
ബാലുശേരി: സംവരണ മണ്ഡലമായ ബാലുശേരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നാള്‍ക്കുനാള്‍ വീറും വാശിയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സച്ചിന്‍ദേവും യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയും നേര്‍ക്കുനേര്‍ കനത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.എന്‍.ഡി.എയ്ക്ക് വലിയ സ്വാധീനം മണ്ഡലത്തിലില്ലെങ്കിലും സ്ഥാനാര്‍ഥിയായ ലിബിനും ചിട്ടയായ പ്രചാരണവുമായി സജീവമായുണ്ട്.
മുന്നണികളെല്ലാം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണം തുടങ്ങി.തെരഞ്ഞെടുപ്പ് വരേയുള്ള വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മണ്ഡലത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ശക്തമായ പ്രചാരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളാണ് മുന്നണികള്‍ ആവിഷ്കരിക്കുന്നത്. ഇതിനായി രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ വെള്ളിത്തിരയിലെ മുന്‍നിര താരങ്ങളും ബാലുശേരിയിലെത്തും. ഇത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടല്‍.
താര പരിവേഷമുള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മജന്റെ പ്രചാരണ പരിപാടികളില്‍ നല്ല ജന പങ്കാളിത്തമുണ്ടാകുന്നത് എതിര് ചേരിയില്‍ ചര്‍ച്ചാ വിഷയമാണ്. ഇത് മുന്‍ നിര്‍ത്തി തങ്ങളുടെ പരിപാടികളില്‍ കൂടുതല്‍ ആളുകളെ എത്തിക്കാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം.
1977 മുതല്‍ ഇടതു സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച ബാലുശേരിയെ ധര്‍മജനിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. ഇടതു കോട്ടയായിരുന്നിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 9,875 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനു ആത്മബലം നല്‍കുന്നത്. ഇതിനു പുറമേ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബാലുശേരി നിയോജക മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ യു.ഡി.എഫാണ് ഭരണം നടത്തുന്നത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവ് തുടക്കത്തില്‍ തന്നെ പ്രചാരണവുമായി മുന്നിലുണ്ട്. മണ്ഡലത്തിലെ മലയോര മേഖലകളും കോളനികളും കേന്ദ്രീകരിച്ച് വലിയ പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി 29ന് എല്‍.ഡി.എഫ് ബാലുശേരിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസില്‍ നിന്ന് നാളുകള്‍ക്കു മുന്‍പ് കളംമാറിയ പി.സി ചാക്കോയും സംബന്ധിക്കുന്നുണ്ട്.
കഴിഞ്ഞ 45 വര്‍ഷ കാലയളവില്‍ എല്‍.ഡി.എഫ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നിരത്തിയാണ് എല്‍.ഡി.എഫിന്റെ ഭരണ തുടര്‍ച്ചക്കായുള്ള പ്രചാരണം. 1,400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ബാലുശേരിയില്‍ നടപ്പിലാക്കിയെന്നാണ് എല്‍.ഡി.എഫിന്റെ വാദം.എന്നാല്‍ ബാലുശ്ശേരിയുടെ വികസനം കേവലം കവാട നിര്മാണത്തിലൊതുങ്ങിയതായി യു.ഡി.എഫ് തിരിച്ചടിക്കുന്നു.സ്റ്റേഡിയം.ബസ് ടെര്‍മിനല്‍, താലൂക്ക് ആശുപത്രി എിവിടങ്ങളില്‍ കവാടത്തിനപ്പുറം അസൗകര്യങ്ങള്‍ മാത്രമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.പ്രചാരണ രംഗത്തെ വിലയിരുത്തുമ്പോള്‍ വിജയ പരാജയങ്ങള്‍ പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍.