2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കിറ്റി’ലൊതുങ്ങാത്ത പോരാട്ടം

ടി.കെ ജോഷി

പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരര്‍ഥത്തില്‍ അപ്രതീക്ഷിതമായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം. ഇനി ജനവിധിക്ക് മുന്‍പിലുള്ളത് 34 ദിവസമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി പോലും തെരഞ്ഞെടുപ്പ് ഇത്രവേഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അടിവരയിടുന്നതാണ് സംസ്ഥാന പ്രസിഡന്റ് നടത്തുന്ന പാതിവഴിയില്‍ ‘കുടുങ്ങിയ’ വിജയയാത്ര. ഇനിയും യാത്ര നീണ്ടാല്‍ അതു തെരഞ്ഞെടുപ്പ് പരാജയത്തിനുള്ള യാത്രയാകുമോയെന്ന ആശങ്ക ഇപ്പോള്‍തന്നെ ഉടലെടുത്തിട്ടുമുണ്ട്. ഫോട്ടോഫിനിഷ് എന്നു പറയാവുന്നത് എല്‍.ഡി.എഫിന്റെ കാര്യത്തിലാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ടു ജാഥകളായിരുന്നു ഇടതുമുന്നണി നടത്തിയത്. രണ്ടും സമാപിച്ച അന്നുതന്നെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം മുതല്‍ സക്രിയമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് ഇടതുമുന്നണി കടക്കുകയും ചെയ്തു. 15ാം നിയമസഭാ തെരഞ്ഞെടുപ്പിന് അണികളെയും മുന്നണിയെയും സജ്ജമാക്കാന്‍ ആദ്യം യാത്രയുമായി പുറപ്പെട്ടത് യു.ഡി.എഫാണ്. ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്നാണ് യു.ഡി.എഫ് നേരത്തെ ഒരുക്കം തുടങ്ങിയതും യാത്ര ആരംഭിച്ചതും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രചാരണത്തിന്റെ ചുക്കാന്‍പിടിക്കാന്‍ എത്തിയതും എം.പി സ്ഥാനം രാജിവച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതുമെല്ലാം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളായിട്ടുവേണം കാണാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ചതുവരെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ തിരിച്ചടിക്ക് ഒരു കാരണം ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടായിരുന്നു. അതിനാല്‍തന്നെ യു.ഡി.എഫിന്റെ പ്രചാരണ വിഷയങ്ങളിലൊന്ന് ശബരിമല ആയത് സ്വഭാവികം. ഇത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനും മറ്റുമെടുത്ത തീരുമാനങ്ങള്‍. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ആരംഭിച്ച ഐശ്വര്യ കേരളയാത്ര ശംഖുമുഖം കടപ്പുറത്ത് സമാപിച്ചപ്പോഴും സര്‍ക്കാര്‍ വിവാദങ്ങളുടെ ആഴക്കടലില്‍ അകപ്പെട്ടു. ആഴക്കടലിലെ രാഹുല്‍ ഗാന്ധിയുടെ പ്രകടനംകൂടി വിലയിരുത്തുമ്പോള്‍ കേരളം സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കണ്ടിട്ടില്ലാത്തെ ഒരു പേരാട്ടത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.

