ഒരിക്കലും ആരംഭിക്കാന്‍ പാടില്ലായിരുന്ന മറ്റൊരു യുദ്ധത്തിനുകൂടി അറുതിയാവുകയാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയ്ക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പേരില്‍ യു.എസ് തുടങ്ങിയ അഫ്ഗാന്‍ അധിനിവേശത്തിനാണ് അറുതിവരുന്നത്. ഇക്കൊല്ലം സെപ്റ്റംബര്‍ 11ന് അഫ്ഗാനില്‍നിന്ന് യു.എസ് സേനയുടെ പിന്മാറ്റം പൂര്‍ണമാകുമെന്നാണ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. യു.എസ് ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമേറിയ യുദ്ധത്തിനാണ് അവസാനമാകുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും അഫ്ഗാനിലെ താലിബാന്‍ സേനയും എത്തിച്ചേര്‍ന്ന ധാരണപ്രകാരം 2021 മെയ് ഒന്നിന് യു.എസ് സേനാ പിന്മാറ്റം പൂര്‍ത്തിയാവേണ്ടതായിരുന്നു. സേനാ പിന്മാറ്റം നാല് മാസം വൈകുമെങ്കിലും ഇപ്പോഴത്തെ തീരുമാനം അന്തിമമാണെന്ന് ബൈഡന്‍ ഭരണകൂടവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അഫ്ഗാനിലെ ആഭ്യന്തര സ്ഥിതിഗതികള്‍ എന്തുതന്നെയായാലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് അവര്‍ തറപ്പിച്ചുപറയുന്നത്.
2001-ല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഉത്തരവിട്ട അഫ്ഗാന്‍ യുദ്ധത്തില്‍ 2,200ല്‍ പരം യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. 20,000ല്‍ പരം സൈനികര്‍ക്ക് പരുക്കേറ്റു. ഏതാണ്ട് രണ്ട് ലക്ഷം കോടി ഡോളര്‍ യു.എസ് ഖജനാവില്‍ നിന്ന് ഒഴുക്കി. 1,57,000 അഫ്ഗാനികള്‍ യുദ്ധത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ഥ മരണ നിരക്ക് എത്രയെന്ന് ആര്‍ക്കാണ് കണക്കാക്കാനാവുക?
അഫ്ഗാന്‍ യുദ്ധത്തിന്റെ അനുബന്ധമെന്നോണം ഇറാഖ്, പാകിസ്താന്‍, സിറിയ എന്നിങ്ങനെ മേഖലയില്‍ നടന്ന യു.എസ് സൈനിക ഇടപെടലില്‍ ആ രാജ്യങ്ങളില്‍ 80, 000 പേരുടെ ജീവന്‍ അപഹരിച്ചു. അതിനു പുറമേയാണ് 15,000 യു.എസ് സൈനികരും പൗരന്മാരും. ഈ യുദ്ധപരമ്പരകളില്‍ യു.എസ് കത്തിച്ചുകളഞ്ഞത് എട്ട് ലക്ഷം കോടി ഡോളറെന്ന് കണക്കാക്കപ്പെടുന്നു. യു.എസ് ഉപരിഘടനയുടെ പുനര്‍നിര്‍മാണത്തിന് ജോ ബൈഡന്‍ ഭരണകൂടം കണക്കാക്കുന്ന മൊത്തം തുകയുടെ രണ്ടിരട്ടിവരും ഇത്.
