2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് വിതരണം മുടങ്ങി

നിലമ്പൂര്‍: കോളജുകളില്‍ നിന്നും ഫീസ് സംബന്ധമായി ഉത്തരവുകള്‍ അപ്‌ലോഡ് ചെയ്യുന്നില്ലെന്ന കാരണം കാണിച്ച് സംസ്ഥാനത്തെ ആയിരകണക്കിന് പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് ഉള്‍പ്പെടെ വിദ്യാഭ്യാസാനുകൂല്യം മുടങ്ങി. ആനുകൂല്യവിതരണം നാലുമാസമാണ് മുടങ്ങിയത്. കഴിഞ്ഞ വര്‍ഷംവരെ സര്‍ക്കാര്‍ സുതാര്യമായി നല്‍കിയിരുന്ന ആനുകൂല്യങ്ങളാണ് സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ മുടങ്ങിയത്. അധ്യായന വര്‍ഷാരംഭമായ ജൂണ്‍ മുതല്‍ ഇതുവരേയും ആനുകൂല്യം വിതരണം ചെയ്തിട്ടില്ല. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും യൂനിവേഴ്‌സിറ്റികളില്‍ നിന്നും ലഭിച്ച ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് സംബന്ധിച്ച വൈരുധ്യമാണ് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വൈകാനിടയാക്കുന്നത്.

സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പും, സി.ഡിറ്റും കൈകോര്‍ത്താണ് ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കി വന്നിരുന്ന ഇ-ഗ്രാന്റ് സോഫ്റ്റ്‌വെയര്‍ പരിഷ്‌ക്കരിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് നിലവില്‍ ഫീസാനുകൂല്യം നല്‍കിയിരുന്ന ഇ-ഗ്രാന്റ് പദ്ധതി പരിഷ്‌കരിച്ചാണ് ഇ-ഗ്രാന്റ്‌സ് 3.0 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇതിനായി സി.ഡിറ്റ് തയാറാക്കിയത്.

ആധാര്‍ മുഖേന ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയാണ് വിദ്യാര്‍ഥികളെ ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ സ്ഥാപനങ്ങളില്‍ നിന്നും ഓരോ കോഴ്‌സിനും ഫീസ് കാണിക്കുന്നതോടൊപ്പം സര്‍ക്കാര്‍, യൂനിവേഴ്‌സിറ്റി ഉത്തരവുകളും സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യണം. എന്നാല്‍ മാത്രമേ ഇവ സബ്മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കാലിക്കറ്റ് സര്‍വകലാശാലയിലുള്‍പ്പെടെ സര്‍ക്കാര്‍ അനുവദിക്കുന്ന ഫീസും, കോളജ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവിലെ ഫീസുകളും തമ്മില്‍ വൈരുധ്യമുണ്ട്.

അതാത് ജില്ലകളിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസും, പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസും ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഇവയ്ക്ക് അംഗീകാരം നല്‍കുകയുള്ളൂ.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളും യൂനിവേഴ്‌സിറ്റി ഉത്തരവുകളും തമ്മില്‍ ട്യൂഷന്‍ ഫീസ് ഇനത്തിലും, സ്‌പെഷ്യല്‍ ഫീസ് ഇനത്തിലും വലിയ അന്തരമുള്ളതിനാല്‍ ഇവയുടെ വ്യക്തത ഉറപ്പാക്കിയശേഷം മാത്രമേ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുവെന്നാണ് എസ്.സി ഡയരക്ടറേറ്റിന്റെ വിശദീകരണം.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.