2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി ഇനി കേന്ദ്രഭരണത്തില്‍, കെജ്‌രിവാള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവും

ദേശീയ തലസ്ഥാന
നഗരി ഭേദഗതി നിയമം പ്രാബല്യത്തില്‍

ഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന ദേശീയ തലസ്ഥാന നഗരി (ഭേദഗതി) ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ബില്ല് നിയമമായതോടെ ഡല്‍ഹി ഭരണം കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയിലായി. കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാവും ഇനി ഭരണച്ചുമതല.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ബില്ല് നേരത്തെ ഇരുസഭകളിലും പാസാക്കിയിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയതായി രാഷ്ട്രപതിഭവന്‍ അറിയിച്ചത്. ഇതുപ്രകാരം ഇനിമുതല്‍ എല്ലാ നടപടികളും പദ്ധതികളും ലഫ്. ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ നടപ്പാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാരിനാവില്ല.

മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാനും ഇനിമുതല്‍ കേന്ദ്രത്തിന്റെ നോമിനിയായ ലഫ്.ഗവര്‍ണറുടെ അനുമതി വേണ്ടിവരും. ബില്ലുകള്‍ 14 ദിവസം മുന്‍പുതന്നെ ലഫ്. ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കണം. ഗവര്‍ണര്‍ക്ക് ബില്ലില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്രത്തിനോ രാഷ്ട്രപതിക്കോ കൈമാറാം. കേന്ദ്രത്തിന്റെയോ രാഷ്ട്രപതിയുടെയോ മറുപടി വൈകിയാല്‍ ലഫ്.ഗവര്‍ണര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനവുമെടുക്കാം. ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകള്‍ ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവന്നത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ നിയന്ത്രിക്കുന്നതുസംബന്ധിച്ച വകുപ്പുകളാണിത്. നിയമത്തില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ഭേദഗതിപ്രകാരം ലഫ്. ഗവര്‍ണര്‍ എന്നുമാറ്റി.
ഡല്‍ഹിയിലെ അധികാരം സംബന്ധിച്ച് എ.എ.പിയും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ സുപ്രിംകോടതി വരെ എത്തുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് കൂടുതല്‍ അധികാരമെന്ന് കോടതി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് മറിടക്കുന്നതാണ് പുതിയ നിയമം. ഇതോടെ കേന്ദ്രത്തിനും ഡല്‍ഹിക്കുമിടയില്‍ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ്. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.