സെപ്റ്റംബര്‍ 11-ന്റെ ഭീകരാക്രമണം ആ രാജ്യത്ത് സൃഷ്ടിച്ച നടുക്കവും രോഷവും മുതലെടുത്താണ് ബുഷ് ഭരണകൂടം അഫ്ഗാന്‍ യുദ്ധത്തിന് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ ആരെന്ന് വ്യക്തമാകുന്നതിനും മുമ്പായിരുന്നു യുദ്ധപ്രഖ്യാപനം. യു.എസ് സെനറ്റ് ഏകകണ്ഠമായാണ് പ്രസിഡിന്റിന് യുദ്ധാനുമതി നല്‍കിയത്. ജനപ്രതിനിധി സഭയില്‍ 420നെതിരേ ഒരാള്‍ മാത്രമാണ് യുദ്ധത്തെ എതിര്‍ത്തത്. യുദ്ധത്തെ എതിര്‍ത്തു സംസാരിച്ച ബാര്‍ബറ ലീ ബുഷിനു നല്‍കുന്ന യുദ്ധാനുമതി അവസാനമില്ലാത്ത യുദ്ധത്തിനുള്ള കുറിപ്പടിയായിരിക്കും അതെന്ന് പറയുകയുണ്ടായി. അത് ആഗോള ഭീകരതയ്ക്ക് അറുതി വരുത്തുമെന്നത് ഭരണകൂട വ്യാമോഹം മാത്രമായിരിക്കുമെന്നും പ്രവചന സമാനം അവര്‍ മുന്നറിയിപ്പ് നല്‍കി.
ലീയുടെ വാക്കുകള്‍ അവഗണിക്കപ്പെട്ടു. അധികം വൈകാതെ യു.എസ് അഫ്ഗാനിസ്ഥാനില്‍ ബോംബുവര്‍ഷം ആരംഭിച്ചു. അതോടെ അവരുടെ ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’ ആരംഭിച്ചു. അതിന്റെ ഇന്നത്തെ അവസ്ഥ ആര്‍ക്കും കാണാവുന്നതേയുള്ളൂ. അധിനിവേശ യുദ്ധത്തോടൊപ്പം സ്വന്തം ജനതക്കെതിരായ അടിച്ചമര്‍ത്തലും യു.എസ് ഭരണകൂടം ആരംഭിച്ചു. രാജ്യത്ത് ദേശാഭിമാന നിയമം (പാട്രിയോട്ടിക് ആക്ട്) പാസാക്കി. സുരക്ഷാ സേനകള്‍ക്കും ചാരസംഘടനകള്‍ക്കും പുതുതായി രൂപം നല്‍കിയ ആഭ്യന്തര സുരക്ഷാ വകുപ്പിനും ജനങ്ങളുടെമേല്‍ ചാരവൃത്തിക്കും രാഷ്ട്രീയ ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറ്റത്തിനും ഉതകുന്ന അമിതാധികാരങ്ങള്‍ നല്‍കി. സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും പേരില്‍ അവ ന്യായീകരിക്കപ്പെട്ടു. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ മുസ്‌ലിം വിരോധവും കുടിയേറ്റ വിരുദ്ധതയും പ്രോത്സാഹിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ തീവ്ര വലതുപക്ഷ നയങ്ങളും അതിക്രമങ്ങളും പെരുകി. അവ ഇപ്പോഴും യു.എസില്‍ അനിയന്ത്രിതമായി തുടരുകയാണ്. ലോകമെമ്പാടും രാഷ്ട്രാതിര്‍ത്തികള്‍ അതിലംഘിച്ച് ഭീകരവാദം അഴിഞ്ഞാടുന്നതിന് ‘ഭീകരതക്കെതിരായ യുദ്ധം’ വഴിതെളിച്ചു. അതിന്റെ കരിനിഴലില്‍ത്തന്നെയാണ് ലോകം ഇപ്പോഴും. ആ ഇടപെടലിന്റെ ഉപോല്‍പന്നമായിരുന്നു ‘ഇസ്‌ലാമിക് സ്റ്റേറ്റ്. ‘
ഭീകരതക്കെതിരായ യുദ്ധം യു.എസിലും ലോകത്തെമ്പാടും യുദ്ധത്തിനെതിരേ അണിനിരക്കാന്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ നിര്‍ബന്ധിതരായി. വിയറ്റ്‌നാം യുദ്ധത്തിനുശേഷം ഏറ്റവുമധികം ജനങ്ങള്‍ യുദ്ധത്തിനെതിരേ അണിനിരന്നത് ഈ കാലഘട്ടത്തിലാണ്. അഫ്ഗാനിലടക്കം വിദൂരദേശങ്ങളില്‍ യു.എസിന്റെ നേതൃത്വത്തില്‍ നടന്ന സായുധ ഇടപെടലുകള്‍ക്കെതിരേ ഉണ്ടായ ജനകീയമുന്നേറ്റമാണ് വിനാശകരമായ യുദ്ധത്തിന് അന്ത്യംകുറിക്കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കിയത്.
