2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാവം മാര്‍ജാര ഹൃദയം

വി അബ്ദുല്‍ മജീദ്

തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന ചൊല്ല് നമ്മള്‍ മനുഷ്യര്‍ ഉണ്ടാക്കിയതാണ്. ഇതുവരെ ഒരു പൂച്ചയും അങ്ങനെ പറഞ്ഞിട്ടില്ല. സത്യത്തില്‍ പൂച്ചകള്‍ നമ്മള്‍ പറയുന്നതുപോലെയൊന്നുമല്ല. തീര്‍ത്തും നിഷ്‌കളങ്കരാണ്. അതുകൊണ്ടുതന്നെ അവര്‍ വീണ്ടും തിളച്ച വെള്ളത്തില്‍ വീണെന്നുവരും.
പൂച്ചകളെപ്പോലെ നിഷ്‌കളങ്ക മനസുള്ള മനുഷ്യരും ധാരാളമുണ്ട് ഭൂമിയില്‍. എന്തൊക്കെ സംഭവിച്ചാലും വരുംവരായ്കകള്‍ നോക്കാതെ അവര്‍ നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കും. കേരള രാഷ്ട്രീയത്തില്‍ ഇത്തരമാളുകള്‍ വളരെ കുറവാണ്. ഗാന്ധിയന്‍മാര്‍ക്കു മാത്രമേ അങ്ങനെയാവാന്‍ പറ്റൂ. അതിലൊരാളാണ് പത്തരമാറ്റ് ഇടതുപക്ഷമായ കേരള മന്ത്രിസഭയില്‍ സൂര്യശോഭയോടെ വേറിട്ടുനില്‍ക്കുന്ന ഗാന്ധിയനായ എ.കെ ശശീന്ദ്രന്‍. അദ്ദേഹം വീണ്ടുമൊരു വിവാദത്തില്‍പ്പെട്ടു നില്‍ക്കുമ്പോള്‍ നാട്ടുകാര്‍ പൂച്ചക്കഥകള്‍ പറയുന്നത് ആ മനസിന്റെ മാര്‍ജാരതുല്യമായ നിഷ്‌കളങ്കതയോര്‍ത്തു തന്നെയാണ്.

ആദ്യ വിവാദം ഫോണ്‍കെണിയായിരുന്നല്ലോ. അത് അദ്ദേഹം ഉണ്ടാക്കിയതൊന്നുമല്ല. ഒരു ചാനല്‍ ഒരുക്കിയ കെണിയാണ്. ഒരു സ്ത്രീ വന്ന് അദ്ദേഹവുമായി അടുത്തു. അവരുടെ സംസാരത്തിനനുസരിച്ച് അദ്ദേഹവും പ്രതികരിച്ചു. ഏതൊരു പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന് നമ്മളൊക്കെ സ്‌കൂളില്‍ പഠിച്ചതല്ലേ. പ്രണയം പറയുമ്പോള്‍ അതിന്റേതായൊരു ഭാഷ വരും. കവിതയേക്കാളേറെ ഉപമയും ഉല്‍പ്രേക്ഷയും ഉല്ലേഖവുമൊക്കെ പ്രണയഭാഷയില്‍ വരും. പ്രണയികള്‍ പരസ്പരം സന്ദര്‍ഭാനുസരണവും ഭാവനാനുസരണവും മാടപ്രാവെന്നും പഞ്ചവര്‍ണക്കിളിയെന്നും പൂച്ചക്കുട്ടിയെന്നും എരുമക്കുട്ടിയെന്നുമൊക്കെ വിളിച്ചെന്നിരിക്കും. അല്ലാതെ ആഗോള സാമ്പത്തിക മാന്ദ്യവും ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നവുമൊന്നും പറഞ്ഞ് തര്‍ക്കിക്കേണ്ട ഇടമല്ലല്ലോ പ്രണയലോകം. പൂച്ചക്കിടാങ്ങളെപ്പോലെ നിര്‍മല, തരളിത ഹൃദയരാണെങ്കില്‍ കുറച്ചധികം പറഞ്ഞെന്നുമിരിക്കും.

