ ചോദിച്ചു:
‘താങ്കളിന്ന് വൈകിയല്ലോ?. ‘
‘അതെ ഞാനൽപം വൈകി..’
എന്ന് ഗാന്ധിജിയുടെ മറുപടി. പെട്ടെന്ന് പിസ്റ്റൾ പുറത്തെടുത്ത ഗോഡ്‌സെ ഗാന്ധിജിയുടെ നെഞ്ചിലേക്ക് മൂന്നുതവണ നിറയൊഴിച്ചു. ഗാന്ധിജിയെ വധിക്കാൻ ഗോഡ്‌സെയുടെ ആറാമത്തെ ശ്രമമായിരുന്നു അത്. ഗാന്ധിജിയില്ലാത്തൊരു കാലത്തെക്കുറിച്ച് രാജ്യത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാലത്താണ് ആ മഹാത്മാവ് രക്തസാക്ഷിത്വം വരിച്ചത്.
അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകത്തിന് വഴികാട്ടിയായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ ദർശനങ്ങൾ ആഗോള തലത്തിൽ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിങ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാധീനിക്കപ്പെട്ടവരിൽപ്പെടുന്നു. കഠിന പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങൾ ജീവിതചര്യയാക്കാൻ ഗാന്ധിജി ശ്രദ്ധിച്ചു.
ഹൈന്ദവ കുടുംബത്തിൽ ജനിച്ച ഗാന്ധിജി ജീവിതകാലം മുഴുവൻ ഹൈന്ദവനായിരുന്നു. ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിജി ഒരിക്കൽ പറഞ്ഞത്:
‘അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ് ലിമും യഹൂദനുമാണ്’. മുഹമ്മദിന്റെ വാക്കുകൾ മുസ് ലിംകൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവൻ ജ്ഞാനത്തിന്റെ നിധികളാണ്.’.
തേങ്ങലോടെയാണ് രാജ്യം ഗാന്ധിജിയുടെ വിയോഗ വാർത്ത കേട്ടത്. ജവഹർലാൽ നെഹ്‌റു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു:
‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം പോയിരിക്കുന്നു.. എല്ലായിടത്തും ഇരുട്ടാണ്.. നമ്മുടെ പ്രിയപ്പെട്ട നേതാവ്, ബാപ്പു ഇപ്പോൾ ഇല്ല..’
Comments are closed for this post.