അഫ്ഗാനില്‍നിന്നുള്ള യു.എസ് – നാറ്റോ പിന്മാറ്റം ആത്യന്തികമായി ആ രാജ്യത്തും ലോകത്തും സമാധാനത്തിന് വഴിയൊരുക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ട്രംപ് ഭരണകൂടവും താലിബാനും ഉണ്ടാക്കിയ യു.എസ് – നാറ്റോ സൈനിക പിന്മാറ്റ ധാരണ പൂര്‍ണമായി നടപ്പാക്കുന്നതോടെ അഫ്ഗാനില്‍ സമ്പൂര്‍ണ സമാധാനം സ്ഥാപിക്കപ്പെടുമെന്നും അവിടെ രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ പുതുയുഗം പിറക്കുമെന്നും ആരും വ്യാമോഹിക്കുന്നില്ല. യു.എസ് -നാറ്റോ സേനകളുടെ പിന്തുണ കൂടാതെ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഭരണകൂടത്തിന് എത്രനാള്‍ അധികാരത്തില്‍ തുടരാനാവുമെന്ന് ആര്‍ക്കാണ് പ്രവചിക്കാനാവുക. താലിബാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെതന്നെ ഭരണസിരാകേന്ദ്രങ്ങളില്‍ അടക്കം നടന്ന സായുധ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നല്‍കുന്ന സൂചനകള്‍ അവഗണിക്കാവുന്നതല്ല.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണവും കൊവിഡ് മഹാമാരിയുമടക്കം കനത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന യു.എസിന് സേനാ പിന്മാറ്റത്തെ തുടര്‍ന്ന് പഴയതുപോലെ അഫ്ഗാന്‍ സര്‍ക്കാരിനെ സാമ്പത്തിക പിന്തുണ നല്‍കി നിലനിര്‍ത്തുക തികച്ചും ദുഷ്‌കരമായിരിക്കും. അതിലുമുപരി അഫ്ഗാന്‍ പിന്മാറ്റത്തോടെ മേഖലയില്‍ വര്‍ധിച്ചുവരുന്ന റഷ്യയുടെയും ചൈനയുടെയും സ്വാധീനത്തെ തടയുക എന്നതായിരിക്കും തങ്ങളുടെ മുന്‍ഗണനയെന്ന് ഇതിനകം ബൈഡന്‍ ഭരണകൂടം സൂചന നല്‍കിക്കഴിഞ്ഞു. അതാവട്ടെ അഫ്ഗാന്‍ സൈനിക ഇടപെടലിനെക്കാള്‍ ചെലവുകുറഞ്ഞ സംരംഭം ആയിരിക്കുമെന്ന് കരുതാനാവില്ല. അഫ്ഗാന്‍ യുദ്ധത്തിന് അറുതിവരുത്തി മറ്റൊരു ആഗോള ശീതയുദ്ധത്തിന് വഴിതുറക്കാനാണോ ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നതെന്ന ഉല്‍ക്കണ്ഠയും അസ്ഥാനത്തല്ല.