ആ സ്വകാര്യ സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും ധാര്‍മികതയുടെ പേരില്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. അതാണ് കാര്യം. കേരള രാഷ്ട്രീയത്തില്‍ ധാര്‍മികത വലിയൊരു സംഭവമാണ്. അതു വിട്ടൊരു കളി നമ്മുടെ നാട്ടിലെ നേതാക്കള്‍ക്കില്ല. പിന്നീട് നിഷ്‌കളങ്കനാണെന്ന് നാട്ടുകാര്‍ക്കെല്ലാം ബോധ്യപ്പെട്ടതോടെയാണ് സൂര്യതേജസോടെ അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.
അദ്ദേഹം ഒരു സ്ത്രീപീഡനക്കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു എന്നാണല്ലോ ഇപ്പോള്‍ പ്രതിപക്ഷവും മറ്റു ബൂര്‍ഷ്വാ രാഷ്ട്രീയക്കാരുമെല്ലാം ആരോപിക്കുന്നത്. പുതിയ വിഷയവും ഫോണ്‍ സംഭാഷണം വഴിയാണ് നാട്ടുകാരറിഞ്ഞത്. അത് അങ്ങനെ ഒരു ഇടപെടലായിരുന്നില്ലെന്നും പാര്‍ട്ടിയിലെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി മാത്രം ഇടപെട്ടതാണെന്നുമാണ് അദ്ദേഹം പറയുന്നത്. പോരാത്തതിന് മുഖ്യമന്ത്രിയും അതുതന്നെ പറഞ്ഞു. അതും നിയമസഭയില്‍. മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നെ അതിലപ്പുറമില്ലല്ലോ.

പിന്നെ ഒരു വഴിക്കു നോക്കുമ്പോള്‍ കാര്യം അങ്ങനെയാണെന്നും വേണമെങ്കില്‍ കരുതാം. മന്ത്രിയുടെ പാര്‍ട്ടിയിലെ വലിയൊരു നേതാവിനെതിരേയാണ് പരാതി വന്നത്. കേരളത്തില്‍ എന്‍.സി.പിയിലുള്ളവരെല്ലാം ജില്ലാ കമ്മിറ്റി മുതല്‍ ദേശീയ കമ്മിറ്റിയില്‍ വരെ അംഗങ്ങളായിരിക്കുമല്ലോ. പരാതിക്കാരിയുടെ പിതാവും പാര്‍ട്ടി നേതാവാണ്. ഇതുകൊണ്ടൊക്കെ കേസില്‍ ഇത്തിരി പാര്‍ട്ടിക്കാര്യമുണ്ടെന്ന് മന്ത്രിക്കു തോന്നിയിരിക്കാം.
അങ്ങനെയാണെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കണമല്ലോ. ഭരണമുന്നണിയിലെ വല്യേട്ടനായ സി.പി.എം പോലുള്ള വലിയ കക്ഷികള്‍ക്ക് സ്വന്തമായി പൊലിസും കോടതിയുമൊക്കെയുണ്ട്. അന്വേഷണ വിദഗ്ധരുടെ ഒരു സംഘമുണ്ട്. ഇത്തരം കേസുകളില്‍ തീവ്രത അളക്കാനുള്ള യന്ത്രം കൈയിലുണ്ട്. ചെറിയ പാര്‍ട്ടിയായ എന്‍.സി.പിക്ക് ഇതൊന്നുമില്ല. സി.പി.എമ്മിനോട് സഹായം തേടാമെന്നു കരുതിയാല്‍ സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ സഹകണ ബാങ്ക്, ആലപ്പുഴയിലെ സുധാകരത്തര്‍ക്കം തുടങ്ങി ഒരുപാട് കേസുകെട്ടുകളുമായി അവിടുത്തെ അന്വേഷണോദ്യോഗസ്ഥര്‍ വലിയ തിരക്കിലുമാണ്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ തന്നെ അന്വേഷണത്തിനിറങ്ങേണ്ടിവരും. അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തസ്തികയിലെത്തിയ പി.സി ചാക്കോ കുറേക്കാലം ഡല്‍ഹിയിലായിരുന്നതിനാല്‍ കേരളത്തിലെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്ത് വലിയ പരിചയമില്ല. അങ്ങനെ നിവൃത്തികേടുകൊണ്ടാണ് കനത്ത മന്ത്രിപ്പണിക്കിടയിലും സമയം കണ്ടെത്തി ശശീന്ദ്രന്‍ അന്വേഷണത്തിനിറങ്ങിയത്.

പരാതിക്കാരിയുടെ അച്ഛനോട് മന്ത്രി കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്നു പറഞ്ഞതാണ് പലരും വലിയ പാതകമായി കാണുന്നത്. ആ കാഴ്ച ഒട്ടും ശരിയല്ല. ലോകത്തെ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ തന്നെ നടക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച് രഘുപതി രാഘവ രാജാറാം പാടിനടക്കുന്നവരാണ് എല്ലാ ഗാന്ധിയന്‍മാരും. അവര്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പറയാന്‍.

പ്രത്യേക അന്വേഷണത്തിലെ
സുരേന്ദ്ര സാക്ഷ്യം

ചില കേസുകള്‍ വരുമ്പോള്‍ കേരള സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘങ്ങള്‍ ചില്ലറക്കാരൊന്നുമല്ല. അവര്‍ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അവരുടെ അന്വേഷണത്തിനുമുണ്ട് ചില പ്രത്യേകതകള്‍. മറ്റാരും കാണാത്ത പലതും അവര്‍ കണ്ടെത്തിക്കളയും.