എല്‍.ഡി.എഫിന്റെ മുദ്രാവാക്യം തുടര്‍ഭരണമെന്നാണ്. നയിക്കുന്നത് മുഖ്യമന്ത്രി പിണറായിയും. കേരളത്തില്‍ അത്ര പെട്ടന്ന് വേരുപിടിക്കുന്നതല്ല തുടര്‍ഭരണ സങ്കല്‍പം. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളം ബൂത്തിലെത്തി രേഖപ്പെടുത്തിയതെല്ലാം ഭരണവിരുദ്ധ വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും തുടര്‍ഭരണത്തില്‍ ഉറച്ചുവിശ്വസിക്കുന്നു. ഭരണത്തിന്റെ അവസാന വര്‍ഷം ചൈനയില്‍നിന്ന് കടന്നുവന്ന കൊറോണ വൈറസ് തന്നെയാണ് എല്‍.ഡി.എഫിന്റെ ഈ തുടര്‍ഭരണ പ്രതീക്ഷയ്ക്കു ചിറകുകള്‍ മുളപ്പിച്ചത്. ലോകം കൊവിഡിനു മുന്നില്‍ പകച്ചുനിന്നപ്പോള്‍ കേരളത്തില്‍ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞുവെന്ന പ്രതീതിയുണ്ടാക്കി. പിന്നീട് ഏറ്റവും കൂടുതല്‍ രോഗികളും രോഗവ്യാപനവുമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെങ്കിലും ഒരു പ്രതിസന്ധി കാലത്ത് എങ്ങനെയായിരിക്കണം ഒരു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കരുതല്‍ എന്നു ബോധ്യപ്പെടുത്താന്‍ ഈ മഹാമാരിക്കായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കനത്ത രാഷ്ട്രീയ തിരിച്ചടിയില്‍ പതറിയിരുന്ന എല്‍.ഡി.എഫിനു ചെറിയ ആശ്വാസമായിരുന്നില്ല ഈ പ്രചാരണം നല്‍കിയത്. എന്നാല്‍ പിന്നാലെയെത്തിയ സ്വര്‍ണക്കടത്ത് കേസും അഴിമതിക്കഥകളും എല്‍.ഡി.എഫിന്റെ തുടര്‍ഭരണ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തീര്‍ത്ത പത്മവ്യൂഹത്തിനുള്ളില്‍ മുഖ്യമന്ത്രി തന്നെ അകപ്പെടുമെന്ന് കരുതിയവര്‍ ഏറെ. ഇവിടെയാണ് യു.ഡി.എഫ് പ്രതീക്ഷ മൊട്ടിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ എം. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. പിന്നാലെ ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ ക്രമക്കേട്, സ്പ്രിംഗ്ലര്‍, ബ്രൂവെറി അനുവദിക്കല്‍, സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തല്‍, പ്രളയ ഫണ്ട് തട്ടിപ്പ്, പൊലിസ് നിയമഭേദഗതി, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തുടങ്ങി ഒട്ടനവധി ആരോപണങ്ങള്‍ കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനായി. അഴിമതി ആരോപണങ്ങളെ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞുവെങ്കിലും പിന്നീട് വിവാദ കരാറുകള്‍ റദ്ദ് ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തത് പ്രതിപക്ഷ ആരോപണത്തില്‍ ശരിയാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതായിരുന്നു. എന്നാല്‍ ക്രമവിരുദ്ധ ഇടപാടുകള്‍ക്കെല്ലാം പിന്നില്‍ ഒരുപറ്റം ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനും കഴിഞ്ഞു. ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കങ്ങളായി മാറ്റാന്‍ സി.പി.എമ്മിനും സൈബര്‍ പോരാളികള്‍ക്കുമായി എന്നതാണ് ഇടതുവിജയം. ഇതോടൊപ്പം തീയണയാന്‍ തുടങ്ങിയ അടുക്കളയിലേക്ക് സര്‍ക്കാര്‍ എത്തിച്ച സൗജന്യ ഭക്ഷ്യകിറ്റിനെ കാണാതെ വിവാദങ്ങള്‍ സ്വപ്നംകണ്ട് യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ തിരിച്ചടിയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ സൗജന്യ കിറ്റ് തുടരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനവും.

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ മണ്ണില്‍ യാഥാര്‍ഥ്യമാകില്ലെന്ന് അടുത്തിടെയാണ് സി.പി.എം പ്രഖ്യാപിച്ചതെങ്കിലും കേരളത്തില്‍ തുടര്‍ഭരണ സാധ്യതകള്‍ നിലനില്‍ക്കണമെങ്കില്‍ മത, സമുദായ സംഘടനകളുടെ പിന്തുണ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ഈ നീക്കവും പാര്‍ട്ടി നേരത്തെ ആരംഭിച്ചിരുന്നു. ലീഗിനെ ശക്തമായി എതിര്‍ത്തും കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണിയെ മുന്നണിയില്‍ എടുത്തും ക്രിസ്തീയ വോട്ടുകളില്‍ സ്വാധീനം ചെലുത്താനായി. മുന്നോക്ക സംവരണം, സഭാ കേസുകള്‍, നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തല്‍, ശബരിമല, പൗരത്വ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങി ഭരണത്തിന്റെ അവസാനഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ വോട്ടുരാഷ്ട്രീയം ലക്ഷ്യം വച്ചുള്ളതായിരുന്നു.

