
കോഴിക്കോട്: അണ്റിസര്വ്ഡ് ട്രെയിന്‍ യാത്രയ്ക്ക് മലയാളി ഇനിയും കാത്തിരിക്കേണ്ടിവരും. ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യത്തിലും ടിക്കറ്റ് റിസര്‍വ് ചെയ്യാതെ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്ര അനുവദിക്കുന്നതിലും റെയില്‍വേ തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ്.
റെയില്‍വേയുടെ വടക്കന്‍ മേഖലയില്‍ 35 അണ് റിസര്‍വ്ഡ് ട്രെയിനുകള്‍ ഓടിക്കാന്‍ നടപടിയായി. മെമു, എമു എന്നിവ ഉള്‍പ്പെടെയാണിത്.
എന്നാല്‍ കേരളത്തില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ട്രെയിനുകള്‍ ഓടാന്‍ മെയ് വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള എക്സ്പ്രസ് ട്രെയിനുകളിലെല്ലാം ടിക്കറ്റ് റിസര്‍വ് ചെയ്ത് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഈ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാതെ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി ഉള്‍പ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചതും പ്രയാസമുണ്ടാക്കുന്നു. റിസര്‍വേഷന്‍ സംവിധാനത്തിലൂടെ സര്‍വീസ് ആയതോടെയും യാത്രക്കാര്‍ കുറഞ്ഞതുകാരണവുമാണ് സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചതെന്നാണ് റെയില്‍വേ പറയുന്നത്.
ടിക്കറ്റ് റിസര്‍വേഷന്‍ ഇല്ലാതെ സര്‍വീസ് തുടങ്ങിയാലും റദ്ദാക്കിയ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം തുടങ്ങിയ ചില ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാന്‍ ആലോചിക്കുന്നതായും റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
കൊവിഡ് രൂക്ഷമാകുന്നതിന്റെ പേരിലാണ് ടിക്കറ്റ് റിസര്‍വേഷന്‍ ഇല്ലാത്ത യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നതെങ്കിലും സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാനുള്ള അജണ്ടയാണ് യഥാര്‍ഥ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ട്രെയിനുകളില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ, റിസര്‍വ് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് കൊടുക്കുന്ന റെയില്‍വേ, കൊവിഡിനെ പഴിപറഞ്ഞ് അണ് റിസര്‍വ്ഡ് ട്രെയിനുകള്‍ ഓടിക്കാത്തത് ഇരട്ടത്താപ്പാണെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.