
ജിദ്ദ: രാജിവച്ച ലബനോന്‍ പ്രധാനമന്ത്രി സആദ് ഹരീരി സഊദിയുടെ തടവിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. സആദ് ഹരീരിക്ക് എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് നിന്ന് പുറത്ത് പോകാം. ഹിസ്ബുല്ല ലബനോനെ റാഞ്ചിയിരിക്കുകയാണെന്നും ജുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രഞ്ച് വിദേശ കാര്യമന്ത്രി ജീന്‍ യെസ് ലേഡ്രിയാന് കഴിഞ്ഞ ദിവസം സഊദിയിലെത്തിയിരുന്നു. ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ മാധ്യമങ്ങളെ കണ്ടത്. ഒരു രാഷ്ട്രീയ നേതാവായ ഹരീരിയെ സഊദി തടവില്‍ വച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. എന്തടിസ്ഥാനത്തിലാണ് അത് പറയുന്നതെന്നുമറിയില്ല. അതെല്ലാം തെറ്റായ പ്രചാരണങ്ങളാണ്-ജുബൈര്‍ പറഞ്ഞു.
ലബനോനില്‍ ഹിസ്ബുല്ല അട്ടിമറിക്ക് ശ്രമിക്കുകയാണ്. ലോകം ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായി കരുതുന്നു. സായുധ നീക്കങ്ങള്‍ അവസാനിപ്പിക്കണം. ചെറുത്തുനില്‍പ്പിനാണ് ആയുധങ്ങളെന്ന് അവര്‍ പറയുന്നു. യമനിലും സിറിയയിലും അവര്‍ എന്തു ചെറുത്തു നില്പാണ് നടത്തുന്നത്. ഹരീരി സഊദിയുടെ അടുത്ത സുഹൃത്താണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.