2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇനി വേണം സ്വന്തം ലോക്ക്ഡൗണ്‍

ജേക്കബ് ജോര്‍ജ്

 

കൊവിഡ് അഴിഞ്ഞാടുകയാണ്, മനുഷ്യജീവനും സമൂഹത്തിനു തന്നെയും കൊടിയ ഭീഷണി വിതച്ചുകൊണ്ട്. കേരളമെന്നല്ല, ഇന്ത്യയെന്നു മാത്രമല്ല, ലോകരാജ്യങ്ങളൊക്കെയും കടുത്ത കൊവിഡ് ഭീഷണിയിലാണ്. മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന രീതിയില്‍ ഈ മഹാമാരി ഭീകരമായ തരത്തില്‍ സംഹരാതാണ്ഡവമാടുമ്പോള്‍ മനുഷ്യനെന്തു ചെയ്യാനാവും?
ഇന്ത്യയില്‍ ദിവസം രണ്ടുലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇത് തികച്ചും ഏകദേശ കണക്കാണെന്ന കാര്യത്തില്‍ സംശയമില്ല. പൊതുജനങ്ങളില്‍ നടത്തുന്ന കൊവിഡ് ടെസ്റ്റുകളില്‍ പോസിറ്റീവാകുന്ന കേസുകള്‍ മാത്രമേ രേഖയില്‍ കയറുന്നുള്ളൂ.