അതിനു മികച്ച ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ്. അവിടെ കവര്‍ച്ച ചെയ്യപ്പെട്ടത് കള്ളപ്പണമാണെന്നും അത് കര്‍ണാടകയില്‍ നിന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി കൊണ്ടുവന്നതാണെന്നും അതിവിദഗ്ധമായി തന്നെ അവര്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ബി.ജെ.പിയുടേതു മാത്രമായ ചില പ്രത്യേകതകളും അവര്‍ കണ്ടെത്തി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അറിയാവുന്ന കാര്യമാണിതെന്നും അതിനു തെളിവായി ചില ഫോണ്‍ കോളുകളും അവര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. പകരം സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അവിടെയാണ് ബി.ജെ.പിയുടെ മാത്രമായൊരു പ്രത്യേകത കണ്ടെത്തിയ അന്വേഷണ വൈദഗ്ധ്യം നമ്മള്‍ തിരിച്ചറിയേണ്ടത്. സാധാരണ ഗതിയില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഘടകവും മറ്റൊരു സംസ്ഥാനത്തെ ഏതെങ്കിലും ആളുകളും തമ്മില്‍ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും അവരുടെ നേതൃത്വത്തിലുമാണ് നടക്കുക. എന്നാല്‍ ബി.ജെ.പിയുടെ കാര്യം അങ്ങനെയല്ല. പാര്‍ട്ടിയിലെ ആര്‍ക്കും അത്തരം കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യാം. അതാണ് ഈ കേസിലും സംഭവിച്ചത്. തൃശൂരിലെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍നിന്ന് കുറെ കള്ളപ്പണം കൊണ്ടുവന്നെന്നും വഴിയില്‍ അതാരോ കവര്‍ച്ച ചെയ്‌തെന്നും സംസ്ഥാന പ്രസിഡന്റ് അതിനെല്ലാം സാക്ഷിയായി മിണ്ടാതിരുന്നെന്നുമൊക്കെയാണ് ഈ കുറ്റപത്രത്തില്‍നിന്ന് മനസിലാകുന്നത്. അതും രാജ്യദ്രോഹം വരെയായി മാറാവുന്ന കള്ളപ്പണ ഇടപാട്. കൊണ്ടുവന്നത് രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശികളായ ഒരു പാര്‍ട്ടിക്കാര്‍. അറിഞ്ഞിട്ടും മിണ്ടാതിരുന്നത് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. പ്രത്യേക അന്വേഷണത്തിലെ ഈ കണ്ടെത്തലുകള്‍ നമ്മള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.

ഒരു പാര്‍ട്ടിക്കാര്‍ പ്രതികളാകുന്ന കേസില്‍ ആ പാര്‍ട്ടിയുടെ തന്നെ സംസ്ഥാന പ്രസിഡന്റ് സാക്ഷിയാകുമ്പോള്‍ ആ വ്യക്തി എങ്ങനെയായിരിക്കും സാക്ഷിപറയുകയെന്നും കേസിന്റെ ഗതി എന്തായിത്തീരുമെന്നുമെന്നുമൊക്കെ പലരും സംശയിക്കുന്നുണ്ടാകും. എന്നാല്‍ അതൊന്നും ചോദിക്കരുത്. ഇതൊരു പ്രത്യേക അന്വേഷണമാണ്.
ഇതിനിടയില്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ അദ്ദേഹവും ജോണ്‍ ബ്രിട്ടാസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഒരു മുറിയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് നടത്തിയ രഹസ്യ ചര്‍ച്ചയെ ചില ദോഷൈകദൃക്കുകള്‍ ഈ കേസുമായും ലാവ്‌ലിന്‍ കേസുമായും ബന്ധപ്പെടുത്തി പലതും പറയുന്നുണ്ട്. അതിലൊന്നും കഴമ്പില്ല. ഓറഞ്ച് നീരും തേങ്ങാവെള്ളവും കൂട്ടിക്കലര്‍ത്തി കൊവിഡ് മരുന്നുണ്ടാക്കുന്നതിനെക്കുറിച്ചാണ് ആരോഗ്യ വിദഗ്ധര്‍ കൂടിയായ അവര്‍ ചര്‍ച്ച ചെയ്തതെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നിട്ടുണ്ട്. ആ മരുന്നിന്റെ ഫോര്‍മുല പുറത്താരും അറിയാതിരിക്കാനാണ് രഹസ്യമായി തന്നെ ചര്‍ച്ച നടത്തിയത്. അതായത് അതൊരു പ്രത്യേക ചര്‍ച്ചയുമായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.