
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട്ട് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.
സമ്മേളന സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സുന്നി യുവജനസംഘം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം ജനുവരി എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. കേസന്വേഷണത്തെ കുറിച്ച് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു. ഇതു ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിലായി സി.ബി.ഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള എറണാകുളം സി.ജെ.എം കോടതിയുടെ വിധി.
കേസ് പുനരന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുമ്പോട്ടുപോവാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്ലിയാര്, പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.