11 കക്ഷികളുള്ള ഇടതുപക്ഷം ഒരു മുന്നണിക്കപ്പുറം വ്യത്യസ്ത നിലപാടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ വലിയ ഒരു കൂട്ടായ്മയാണിപ്പോള്‍. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും വീരേന്ദ്ര കുമാര്‍ നേതൃത്വം നല്‍കിയ എല്‍.ജെ.ഡിയും ഇടതുമുന്നണിയില്‍ എത്തിയത് ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തിലേക്കുള്ള ഏതു മാര്‍ഗത്തെയും സാധൂകരിക്കുമെന്നതിനുള്ള തെളിവുകളായിരുന്നു. 2006ലെ തെരഞ്ഞെടുപ്പ് മുതല്‍ കേരളം ഇടതുമുന്നണിക്ക് അനുകൂലമായി എന്നും കാണാതിരിക്കരുത്. 2011ല്‍ വി.എസ് സര്‍ക്കാര്‍ തുടര്‍ഭരണത്തിന് അടുത്തെത്തിയിരുന്നു. മൂന്നു സീറ്റിനാണ് ഭരണം നഷ്ടമായത്. പിന്നീടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ശേഷം വീണ്ടും 2016ല്‍ 91 സീറ്റുമായി അധികാരത്തില്‍ വന്നു.

സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരികയും സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയും ചെയ്ത അഴിമതി ആരോപണങ്ങള്‍, സെക്രട്ടേറിയറ്റ് പടിക്കല്‍ തുടരുന്ന പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ സമരങ്ങള്‍, മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന സ്വജനപക്ഷപാതം, രാജി, മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി, പൊലിസ് നിയമഭേദഗതി പോലുള്ള നിയമങ്ങള്‍, അതിലുപരി ചെന്നിത്തലക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വം ഇതെല്ലാമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കേരളത്തില്‍ ഭരണത്തിലെത്തുക എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആവശ്യവുമായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലെ രാഹുലിന്റെ ഇടപെടലും നിര്‍ണായകമായിരിക്കും.

ഇത്തവണയില്ലെങ്കില്‍ ഇനി എപ്പോള്‍ എന്നതാണ് ബി.ജെ.പിയിലെ ചിന്ത. നേമത്തെ തുടര്‍ച്ച 10 ഇടത്തെങ്കിലുമാണ് എന്‍.ഡി.എ സ്വപ്നം കാണുന്നത്. ബി.ജെ.പിക്ക് 25,000നു മുകളില്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ അണികളും പ്രാദേശിക നേതൃത്വങ്ങളും എടുക്കുന്ന നിലപാട് എന്തു ഫലം ചെയ്യുമെന്നത് നിര്‍ണായകമായിരിക്കും. ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും എല്‍.ഡി.എഫിനു കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളാണ് പറയുന്നത്. യു.ഡി.എഫ് കണക്കുകൂട്ടലിലും അമിത ആത്മവിശ്വാസമില്ല, ഭരണം തിരിച്ചുപിടിക്കാനുള്ള സീറ്റ് നേടുമെന്നാണ് മുന്നണി നേതാക്കള്‍ പറയുന്നത്. അങ്ങനെയാകുമ്പോള്‍ എന്‍.ഡി.എയ്ക്ക് എത്ര സീറ്റായാലും അത് 15ാം സഭയില്‍ നിര്‍ണായകമാകാനാണു സാധ്യത.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.