2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉവൈസിയല്ല; മാറേണ്ടത് കോണ്‍ഗ്രസ് നയങ്ങളാണ്

ഫൈസല്‍ കോങ്ങാട്

 

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേടിയ വിജയത്തെക്കാള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെക്കുറിച്ചാണ്. വളരെ ലളിതമായി ഇതിനു പിന്നിലെ കാരണം തിരക്കിയിറങ്ങിയാല്‍ രാജ്യത്തിന്റെ വീണ്ടെടുപ്പ്, മോചനം കോണ്‍ഗ്രസിലൂടെ സാധ്യമെന്ന് ചിന്തിക്കുന്ന വലിയൊരു ജനവിഭാഗം ഇപ്പോഴുമുണ്ടെന്ന് തന്നെയായിരിക്കും ഉത്തരം. എന്നാല്‍, കൃത്യമായ ആത്മപരിശോധനയ്ക്കു പകരം മറ്റുള്ളവര്‍ക്കു മേല്‍ ആരോപണങ്ങള്‍ ചാര്‍ത്തി ഒഴിഞ്ഞുമാറുകയാണ് എല്ലാ കാലത്തുമെന്ന പോലെ ബിഹാറിലും കോണ്‍ഗ്രസ് ചെയ്തത്. അസദുദ്ദീന്‍ ഉവൈസിയാണ് പ്രശ്‌നമെന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. വ്യക്തമായ കണക്കുകള്‍ പരിശോധിക്കുകയോ രാഷ്ട്രീയ വിശകലനങ്ങളോ നടത്താതെയായിരുന്നു ദയനീയ പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം മത്സരിച്ച 20 സീറ്റുകളില്‍ ആറെണ്ണത്തിലാണ് എന്‍.ഡി.എ വിജയിച്ചത്. ഇതില്‍ അഞ്ചിലും എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷമാണ് അവര്‍ക്കുള്ളത്. അതായത്, എ.ഐ.എം.ഐ.എം മത്സരിച്ചിട്ടില്ലെങ്കിലും അവിടങ്ങളില്‍ എന്‍.ഡി.എ ജയിക്കുമായിരുന്നു. ഈ സീറ്റുകളില്‍ എന്‍.ഡി.എയെ പരാജയപ്പെടുത്തുന്നതില്‍ മഹാസഖ്യത്തിനാണ് വീഴ്ച സംഭവിച്ചത് എന്നതിനു മറ്റു തെളിവുകള്‍ വേണ്ടതില്ല. തീവ്രവാദ പശ്ചാത്തലമുള്ള ദുര്‍ഗ വാഹിനിയുടെ നേതാവായിരുന്ന ആളെയാണ് ആര്‍.ജെ.ഡി ഷേര്‍ഘട്ടിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത്. മൗലികവാദവും വോട്ടുചോര്‍ച്ചയും നിരന്തരം ചര്‍ച്ച ചെയ്ത് ഒടുവില്‍ ഉവൈസിക്കുമേല്‍ പാപഭാരം അടിച്ചേല്‍പ്പിച്ചപ്പോള്‍ താല്‍കാലിക ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും സ്പഷ്ടമായ കണക്കുകള്‍ കോണ്‍ഗ്രസിനെ വേട്ടയാടുക തന്നെ ചെയ്യും.

ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ച ഛാട്ടപ്പൂര്‍, ബരാരി, പ്രാണ്‍പൂര്‍, നര്‍പട് ഗഞ്ച്, സാഹെബ് ഗഞ്ച്, റാണി ഗഞ്ച് എന്നിവിടങ്ങളിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതുപ്രകാരം ഛാട്ടപ്പൂരില്‍ ബി.ജെ.പിക്ക് 20,635 ആണ് ഭൂരിപക്ഷം. അവിടെ എ.ഐ.എം.ഐ.എം നേടിയത് വെറും 1,990 വോട്ടുകള്‍ മാത്രമാണ്. ബരാരിയില്‍ ജെ.ഡി.യു 10,438 വോട്ടിന്റ ഭൂരിപക്ഷം നേടിയപ്പോള്‍ എ.ഐ.എം.ഐ.എം 6,598 വോട്ടാണ് നേടിയത്. പ്രാണ്‍പൂരില്‍ ബി.ജെ.പിക്ക് 2,972 വോട്ടാണ് ഭൂരിപക്ഷം. എന്നാല്‍, എ.ഐ.എം.ഐ.എം 508 വോട്ട് മാത്രമാണ് ഇവിടെ കരസ്ഥമാക്കിയത്. നര്‍പട് ഗഞ്ചില്‍ ബി.ജെ.പിക്ക് 28,610 വോട്ടിന്റ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ എ.ഐ.എം.ഐ.എം നേടിയതാകട്ടെ 5,495 വോട്ടും. സാഹെബ് ഗഞ്ചില്‍ എന്‍.ഡി.എ ഘടക കക്ഷിയായ വി.ഐ.പി 15,333 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ ഉവൈസിയുടെ പാര്‍ട്ടി 4,055 വോട്ട് മാത്രമാണ് ആകെ നേടിയത്. റാണിഗഞ്ചില്‍ മാത്രമാണ് എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ലെങ്കില്‍ മഹാസാഖ്യം വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നത്. ഇവിടെ എന്‍.ഡി.എ 2,304 ഭൂരിപക്ഷം നേടിയപ്പോള്‍ എ.ഐ.എം.ഐ.എം 2,412 വോട്ടുകള്‍ നേടി. ഈ വോട്ട് ആര്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നെങ്കില്‍ മഹാസഖ്യം ഒരു സീറ്റില്‍ കൂടി വിജയിക്കുമായിരുന്നു.

കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഇടതുകക്ഷികള്‍ ഉള്‍ക്കൊള്ളുന്ന മഹാസഖ്യം തനിക്കു നേരെ മുഖം തിരിച്ചതോടെയാണ് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയെ പോലുള്ള ചെറുകക്ഷികളുമായി ചേര്‍ന്ന് എ.ഐ.എം.ഐ.എം 20 മണ്ഡലങ്ങളില്‍ മത്സരിച്ചതെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങളെ യഥാവിധി മനസിലാക്കാനും വിലയിരുത്താനും തയാറായില്ല. ഏറെ വൈകിയാണെങ്കിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ണുതുറപ്പിക്കുമെന്നു തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വയം വിമര്‍ശനം നടത്തണമെന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞത്. ഉവൈസിയുടെ സാന്നിധ്യത്തെ വിലകുറച്ചു കണ്ടെന്നും സത്യം അംഗീകരിച്ചേ പറ്റൂവെന്നും അന്‍വര്‍ നിലപാട് വ്യക്തമാക്കി. ബിഹാറിലെ മുന്നേറ്റത്തിനു പിന്നാലെ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വറുടെ പ്രസ്താവന. വരാനിരിക്കുന്ന തോല്‍വികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയതെന്നു വേണം വിലയിരുത്താന്‍.
എന്നാല്‍, മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയെ പോലെയായി ഉവൈസിയുടെ പാര്‍ട്ടിയെന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നുവച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ ഇരുട്ടില്‍ തപ്പുകയാണ്.

മതേതര പാര്‍ട്ടികളോടൊപ്പം ഉവൈസിയെ ചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പല മുതിര്‍ന്ന നേതാക്കളുടേയും നിലപാട്. ഇതിനു കാരണമായി പറയുന്നത് ഉവൈസി ശക്തമായി മതം പറയുന്നുവെന്നാണ്. മറാത്ത വാദമുയര്‍ത്തി തങ്ങളുടെ എതിര്‍ ചേരിയിലുള്ളവരെ തോക്കും കത്തിയും വടിവാളും ഉപയോഗിച്ച് അടിച്ചമര്‍ത്തി വളര്‍ന്നുവന്ന ശിവസേനയുമായി മഹാരാഷ്ട്രയില്‍ അധികാരം പങ്കിടാനോ സഖ്യം ഉണ്ടാക്കാനോ തീരുമാനിച്ച കോണ്‍ഗ്രസിന് ഉവൈസിയെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ ഉള്ള അര്‍ഹത തീരെയില്ല.

ഇന്ത്യയുടെ ജനാധിപത്യ വീണ്ടെടുപ്പിനു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് ശരണം, രാഹുല്‍ ശരണം എന്ന ഭജനയിലാണ്. ആ പ്രതീക്ഷകള്‍ക്കു മേലേയാണ് കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ട് പരത്തുന്നത്. ഉവൈസി വിഷയത്തില്‍ നിഷ്പക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത് താരീഖ് അന്‍വര്‍ ആയതുകൊണ്ട് സമൂഹത്തിനു കാര്യമായി പ്രതീക്ഷിക്കാനൊന്നുമില്ല. കാരണം കോണ്‍ഗ്രസ് നേതൃനിരയിലെ ഇതര ഗോപുരങ്ങള്‍ അത് അന്‍വറിന്റെ മാത്രം രോദനമായി മാത്രമേ കാണുന്നുള്ളൂ എന്നതുകൊണ്ടാണ് അങ്ങിനെ പറയേണ്ടി വരുന്നത്. മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ്, ഇനിയും തടയാനായില്ലെങ്കില്‍ ഇനിയൊരു അവസരം കോണ്‍ഗ്രസിന് ഉണ്ടായെന്നു വരില്ല.
ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു ജനവിഭാഗം വലിയ പ്രതീക്ഷയോടെ ഇപ്പോഴും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അതിവിദൂരമല്ലാത്ത ഭാവിയില്‍ ആ പ്രതീക്ഷകളെ തച്ചുടക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ കണ്ടറിയണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.