2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഈറ്റെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റപ്പോള്‍

എ.പി കുഞ്ഞാമു

 

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ആറുപാര്‍ട്ടികളടങ്ങിയ മുന്നണിയുമായി തങ്ങള്‍ രംഗത്തിറങ്ങിയത് ബി.ജെ.പിയെ തറപറ്റിക്കാനാണെന്നാണ്. തന്റെ അവകാശവാദത്തിന് ബലം നല്‍കാന്‍ അദ്ദേഹം കഴിഞ്ഞ പാര്‍ലമെന്റ് തെഞ്ഞെടുപ്പ് ഫലം ഉദാഹരിക്കുകയും ചെയ്തു. 2019 ലെ തെരഞ്ഞെടുപ്പില്‍ കിഷന്‍ ഗഞ്ച് ലോക്‌സഭാ സീറ്റില്‍ വിജയിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ജാവേദിന് 367017 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള ജെ.ഡി.യു (എന്‍.ഡി.എ) സ്ഥാനാര്‍ഥിക്ക് 3.25 ലക്ഷം വോട്ട്. അസദുദ്ദീന്‍ ഉവൈസിയുടെ സ്ഥാനാര്‍ഥി അഖ്തറുല്‍ ഈമാന്ന് മൂന്നു ലക്ഷം വോട്ട്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നിമിത്തമായത് തങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണെന്നായിരുന്നു ഉവൈസിയുടെ വാദം. തങ്ങളുടെ സ്ഥാനാര്‍ഥി രംഗത്തില്ലായിരുന്നുവെങ്കില്‍ മുസ്‌ലിം വോട്ടുകള്‍ എന്‍.ഡി.എക്ക് പോകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ലളിതയുക്തി. ഇക്കൊല്ലം രാഷ്ട്രീയ ലോക സമതാ പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ ചില പാര്‍ട്ടികളെയൊക്കെ കൂടെച്ചേര്‍ത്ത് തട്ടിക്കൂട്ടിയ തന്റെ മൂന്നാംമുന്നണി ഈ ദൗത്യം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വമ്പു പറച്ചില്‍. പക്ഷേ അപ്പോഴേ രാഷ്ട്രീയ നിരീക്ഷകര്‍ ഉവൈസിയുടെ കളി ബി.ജെ.പിക്കായിരിക്കും മെച്ചമുണ്ടാക്കുകയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ആര്‍.ജെ.ഡി നേതാവായ മനോജ് ഝാ അക്കാര്യം വെട്ടിത്തുറന്നു പറയുകയും ചെയ്തു. ബി.ജെ.പിയ്ക്ക് മൂന്നാണ് മുന്നണികള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒന്ന് – നിതീഷ് കുമാറിനോടൊപ്പം എന്‍.ഡി.എ, അത് പ്രത്യക്ഷ മുന്നണി. രണ്ടാമത്തേത് – എല്‍.ജെ.ഡിയോടൊപ്പം, അത് പരോക്ഷം. മൂന്നാമത്തേത് – ഉവൈസിയോടൊപ്പം, അത് ആദൃശ്യം. ഈ അദൃശ്യമുന്നണി ബി.ജെ.പിക്ക് ഗുണം ചെയ്തു എന്നാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ മേഖലയില്‍ എന്‍.ഡി.എക്ക് വന്‍ മുന്നേറ്റമുണ്ടായി. മുസ്‌ലിം വോട്ടുകള്‍ ഉവൈസിയുടെ മൂന്നാംമുന്നണിക്കും ആര്‍.ജെ.ഡിക്കുമായി വിഭജിക്കപ്പെട്ടപ്പോള്‍ സംഭവിച്ചത് ഉവൈസിയുടെ കണക്കുകൂട്ടലിന് നേര്‍വിപരീതമാണ്. ഈറ്റെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു എന്ന് പറഞ്ഞതുപോലെയായി അവസ്ഥ, എന്‍.ഡി.എ മികച്ച മുന്നേറ്റം നടത്തി.

