മുക്കം: യു.ഡി.എഫും എല്‍.ഡി.എഫും ജില്ലയില്‍ ഒരുപോലെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തിരുവമ്പാടി.
ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമോ അവകാശവാദങ്ങളോ ഇല്ല എന്നതാണ് മണ്ഡലത്തിന്റെ പ്രത്യേകത. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മണ്ഡലമായ തിരുവമ്പാടിയില്‍ പൊതുവിഷയങ്ങള്‍ക്ക് പുറമേ കാര്‍ഷിക, പാരിസ്ഥിതിക പ്രശ്‌നങ്ങളും അടിസ്ഥാന വികസനവുമാണ് ചൂടേറിയ ചര്‍ച്ച.
താമരശ്ശേരി ചുരം ഉള്‍കൊള്ളുന്ന മണ്ഡലത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍, കൃഷിനാശം, വന്യമൃഗശല്യം, ടൂറിസം എന്നിവയ്ക്ക് പുറമേ രൂക്ഷമായ കുടിവെള്ള ക്ഷാമവും ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മുക്കം നഗരസഭയും പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ ആധിപത്യം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ വികസന നയങ്ങളും ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത ഉള്‍പ്പടെയുള്ള പദ്ധതികളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. 1991 മുതല്‍ മണ്ഡലത്തില്‍ യു.ഡി.എഫില്‍ നിന്ന് മുസ്‌ലിം ലീഗാണ് മത്സരിക്കുന്നത്. 91ലും 96ലും എ.വി അബ്ദുറഹിമാന്‍ ഹാജിയും 2001ല്‍ സി. മോയിന്‍കുട്ടിയുമാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാല്‍ 2006ല്‍ മത്തായി ചാക്കോയിലൂടെ മണ്ഡലം സി.പി.എം പിടിച്ചെടുത്തു. മത്തായി ചാക്കോയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് എം. തോമസ് സീറ്റ് നിലനിര്‍ത്തി. 2011ല്‍ സി. മോയിന്‍കുട്ടിയിലൂടെ മുസ്‌ലിം ലീഗ് സീറ്റ് തിരിച്ചുപിടിച്ചെങ്കിലും 2016ല്‍ ജോര്‍ജ് എം. തോമസിലൂടെ മണ്ഡലം വീണ്ടും സി.പി.എമ്മിന്റെ കൈകളിലെത്തി. സംസ്ഥാന സെക്രട്ടറിയായ സി.പി ചെറിയ മുഹമ്മദിനെയാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇത്തവണ മുസ്‌ലിം ലീഗ് നിയോഗിച്ചിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും ഡി.വൈ.എഫ്.ഐ നേതാവുമായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലിന്റൊ ജോസഫിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് ഇടതുപക്ഷവും പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് തൊട്ടുപുറകില്‍ തന്നെയുണ്ട്. ഇരു സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷം ഇപ്പോള്‍ മണ്ഡല പര്യടനത്തിലാണ്. റോഡ് ഷോകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇരുമുന്നണികളുടേയും ദേശീയ, സംസ്ഥാന നേതാക്കള്‍ കൂടി എത്തുന്നതോടെ പ്രചാരണത്തിന്റെ വീറും വാശിയും വര്‍ധിക്കും. വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലും വെന്തുരുകുന്ന മണ്ഡലത്തിന്റെ മനസ് പ്രവചിക്കുക എളുപ്പമല്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്. 3,008 വോട്ടിനാണ് കഴിഞ്ഞ തവണ വി.എം ഉമ്മര്‍ മാസ്റ്ററെ പരാജയപ്പെടുത്തി ജോര്‍ജ് എം. തോമസ് നിയമസഭയിലെത്തിയത്.
ജോര്‍ജ് എം. തോമസ് 62,324ഉം വി.എം ഉമ്മര്‍ മാസ്റ്റര്‍ 59,316ഉം വോട്ടുകളാണ് നേടിയിരുന്നത്. മികച്ച സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ സി.പി ചെറിയ മുഹമ്മദ് കാല്‍ നൂറ്റാണ്ട് കാലം മുസ്‌ലിം ലീഗിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിനെ നയിച്ച കരുത്തുമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 1995- 2000 കാലഘട്ടത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് അംഗമായിരുന്നു. മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ഥി എന്നതും എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തി എന്നതും സി.പി ചെറിയ മുഹമ്മദിന്റെ കരുത്താണ്. 2006ലും 2011ലും 2016ലും ഇദ്ദേഹം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇത്തവണയാണ് നറുക്കു വീണത്. ഗെയില്‍ ഇരകളുടെ സംയുക്ത സമരസമിതി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം വഹിക്കുന്ന സി.പി എരഞ്ഞിമാവ് കേന്ദ്രീകരിച്ചു നടന്ന ഗെയില്‍ ഇരകളുടെ സമരത്തിനും നേതൃത്വം നല്‍കി. കളിക്കളത്തില്‍ നിന്ന് കുതിപ്പാരംഭിച്ച് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കായിക പ്രതിഭയാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രാക്കില്‍ എല്‍.ഡി.എഫിന് വേണ്ടി പോരാട്ടത്തിനിറങ്ങിയ 28കാരനായ ലിന്റോ ജോസഫ്. സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും തിരുവമ്പാടി ബ്ലോക്ക് ട്രഷററുമായ ലിന്റോ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലാത്ത എന്‍.ഡി.എക്ക് വേണ്ടി ബേബി അമ്പാട്ടാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിയാണ് മത്സരിക്കുന്നത്. 25 വര്‍ഷത്തോളം വിലങ്ങാട് സര്‍വിസ് ബാങ്ക് സെക്രട്ടറിയായിരുന്ന ബേബി അമ്പാട്ട് ബി.ജെ.പി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് മെംബര്‍, സംസ്ഥാന സെക്രട്ടറി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments are closed for this post.