2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുത്തന്‍ തട്ടിപ്പ് അപ്‌ലോഡഡ്; ലക്ഷ്യം വാട്‌സ്ആപ്പ് ഉപയോക്താക്കള്‍

ജാഫര്‍ കല്ലട

നിലമ്പൂര്‍: വാട്‌സാപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പില്‍നിന്ന് അല്‍പം മാറ്റി പ്രൊഫഷണല്‍ രീതിയിലാണ് ഇടപെടല്‍. സംശയം തോന്നാതിരിക്കാന്‍ പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്‌സാപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വിസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പുകാര്‍ സമര്‍ത്ഥിക്കുന്നു. തട്ടിപ്പിലേക്ക് വീഴ്ത്താനായി വാട്‌സാപ്പ് വിന്നേഴ്‌സ് സര്‍ട്ടിഫിക്കറ്റും അയച്ചുകൊടുക്കും. സീലും, ഒപ്പും, ബാര്‍ കോഡും, ക്യൂ ആര്‍ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്പരും അടക്കം നല്‍കിയിരിക്കും. കൂടെ ലോട്ടറി നമ്പറും, ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പരും ഇതിലുണ്ടാകും.

ഇത് കുരുക്കാണെന്നും, വാട്‌സാപ്പ് വിന്നേഴ്‌സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ.ആര്‍ കോഡും, മറ്റും ഒരു കാരണവശാലും സ്‌കാന്‍ ചെയ്യരുതെന്നും പൊലിസ് പറയുന്നു. വിവരങ്ങള്‍ക്കായി സ്‌കാന്‍ ചെയ്താല്‍ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഇമെയില്‍ ഐ.ഡി. ലക്കി ഡ്രോയില്‍ തെരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോണ്‍ നമ്പര്‍ തെരഞ്ഞെടുത്തു എന്നാക്കി പുതിയ രൂപത്തില്‍ ഇറക്കി. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് ലക്കിഡ്രോ എന്ന പേരില്‍ വാട്‌സാപ്പ് വഴി നടക്കുന്നത്. ഇത് വ്യാജമാണെന്നും തട്ടിപ്പില്‍ വീഴരുതെന്നും കൊച്ചി സിറ്റി പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പൊലിസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടുന്നുണ്ട്. ഇതോടെയാണ് മുന്നറിയിപ്പുമായി പൊലിസ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ ബോധവല്‍കരണം നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.