
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച തുടങ്ങും. നിയമസഭാ സമ്മേളനം സമാപിക്കുന്നതോടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനാണ് തീരുമാനം.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 87, ലീഗ് 24, കേരളാ കോണ്‍ഗ്രസ് (എം) 15, ലോക് താന്ത്രിക് ജനതാദള്‍ ഏഴ്, ആര്.എസ്.പി നാല്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി ഓരോന്നു വീതം എന്നിങ്ങനെയായിരുന്നു 2016ലെ യു.ഡി.എഫിലെ സീറ്റ് നില. ഇതില്‍ ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും മുന്നണി വിട്ടു. ജോസ് കെ. മാണി ഇടതുമുന്നണിയിലേക്കു പോയെങ്കിലും കരുത്തു ചോര്‍ന്നില്ലെന്ന് അവകാശപ്പെടുന്ന പി.ജെ ജോസഫ്, കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച 15 സീറ്റും വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 10 സീറ്റില്‍ കൂടുതല്‍ നല്കാന് കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇത്തവണ 30 സീറ്റ് വേണമെന്ന ആവശ്യം മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ മലബാറിലും തെക്കന്‍ കേരളത്തിലും ഓരോ സീറ്റ് കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഇതോടൊപ്പം വിജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകള്‍ തമ്മില്‍ വച്ചുമാറാമെന്ന നിര്‍ദേശവും ലീഗിനുണ്ട്. ആര്.എസ്.പിയും കേരള കോണ്‍ഗ്രസും (ജേക്കബ്) ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പുതുതായി മുന്നണിയിലെത്തിയ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കിയേക്കും.
Comments are closed for this post.