2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഭയ്ക്ക് വേണം, വിവാദങ്ങള്‍ക്ക് മറയും കേന്ദ്രത്തിന്റെ കനിവും

 

സുനി അല്‍ഹാദി

കൊച്ചി: നാര്‍കോട്ടിക് ജിഹാദ് വിവാദം സജീവമാക്കി നിര്‍ത്തുന്നതിലൂടെ കത്തോലിക്ക സഭ ലക്ഷ്യമിടുന്നത് ഒരു വെടിക്ക് രണ്ടു പക്ഷി. കേരളത്തിലെ ഇതര സഭാപിതാക്കന്മാര്‍ പലരും പറഞ്ഞിട്ടും വിവാദം അവസാനിപ്പിക്കാന്‍ കത്തോലിക്ക സഭ തയാറാകാത്തതിനുപിന്നിലെ ചേതോവികാരവും അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സഭ നേരിടുന്ന തുടര്‍ച്ചയായുള്ള വിവാദങ്ങളില്‍ നിന്ന് വിശ്വാസികളുടെ ശ്രദ്ധതിരിച്ചുവിടലും ഒപ്പം ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഉറപ്പിക്കലുമാണ് ഒരേസമയം ലക്ഷ്യമിടുന്നത്. കുറച്ചുകാലമായി തുടര്‍ച്ചയായുള്ള വിവാദങ്ങളില്‍ ആടി ഉലയുകയാണ് കത്തോലിക്ക സഭ. വികാരിമാരും ബിഷപ്പും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക അപവാദകേസുകളില്‍ ഉള്‍പ്പെട്ടതാണ് സഭയെ സമീപകാലത്ത് ഏറ്റവും അധികം പിടിച്ചുലച്ച വിവാദങ്ങളില്‍ ഒന്ന്. ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ പ്രക്ഷോഭവുമായി കന്യാസ്ത്രീകള്‍തന്നെ തെരുവിലിറങ്ങിയത് സഭയെ ഞെട്ടിച്ചിരുന്നു. പലവിധ സമ്മര്‍ദങ്ങളുണ്ടായിട്ടും കന്യാസ്ത്രീകള്‍ സമരത്തില്‍ നിന്ന് പിന്തിരിയാതിരുന്നതും സഭാ നേതൃത്വത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇടവകകളും വൈദികരും ചേരിതിരിഞ്ഞ് തെരുവിലേക്ക് ഇറങ്ങാന്‍ ഇടയാക്കിയ ഭൂമി വിവാദകേസ് ഉടലെടുത്തത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണം നേരിടുന്ന ഈ കേസില്‍ ഒടുവില്‍ വത്തിക്കാന്റെ ഇടപെടല്‍വരെ വേണ്ടിവന്നു വൈദികരെ അടക്കിനിര്‍ത്താന്‍. ഇതിനു പിന്നാലെയാണ് ഇടയലേഖനങ്ങള്‍ കീറി എറിയുകയും കത്തിക്കുകയും ഒക്കെ ചെയ്ത കുര്‍ബാന ഏകീകരണ വിവാദം ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കെയാണ് പ്രത്യേക പ്രകോപനം ഒന്നുമില്ലാതന്നെ പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് വിവാദം പുറത്തുവിട്ടത്. ഇതോടെ വിശ്വാസികള്‍ക്കിടയിലെ ചര്‍ച്ച മുഴുവന്‍ പുതിയ വിവാദത്തിലേക്ക് മാറി.

ഇതോടൊപ്പം തന്നെ ഭൂമികേസിലും മറ്റും ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന സഭയ്ക്ക് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അനുഭാവം നേടിയെടുക്കല്‍ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് സഭയിലെ എതിര്‍ശബ്ദമായി മാറിയിരിക്കുന്ന ചര്‍ച്ച് ആക്ട് മൂവ്‌മെന്റ് നേതാവ് അഡ്വ.ഇന്ദു ലേഖാ ജോസഫ് പറയുന്നു. വിശ്വാസികള്‍ക്കിടയില്‍ തീവ്രമനസുള്ളവരെ ഒപ്പം നിര്‍ത്തുന്നതിന് ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പോലുള്ള പ്രയോഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സഭാപിതാക്കന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന വ്യാജേന എത്തുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ക്രൈസ്തവര്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നതെന്ന് സഭാസുതാര്യത സമിതി വക്താവ് ഷൈജു ആന്റണി അഭിപ്രായപ്പെട്ടു. ഈ അവസരം ഉപയോഗപ്പെടുത്തി ചില കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി സംസ്ഥാനത്ത് എന്‍.ഡി.എയുടെ ശക്തിവര്‍ധിപ്പിക്കുന്നതിനുള്ള അണിയറ നീക്കം നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഏതായാലും ഒരുവെടിക്ക് പല പക്ഷികളെ ഉന്നംവച്ച് സഭ മുന്നോട്ട് വയ്ക്കുന്ന ഈ വിവാദം സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്ന ആശങ്ക മതേതരനേതാക്കള്‍ക്കിടയില്‍ ശക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.