ബിഹാറിലെ മുസ്‌ലിംകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടുചെയ്തുപോരുന്നവരാണ്. അബ്ദുല്‍ ഗഫൂര്‍ എന്ന മുസ്‌ലിം മുഖ്യമന്ത്രിയുണ്ടായിട്ടുണ്ട് അവിടെ. പില്‍ക്കാലത്ത് മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകളുടേയും മറ്റും പശ്ചാത്തലത്തില്‍ മുസ്‌ലിം പിന്തുണ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് അനുകൂലമായി തിരിഞ്ഞു. സോഷ്യലിസ്റ്റ് പല ദളങ്ങളുമായി പിരിഞ്ഞപ്പോള്‍ തികഞ്ഞ മതേതര പ്രതിച്ഛായയോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അടിയുറച്ചുനിന്ന പാര്‍ട്ടിയാണ് ആര്‍.ജെ.ഡി. ലാലുവോ റാബ്‌റി ദേവിയോ തേജസ്വിയോ ഒരിക്കലും കാവി രാഷ്ട്രീയത്തോട് കൂട്ടുചേര്‍ന്നിട്ടില്ല. അതുകൊണ്ട് തന്നെ ബി.ജെ.പിവിരുദ്ധ രാഷ്ട്രീയത്തിന്റെ തുറന്നമുഖമായ ആര്‍.ജെ.ഡിയെ മുസ്‌ലിംന്യൂനപക്ഷം പിന്തുണച്ചു. അങ്ങനെയാണ് കോണ്‍ഗ്രസ് വിരുദ്ധ തരംഗമുണ്ടാവുമ്പോള്‍പോലും സീമാഞ്ചലില്‍ നിന്ന് കോണ്‍ഗ്രസ് ജയിക്കുന്നത്. എന്നാല്‍, ഉവൈസിയുടെ വരവ് ആ കണക്കുകള്‍ മുഴുവനും തെറ്റിക്കുകയാണ് ചെയ്തത്. ഈ തെറ്റായ സ്ട്രാറ്റജിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പു ഫലങ്ങളെ അട്ടിമറിച്ചത്. ന്യൂനപക്ഷ രാഷ്ട്രീയം ന്യൂനപക്ഷവിരുദ്ധമാവുന്ന സ്ഥിതിയാണ് ഉവൈസിയുടെ അപക്വ തന്ത്രം മൂലമുണ്ടായത്. അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ഹിന്ദുത്വ രാഷ്ട്രീയം.

വിവേകവും വികാരവും

ഉവൈസി ബിഹാറില്‍ സൃഷ്ടിച്ച ദുരന്തം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും ശരിയായ ഉള്‍ക്കാഴ്ചയില്ലാത്ത മുസ്‌ലിം ന്യൂനപക്ഷ നേതാക്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. അസമിലെ മൈനോറിറ്റി ഫ്രണ്ടിന്റെ സമീപനങ്ങള്‍ നോക്കുക. ഒരു ഘട്ടത്തില്‍ ഡല്‍ഹി ജുമാമസ്ജിദ് ഇമാം ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്ന് ഫത്‌വ ഇറക്കുകയുണ്ടായല്ലോ. മൗലാനമാരെയും ഇമാമുമാരെയും എളുപ്പത്തില്‍ വിലക്കെടുക്കാനാവും എന്ന് ഇതിനെ ന്യൂനീകരിച്ചു കാണാറുണ്ട്. പക്ഷേ അതിനുമപ്പുറത്താണ് കാര്യങ്ങള്‍. ന്യൂനപക്ഷങ്ങളുടെ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് വിവേകപൂര്‍വം ആലോചിക്കാതെ വൈകാരികമായി പ്രതികരിക്കുകയാണ് പലപ്പോഴും മുസ്‌ലിം നേതാക്കള്‍ ചെയ്യാറുള്ളത്. അതുണ്ടാക്കുന്ന ദുരിതങ്ങള്‍ ചെറുതല്ല. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്നും മറ്റും പറയുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ നേതാക്കള്‍ വലിയ വിനയാണ് വരുത്തിവയ്ക്കുന്നത് എന്നോര്‍ക്കുക. ഉവൈസി ബിഹാറില്‍ പയറ്റിയതന്ത്രം അതുകൊണ്ട് തന്നെ ഒരു തിരിച്ചടിയായിപ്പോയി.