ആഗോളതലത്തില്‍ വന്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്ന രാജ്യം എന്ന നിലയിലും ദക്ഷിണേഷ്യയിലെ സുപ്രധാന രാഷ്ട്രീയ സാമ്പത്തിക ശക്തി എന്ന നിലയിലും ഇന്ത്യയുടെ ഭൂരാഷ്ട്രതന്ത്രത്തില്‍ (ജിയോപൊളിറ്റിക്‌സ്) അഫ്ഗാന് നിര്‍ണായക സ്ഥാനമാണുള്ളത്. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നത് ഇന്ത്യയുടെ ഭൂരാഷ്ട്രതന്ത്രത്തിലും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും അനുപേക്ഷണീയമാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഏറ്റവും കുറഞ്ഞത് ഇരുപത് ദശലക്ഷത്തില്‍പരം ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ അഫ്ഗാനില്‍ നടത്തിയിട്ടുള്ളത്. മറ്റൊരു എണ്‍പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സാമൂഹ്യ പശ്ചാത്തല സൗകര്യ വികസനമാണ് ഈ പദ്ധതികള്‍ എല്ലാം ലക്ഷ്യം വയ്ക്കുന്നത്. യു.എസ് സൈനിക പിന്മാറ്റത്തോടെ അവിടെ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളായിരിക്കും ആ പദ്ധതികളുടെയെല്ലാം ഭാവി നിര്‍ണയിക്കുക.
ഇന്ത്യയുടെ വ്യാവസായിക പുരോഗതി എപ്പോഴും ഇറക്കുമതി ചെയ്യപ്പെടുന്ന എണ്ണയേയും പ്രകൃതിവാതകത്തേയും ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക. പ്രകൃതിവാതക സമ്പന്നമായ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് അഫ്ഗാനിസ്ഥാന്‍. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതിവാതകം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള തുര്‍ക്ക്മനിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍- പാകിസ്താന്‍- ഇന്ത്യാ പ്രകൃതിവാതക കുഴല്‍ ശൃംഖലയുടെ ഭാവിയും അഫ്ഗാനിലും മേഖലയിലും നിലനില്‍ക്കുന്ന രാഷ്ട്രീയ, സൈനിക അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. മേഖലയില്‍ സമാധാനവും രാഷ്ട്രീയ സുസ്ഥിരതയും കൈവരിക്കുക എന്നത് ഇന്ത്യയുടെ നിലനില്‍പിന്റെയും പുരോഗതിയുടെയും പ്രശ്‌നമാണ്. അതിനുവേണ്ടിയുള്ള ഉഭയകക്ഷി, ബഹുകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാനും അവയില്‍ തന്ത്രപരവും നിര്‍ണായകവുമായി ഇടപെടാനുള്ള ഇന്ത്യയുടെ ശേഷിയും നൈപുണ്യവും പരീക്ഷണ വിധേയമാവുന്ന അന്തരീക്ഷമാണ് യു.എസ് സൈനിക പിന്മാറ്റത്തോടെ ഒരുങ്ങുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി ഭരണകൂടത്തിന് എത്രത്തോളം കഴിയും?
രാജ്യത്ത് നിലനില്‍ക്കുന്ന തീവ്രഹിന്ദുത്വവാദത്തിലും ന്യൂനപക്ഷ വിദ്വേഷത്തിലും അധിഷ്ഠിതമായ രാഷ്ട്രതന്ത്രത്തിന് നേരിടാവുന്ന വെല്ലുവിളിയല്ല യു.എസ് സൈനിക പിന്മാറ്റത്തോടെയുള്ള അഫ്ഗാനിസ്ഥാനും ഭൂരാഷ്ട്രതന്ത്രവും ഉയര്‍ത്തുന്നത്. മതനിരപേക്ഷതയിലും മതത്തിന് അതീതമായ അയല്‍ബന്ധങ്ങളിലും ഊന്നിയുള്ള രാഷ്ട്രതന്ത്രത്തിനേ മേഖലയില്‍ സാധാരണനിലയും സമാധാനവും ഉറപ്പിക്കാന്‍ കഴിയൂ. അതിന് എത്രമാത്രം മോദി ഭരണകൂടം തയാറാവുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
Comments are closed for this post.