അത് ഔദ്യോഗിക ലിസ്റ്റായി വരുന്നു. ലിസ്റ്റിനപ്പുറത്ത് ടെസ്റ്റിനു വിധേയരല്ലാത്തവര്‍ എത്രയധികം പേരുണ്ടാവും. യാതൊരു ലക്ഷണവുമില്ലാതെ കൊവിഡ് പിടിക്കുന്നവരും ധാരാളമായി നമുക്കു ചുറ്റും തീര്‍ച്ചയായുമുണ്ടാവും. ഒരു നല്ല പങ്ക് ആളുകള്‍ക്ക് അവരറിയാതെ രോഗം വന്നുപോകാന്‍ സാധ്യതകളേറെയുണ്ട്. അവര്‍ രോഗം വന്ന കാര്യം അറിയാന്‍ സാധ്യതയില്ലെങ്കിലും ഇതറിയാതെ പുറത്തിറങ്ങി നടക്കുകയും മറ്റുള്ളവരിലേയ്ക്കു രോഗം പകരാന്‍ കാരണക്കാരാവുകയും ചെയ്യും.ഒരു വര്‍ഷം മുന്‍പുള്ള വ്യാപനത്തെ അപേക്ഷിച്ച് കേരളത്തില്‍ അതിവേഗത്തിലാണ് ഇപ്പോള്‍ കൊവിഡ് പരക്കുന്നതെന്ന കാര്യം വളരെ പ്രധാനമാണ്. ഓരോ ദിവസവും വലിയ തോതില്‍ രോഗമുണ്ടാവുന്നു. ഇക്കഴിഞ്ഞ 11-ാം തിയതി 2358 പേര്‍ക്ക് കൊവിഡ് പിടിപെട്ടുവെങ്കില്‍ പിറ്റേന്ന് അത് 5692 ആയി. 13-ാം തിയതി 7515 ആയി പ്രതിദിന രോഗബാധ. 14-ാം തിയതി ഇത് 8778-ഉം 15-ാം തിയതി 8126-ഉം 16-ാം തിയതി 10,031-ഉം 17-ാം തിയതി 13,835-ഉം ആയി കുതിച്ചുയര്‍ന്നു. ഇന്നലെ (ഏപ്രില്‍ 18-ാം തിയതി) രോഗബാധിതരായവരുടെ എണ്ണം 18,257 പേര്‍! ഇതുണ്ടാക്കുന്ന ആരോഗ്യപ്രതിസന്ധി ചില്ലറയല്ല.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ആരംഭകാലഘട്ടത്തില്‍ രാജ്യമൊട്ടാകെ അടിച്ചേല്‍പ്പിച്ചത്. കേരളത്തിലും നിയന്ത്രണം കര്‍ശനമായിരുന്നു. അതിനാല്‍ സംസ്ഥാനത്ത് വളരെവേഗം കൊവിഡ് നിയന്ത്രണം സാധ്യമാവുകയായിരുന്നു. മഹാമാരിയുടെ രണ്ടാം വരവില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു വന്നിരിക്കുന്നു. രോഗം വലിയ വേഗതയില്‍ വ്യാപരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ രോഗബാധിതരാവുന്ന സ്ഥിതി. എന്താവും ഇതിന്റെ ഫലം.ആശുപത്രിയിലെ കിടക്കകള്‍ വളരെവേഗം നിറയുമെന്നതാണ് പെട്ടെന്നുണ്ടാവുന്ന ഭീഷണി. മെഡിക്കല്‍ സൗകര്യങ്ങളുടെ ലഭ്യത പെട്ടെന്നു കുറയുകയും ചെയ്യും. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിങ്ങനെയുള്ള ആരോഗ്യ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമതയും കുറയും. ഓക്‌സിജന്‍ പോലെ ജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളും വെന്റിലേറ്റര്‍ പോലെയുള്ള സജ്ജീകരണങ്ങളും ലഭ്യമല്ലാതാവും. മറ്റു രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രിസംവിധാനങ്ങള്‍ക്കും കഴിയാതെ വരും. ലഭ്യമായ പരിധികള്‍ക്കപ്പുറത്തേയ്ക്ക് ഈ ഘടകങ്ങളെയൊക്കെയും വലിച്ചു നീട്ടാവുന്നതല്ലെന്ന കാര്യമാണ് പ്രധാന വെല്ലുവിളി. കാര്യങ്ങള്‍ അതിന്റെ ഏറ്റവും കൂടിയ പരിധിയിലെത്തിയിരിക്കുന്നു എന്നു ചുരുക്കം.
ഇനിയെന്തു ചെയ്യും. മാനവികത ലോകമെങ്ങും നേരിടുന്ന ചോദ്യമാണിത്. കൊവിഡിനെ തുരത്താന്‍ ശാസ്ത്രലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഒന്നിച്ചു മുന്‍നിരയിലുണ്ട്. പല സംഘങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ ലോകമെമ്പാടും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. വാക്‌സിന്‍ വിതരണം ജനങ്ങളുടെ മനസില്‍നിന്നു കൊവിഡ് ഭീതി അകറ്റാന്‍ പോരുന്നതായിരുന്നു. പക്ഷേ മനുഷ്യന്റെ കണക്കുകൂട്ടലൊക്കെയും തെറ്റിച്ചുകൊണ്ട് മഹാമാരിയുടെ രണ്ടാം വരവ് കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിനു പ്രധാന കാരണം നിയമസഭാ തെരഞ്ഞെടുപ്പു തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ അത് മഹാമാരിക്കറിയില്ലല്ലോ. കൊവിഡിന്റെ കാര്യം മനുഷ്യര്‍ക്കറിയുകയും ചെയ്യാം. വിവരമുള്ള ജനങ്ങളാണ് സുരക്ഷയ്ക്ക് വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. കൊവിഡിനെ തുരത്താന്‍ വ്യക്തവും ശക്തവുമായ പ്രതിവിധികള്‍ അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, അകലം പാലിക്കല്‍ എന്നിങ്ങനെ. ഇതൊക്കെയും കൃത്യമായി പാലിച്ചാല്‍ രോഗവ്യാപനം വളരെയധികം കുറയ്ക്കാനാവുമെന്നു കേരളം തെളിയിച്ചിതാണ്. ഇവിടെ ദിവസേനയുള്ള വ്യാപനം സംസ്ഥാനത്തൊട്ടാകെ ആയിരത്തിനടുത്തുവരെ താണു വന്നതാണ്. അവിടെ നിന്നാണ് ഈ കുതിപ്പുണ്ടായതെന്ന് നാം കുറ്റബോധത്തോടെ തന്നെ കാണണം. ഇപ്പോഴത്തെ കൊവിഡ് കുതിപ്പിനു പ്രധാനകാരണം തെരഞ്ഞെടുപ്പു പ്രചാരണവേളയിലെ തിക്കും തിരക്കുമാണെന്നു പറയാമെങ്കിലും വ്യാപനത്തിനു കാരണക്കാരായത് ജനങ്ങളാണെന്ന സത്യം അവശേഷിക്കുന്നു. പ്രചാരണ കാലത്ത് സംസ്ഥാനത്ത് ഒരു നിയന്ത്രണവും നിലവിലില്ലായിരുന്നു. ഏതെങ്കിലും തരത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നേതാക്കളാരും ജനക്കൂട്ടത്തെ ഓര്‍മിപ്പിച്ചില്ല. അധികൃതരും ഇതു സംബന്ധിച്ച് അറിയിപ്പൊന്നും പുറപ്പെടുവിച്ചില്ല. വ്യാപന നിരക്ക് ദിവസേന കുറയുന്നതുകണ്ട് ജനങ്ങള്‍ പരക്കെ ആശ്വാസം കൊള്ളുകയും കൊറോണ അതിന്റെ വഴിക്ക് പോവുകയാണെന്ന ധാരണ പരക്കുകയും ചെയ്തു.
കേരളത്തേക്കാള്‍ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാവുകയാണ്. ആശുപത്രികളൊക്കെ നിറഞ്ഞു കവിയുന്നു. വെന്റിലേറ്ററുകള്‍ ഇല്ലാതാവുന്നു. പലേടത്തും ഓക്‌സിജന് ക്ഷാമമായി തുടങ്ങിയിരിക്കുന്നു. രോഗികളുടെ എണ്ണം കൂടുന്തോറും ആശുപത്രി സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വളരെവേഗം കുറയുകയും ചെയ്യും. ഇത് മരണനിരക്ക് വളരെ വേഗം ഉയര്‍ത്തും. ഇപ്പോള്‍ത്തന്നെ ഡല്‍ഹിയില്‍ പോലും മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങള്‍ കൃത്യമായി ദഹിപ്പിക്കാനാവാതെ വന്നിരിക്കുന്നു. മൂന്നും നാലും മൃതദേഹങ്ങള്‍ ഒന്നിച്ചു ദഹിപ്പിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. ഗുജറാത്ത് പോലെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമായി കഴിഞ്ഞു.