മുസ്‌ലിംകളുടെ ശക്തനായ വക്താവ് എന്ന പ്രതിച്ഛായയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഉവൈസി കാത്തുസൂക്ഷിച്ചത്. പിതാവ് സലാഹുദ്ദീന്‍ ഉവൈസിയുടെ ലെഗസി അദ്ദേഹം ശരിക്കും കൊണ്ടുനടന്നു. പൗരത്വ നിഷേധത്തിനെതിരായും മറ്റും പാര്‍ലമെന്റിലും പുറത്തും കത്തിജ്വലിച്ചു. മുസ്‌ലിം വികാരങ്ങള്‍ക്ക് തീപിടിപ്പിക്കുകയായിരുന്നു ഈ മനുഷ്യന്‍. പൗരത്വ ബില്‍ വലിച്ചു കീറിയെറിഞ്ഞു ഹീറോയായി മാറിയ അദ്ദേഹം ഒരര്‍ഥത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ സീറോയാക്കുകയാണ് ചെയ്തത്. വികാരമല്ല വിവേകപൂര്‍ണമായ രാഷ്ട്രീയതന്ത്രങ്ങളാണ് ന്യൂനപക്ഷങ്ങളെ തുണയ്ക്കുകയെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം സമുദായത്തിന്റെ സ്വയംപ്രഖ്യാപിത നേതാക്കള്‍ എത്ര കാലമെടുക്കും എന്നതാണ് കാതലായ പ്രശ്‌നം.

ജാതിയോ മോദിയോ?

മതേതരത്വവും ഹിന്ദുത്വരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരുന്നു യഥാര്‍ഥത്തില്‍ ബിഹാറിലേത്. ഒരുകാലത്തും ഹിന്ദുത്വരാഷ്ട്രീയത്തോടൊപ്പം നിന്നിട്ടില്ലാത്ത പാര്‍ട്ടികളാണ് മഹാഘടബന്ധനില്‍ അണിനിരന്നത്, കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടതുകക്ഷികളും. ഇവരില്‍ ആര്‍.ജെ.ഡിയ്ക്ക് യാദവ വോട്ട് ബാങ്കുണ്ട്, സമ്മതിച്ചു. എങ്കിലും അതോടൊപ്പം തന്നെ ജയപ്രകാശിന്റേയും ലോഹ്യയുടേയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ശക്തമായ പിന്തുടര്‍ച്ചയുമുണ്ട്. ജയപ്രകാശിന്റെ സമ്പൂര്‍ണവിപ്ലവം ആരംഭിച്ചത് ബിഹാറില്‍ നിന്നാണല്ലോ. കര്‍പ്പൂരി താക്കൂറിനെപ്പോലെയുള്ള നേതാക്കളുടെ സമാജ്‌വാദ രാഷ്ട്രീയം ബിഹാര്‍ രാഷ്ട്രീയത്തിനു കൃത്യമായ ദിശാബോധം നല്‍കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കേവലം യാദവപ്പാര്‍ട്ടിയല്ല ആര്‍.ജെ.ഡി. മഹാഘട്ബന്ധനിലെ കക്ഷികളായ ഇടതുകക്ഷികള്‍ക്കുമില്ല ജാതീയ മുഖം. കോണ്‍ഗ്രസും ഏതെങ്കിലും ജാതിയുടെ പ്രാതിനിധ്യമുള്ള പാര്‍ട്ടിയല്ല. തെരഞ്ഞെടുപ്പില്‍ ഈ മുന്നണി മുന്നോട്ടുവെച്ച ആശയങ്ങളും ജാത്യാധിഷ്ഠിതമായിരുന്നില്ല. എന്നിട്ടും യുവജനങ്ങളെ അഭൂതപൂര്‍വമാം വണ്ണം ത്രസിപ്പിച്ച തേജസ്വിയുടെയും രാഹുലിന്റേയും കനയ്യ കുമാറിന്റേയും മറ്റും യുവരാഷ്ട്രീയത്തെ ഒരളവോളം തടഞ്ഞുനിര്‍ത്താന്‍ എന്‍.ഡി.എക്ക് എങ്ങനെ സാധിച്ചു എന്ന ചോദ്യം പ്രസക്തമാണ്. ജാതിയല്ല മോദി തന്നെ അതിനു പിന്നില്‍ എന്നതു തന്നെയാവാം അതിന്റെ ശരിയായ ഉത്തരം.

