2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തീവ്രവാദ പ്രവര്‍ത്തനം; സഊദിയില്‍ 29 ഭീകരര്‍ക്ക് വധശിക്ഷ

റിയാദ്: സഊദിയില്‍ തീവ്രവാദ കേസുകളില്‍ 29 ഭീകരരുടെ വധശിക്ഷ സുപ്രിം കോടതിയും പ്രത്യേക കോടതിയും ശരിവെച്ചു. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പതിനാലു ഭീകരരുടെ വധശിക്ഷ സുപ്രിം കോടതിയും ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പതിനഞ്ചു പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതിയുമാണ് ശരി വെച്ചത്.

ഖതീഫ് ഭീകരര്‍ക്കുള്ള വധശിക്ഷ അപ്പീല്‍ കോടതി നേരത്തെ ശരി വെച്ചിരുന്നെങ്കിലും ഇവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ണ്ണമായും കഴിഞ്ഞതിനാല്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി കൊടുക്കുന്നതോടെ ഇവര്‍ക്കുള്ള വധ ശിക്ഷ നടപ്പാക്കും.

വധശിക്ഷ വിധിക്കപ്പെട്ടവരില്‍ പതിനാലു പേരും സഊദി പൗരന്മാരും ഇതില്‍ ഒരാള്‍ മുന്‍ സുരക്ഷാ ഭടനായി സേവനമനുഷ്ഠിച്ചയാളുമാണ്. കിഴക്കന്‍ മേഖലയിലെ സ്ഥിരമായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന ഖതീഫ്, അവാമിയ, സൈഹാത്, അല്‍ ജശ് എന്നിവിടങ്ങളിലായി അന്‍പതോളം ഭീകരാക്രമങ്ങള്‍ക്ക് നേതുത്വം വഹിച്ചതായാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.

കൂടാതെ ഖതീഫ് പോലീസ് സ്റ്റേഷന്‍, ഖതീഫ് ജയില്‍, ചെക്ക് പോയന്റുകള്‍, ഇരുപത് പെട്രോള്‍ വാഹനങ്ങള്‍, എന്നിവക്ക് നേരെ ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി സുരക്ഷാ ഭടന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്. നാല്‍പ്പതിലധികം വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കല്‍, ബാങ്ക് പണം ആക്രമിച്ചു 12 ലക്ഷം റിയാല്‍ കവര്‍ന്നത്, മയക്കുമരുന്ന് വ്യാപാരം, ദേശ വിരുദ്ധ പ്രവര്‍ത്തനത്തിനായി നിയമവിരുദ്ധമായി സംഭാവനകള്‍ ശേഖരിക്കല്‍,തുടങ്ങിയ കേസുകളിലും ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരുപതിനാലംഗ സംഘത്തിലെ പതിനാലു പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. അവശേഷിക്കുന്നവരില്‍ ഒന്‍പതു പേര്‍ക്ക് മൂന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവും യാത്രാ വിലക്കും പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒരാളെ കോടതി കുറ്റ വിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ 32 പ്രതികളില്‍ പതിനഞ്ചു പേര്‍ക്കാണ് പേര്‍ക്കാണ് വധ ശിക്ഷ വിധിക്കപ്പെട്ടത്. നേരത്തെ കീഴ്‌കോടതി പ്രഖ്യാപിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെക്കുകയായിരുന്നു. കേസിലെ 32 പ്രതികളില്‍ മുപ്പതു പേര്‍ സഊദി പൗരന്മാരും അഫ്ഗാന്‍, ഇറാന്‍ പൗരന്മാരുമാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News