2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിലെ കിംഗ് സൽമാൻ റിലീഫ് സെന്റർ സഹായം എത്താത്ത രാജ്യങ്ങൾ വിരളം; മതവും അതിർത്തികളും നോക്കാതെ ഇത് വരെ നൽകിയത് 93 ബില്യൺ ഡോളർ സഹായം 

അബ്‌ദുസ്സലാം കൂടരഞ്ഞി 

       റിയാദ്: സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്‌ഡ്‌ ആൻഡ് റിലീഫ് സെന്റർ സഹായം എത്താത്ത രാജ്യങ്ങൾ വിരളം. സെന്റർ സൂപ്പർ വൈസറും റോയൽ കോർട്ട് ഉപദേശകനുമായ ഡോ: അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ് അൽ റബീഅയാണ് സെന്ററിന്റെ പൂർണ്ണ വിവരങ്ങൾ പങ്ക് വെച്ചത്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി റിയാദിൽ നടന്ന “വെല്ലുവിളികളും നേട്ടങ്ങളും” എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമോ ജാതിയോ നിറമോ ലിംഗ ഭേദമോ അതിർത്തികളോ, രാഷ്‌ട്രീയമോ നോക്കാതെ നിഷ്പക്ഷതയോടും സുതാര്യതയോടും കൂടി ഇതിനകം 155 രാജ്യങ്ങളിലായി 93 ബില്യൺ ഡോളർ സഹായങ്ങൾ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി. കുട്ടികളെയും സ്ത്രീകളെയും പരിപാലിക്കുന്നതിൽ സഊദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വെല്ലുവിളികൾ നേരിടുന്ന നിർധന രാജ്യങ്ങളിൽ സ്ത്രീകളെയും വിദ്യാഭ്യാസത്തെയും പിന്തുണക്കുന്നതിൽ ഗൗരവമായ നിലയിൽ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

        അഞ്ചു വർഷത്തിനിടെ 54 രാജ്യങ്ങളിലായി എഴുപത് മില്യണിലധികം സ്‌ത്രീകൾക്കും 112 മില്യണിലധികം കുട്ടികൾക്കും സെന്റർ സഹായങ്ങൾ എത്തിച്ച് നൽകി. മാനുഷിക സന്നദ്ധ പ്രവർത്തനങ്ങളുടെ സംരക്ഷണ കേന്ദ്രമാകാൻ കിംഗ് സൽമാൻ റിലീഫ് സെന്റർ നിർബന്ധിതരാണ്, ഈ വെല്ലുവിളികളിലൂടെയാണ് ഞങ്ങൾ ജീവിക്കുന്നത്. 44 രാജ്യങ്ങളിൽ ഹൃദ്രോഗങ്ങൾ, ശിശുരോഗ ശസ്ത്രക്രിയ, ഓർത്തോപെഡിക്സ് തുടങ്ങിയ ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള രോഗങ്ങളിൽ നിന്ന് 500,000  രോഗികളെ സഹായിക്കുന്നതിനായി ദുരിതാശ്വാസ മെഡിക്കൽ കാംപയിനുകൾ തയ്യാറാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ആഗോള, പ്രാദേശിക സംഘടനകളെ സഹായിക്കാനായി 500 മില്യൺ ഡോളർ, പകർച്ചവ്യാധികൾ തടയാനായുള്ള കൂട്ടായ്‌മകളുടെ വിജയത്തിന് 150 മില്യൺ ഡോളർ, വാക്സിനുകൾക്കും രോഗ പ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള സഖ്യത്തിന് 150 മില്യൺ ഡോളർ, കൊവിഡ് 19 നുമായി മായി ബന്ധപ്പെട്ട സംഘടനകളും അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ പരിപാടികളിലേക്കും 200 മില്യൺ ഡോളറും സഊദി അറേബ്യ നൽകിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ദുർബലമായ, ആരോഗ്യ സംവിധാനങ്ങളാൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് സഹായകരമായി 220 മില്യൺ ഡോളറും നൽകിയിട്ടുണ്ട്. 

     ആരോഗ്യമേഖലയിലെ തൊഴിലാളികൾക്കായി പരിശീലന പരിപാടികൾ വിപുലീകരിക്കുന്നതിനൊപ്പം ആരോഗ്യ സംവിധാനത്തിൽ കൂടുതൽ സജീവമായി പ്രവർത്തിച്ച തൊഴിലാളികളെയും സന്നദ്ധപ്രവർത്തകരെയും പിന്തുണയ്ക്കുന്നതിനായി 400 ബില്ല്യൺ ഡോളറും സഊദി നീക്കി വെച്ചിട്ടുണ്ട്. സഊദിയിലെ എല്ലാവരുടെയും സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ റബീഅ വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.