2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോൺഗ്രസ് സഖ്യം വേണ്ടെന്നുവച്ചത് കേരള ഘടകത്തിന് വഴങ്ങി ; സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ അപ്രസക്തമായി ബംഗാൾ ഘടകം

തിരുവനന്തപുരം
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസുമായി സഹകരണം വേണ്ടെന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനം കേരള ഘടകത്തിന്റെ നിർബന്ധത്തിന് വഴങ്ങി.
ഒരുകാലത്ത് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും വൻമേധാവിത്വമുണ്ടായിരുന്ന പശ്ചിമ ബംഗാൾ ഘടകം അപ്രസക്തമാവുന്നതിനും കേരള ഘടകത്തിന്റെ സമ്പൂർണാധിപത്യത്തിനും ഹൈദരാബാദിൽ നടന്ന സി.പി.എം നേതൃയോഗങ്ങൾ ഒരിക്കൽക്കൂടി സാക്ഷിയാവുകയുംചെയ്തു.

ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്നത് വർഷങ്ങളായുള്ള ബംഗാൾ ഘടകത്തിന്റെ ആവശ്യമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോടും ബി.ജെ.പിയോടുമാണ് സി.പി.എമ്മിന് ഏറ്റുമുട്ടാനുള്ളത്. ഈ സാഹചര്യത്തിൽ ബംഗാൾ ഘടകത്തിന്റെ ആവശ്യം ന്യായവുമാണ്.

എന്നാൽ ബി.ജെ.പിക്ക് കാര്യമായ റോളില്ലാതിരിക്കുകയും കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരികയും ചെയ്യുന്ന കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യത്തെ കേരളം എതിർത്തത്.
സംസ്ഥാനത്ത് ഒരു എം.എൽ.എപോലും ഇല്ലാത്തവിധം സി.പി.എം തകർന്നടിഞ്ഞതോടെ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനും ബംഗാൾ ഘടകത്തിന് കഴിയാതെ വന്നു. മറിച്ച് ചരിത്ര വിജയത്തോടെ സി.പി.എമ്മിന് ഭരണത്തുടർച്ച ലഭിച്ചത് കേരള ഘടകത്തിന്റെ ശബ്ദത്തിന് ശക്തികൂടാനും കാരണമായി.

   

ബംഗാളിൽ അവസാനമായി നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേന്ദ്രനേതൃത്വത്തിന്റെ അനുവാദത്തോടെ കോൺഗ്രസുമായി സഹകരിച്ചാണ് സി.പി.എം മത്സരിച്ചത്. ഈ രണ്ടു തെരഞ്ഞെടുപ്പിലും മമതാ ബാനർജിയുടെ തേരോട്ടത്തിന് മുന്നിൽ ഇരുകക്ഷികളും അപ്രസക്തമാവുകയുംചെയ്തു.

മോദിക്ക് ഭരണത്തുടർച്ച ലഭിച്ച കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു എം.പിയെ മാത്രമാണ് സി.പി.എമ്മിന് വിജയിപ്പിക്കാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ കോൺഗ്രസുമായി ഇടതുപക്ഷം സഹകരിച്ചാൽ സംസ്ഥാനത്തെ സംഘടനയുടെ പ്രസക്തിതന്നെ നഷ്ടമാവുമെന്നാണ് കേരളാ ഘടകം വാദിച്ചത്. എന്നാൽ മത നിരപേക്ഷ വിഷയങ്ങളിൽ കോൺഗ്രസിന്റെ സമീപനം നേർദിശയിലല്ലെന്നും കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും വിലയിരുത്തിയാവും കോൺഗ്രസുമായുള്ള സഹകരണം നിരാകരിച്ചതിനെ പാർട്ടി ഔദ്യോഗികമായി വിശദീകരിക്കുക.
വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പ്രാദേശിക കക്ഷികളെ ഉൾപ്പെടുത്തി കോൺഗ്രസ് രഹിത ബി.ജെ.പി വിരുദ്ധ ചേരി രൂപീകരിക്കുന്നതിനും സി.പി.എമ്മിൽ ആലോചനയുണ്ട്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിലയിരുത്തൽ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.