കേരളത്തിന്റെ ഏക ആശ്വാസം മരണനിരക്ക് വര്‍ധിക്കുന്നില്ല എന്നതാണ്. കൊവിഡിന്റെ രണ്ടാം വരവില്‍ മരണനിരക്ക് 25-27 വരെ ഉയര്‍ന്നിട്ടുണ്ട്. ഇതത്ര കൂടുതലൊന്നുമല്ല. പക്ഷേ മരണനിരക്ക് എപ്പോള്‍ വേണമെങ്കിലും ഉയരാവുന്നതേയുള്ളൂ. മരണനിരക്ക് കൂടുന്നത് ആരോഗ്യസംവിധാനങ്ങള്‍ ദുര്‍ബലമാവുമ്പോഴാണ്. ഇപ്പോള്‍ത്തന്നെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇതൊക്കെ സാധ്യമാവൂ.

ലോകമെങ്ങും കൊവിഡിന്റെ രണ്ടാം വ്യാപനം വളരെ വേഗത്തിലായിരിക്കുന്നുവെന്നതും പ്രധാനമാണ്. ജനിതകമാറ്റം സംഭവിച്ച വൈറസുകളാണ് ഈ വ്യാപനത്തിനു കാരണമെന്നും അതുകൊണ്ടാണ് വ്യാപനത്തിന് ഇത്ര വേഗതയെന്നും വിദഗ്ധന്മാര്‍ പറയുന്നുണ്ട്. ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ വന്നാല്‍ പ്രശ്‌നം തീരുമെന്നു പറഞ്ഞവരുമുണ്ടായിരുന്നു. ഒരു സമൂഹത്തിലെ ജനസംഖ്യയില്‍ പകുതി പേര്‍ക്ക് കൊവിഡ് വന്നു കഴിഞ്ഞാല്‍ മൊത്തം സമൂഹത്തിന് ഒരു ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ കിട്ടുമെന്നും അതു വ്യാപനത്തെ തടയുമെന്നുമാണ് ഈ സിദ്ധാന്തം. രോഗം പിടിപെട്ടുണ്ടാവുന്ന പ്രതിരോധം ലഭിക്കുന്നവരും വാക്‌സിനേഷന്‍ വഴി പ്രതിരോധം സിദ്ധിക്കുന്നവരും കൂടി ഇങ്ങനെ ഒരു സമൂഹത്തില്‍ 50 ശതമാനത്തോളം പേര്‍ക്ക് രോഗപ്രതിരോധശേഷിയുണ്ടായാല്‍ പേടിക്കേണ്ടതില്ലെന്നാണ് ഈ സിദ്ധാന്തത്തിന്റെ അര്‍ഥം. പക്ഷേ, എത്രകണ്ട് ഫലപ്രദമാവുമെന്നു പറയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ സംഹാരതാണ്ഡവത്തിനൊരുമ്പെട്ടിറങ്ങിയിരിക്കുമ്പോള്‍ പ്രത്യേകിച്ച്.

ഇനിയന്തൊണൊരു വഴി. ഓരോരുത്തരും സ്വന്തം സുരക്ഷിതത്വത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കുക എന്നതാണ് ഒരേയൊരു വഴി. അനാവശ്യ യാത്രകളൊക്കെയും ഒഴിവാക്കിയാല്‍ത്തന്നെ പ്രശ്‌നം പരമാവധി പരിഹരിക്കാം. തിരക്കിലേയ്ക്ക് കടക്കാതിരിക്കുക. അധികൃതര്‍ പറയുന്ന പ്രതിവിധികളൊക്കെയും കര്‍ശനമായി പാലിക്കുക. സ്വയം ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. ഓരോരുത്തരുടെയും സുരക്ഷിതത്വം സമൂഹത്തിന്റെ മൊത്തം സുരക്ഷിതത്വമായി മാറുന്നതു കാണാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.