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ക്കു തന്നെ എന്‍.ഡി.എക്ക് ഈസി വാക്ക് ഓവര്‍ എന്നായിരുന്നു നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. അതിന്റെ ന്യായം ജാതിയുടെ കണക്കുകൂട്ടലായിരുന്നു. എത്ര ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും നിതീഷ് കുമാറിന് കൂര്‍മ്മി – ്യു മഹാദലിത് പിന്തുണയുണ്ട്. ബി.ജെ.പിക്ക് ഉന്നത ജാതിക്കാര്‍. മാഞ്ചിക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയ്ക്കും ജാതീയ പിന്‍ബലുണ്ട്. ഈ കണക്ക് കൂട്ടല്‍ പക്ഷേ തേജസ്വിയുടെ തന്ത്രങ്ങളുടെ സ്വീകാര്യതയുടെ മുന്നില്‍ അപ്രസക്തമായി. നിതീഷ് കുമാറിനെതിരായ ജനവികാരം അതി ശക്തമാണ് ബിഹാറില്‍. അതുകണ്ടറിഞ്ഞ് നിതീഷിനെതിരായി ഒരു ബദല്‍ എന്‍.ഡി.എയില്‍ നിന്നു തന്നെ സൃഷ്ടിക്കുകയായിരുന്നു ബി.ജെ.പി. ആ ബദല്‍ മോദിയായിരുന്നു. നിതീഷ് വേണ്ടെന്ന് ബിഹാരികള്‍ ഉറപ്പിച്ചിരിക്കുന്നു എന്ന് ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് ബി.ജെ.പിയാണ്. നിതീഷിനു പകരമായി തേജസ്വി വരരുത് എന്ന് പാര്‍ട്ടി നിശ്ചയിച്ചു. അങ്ങനെയാണ് മോദിയുടെ പ്രതിച്ഛായ എന്‍.ഡി.എ പൊലിപ്പിച്ചത്. ഇത് പ്രചാരണ രംഗത്ത് പ്രകടമാവുകയുണ്ടായി. തങ്ങള്‍ എന്‍.ഡി.എക്ക് വോട്ട് ചെയ്യും പക്ഷേ അത് നിതീഷിനെ കണ്ടിട്ടല്ല, മോദിയുടെ വികസനമാതൃക മുന്‍നിര്‍ത്തിയാണ് എന്ന് പല സമ്മതിദായകരും പറയുണ്ടായി. നിതീഷ് പരാജയപ്പെട്ടു. ആ പരാജയത്തിന്റെ പ്രയാസങ്ങളകറ്റാന്‍ മോദിക്ക് മാത്രമേ കഴിയൂ എന്ന് ബി.ജെ.പി ജനങ്ങളെ ബോധ്യപ്പെട്ടത്തി. ഒറ്റയടിക്ക് നിതീഷിനെയും തേജസ്വിയേയും തോല്‍പ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു മോദി. ജാതിക്കും സാമൂഹ്യസമവാക്യങ്ങള്‍ക്കുമപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുറപ്പിക്കാന്‍ ഒരളവോളം ബി.ജെ.പിക്ക് സാധിച്ചു.

തന്ത്രവും മറുതന്ത്രവും

ജെ.ഡി.യുവാണ് ബിഹാറില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. നിതീഷ് കുമാര്‍ എന്ന ബിംബം തകര്‍ന്നടിഞ്ഞു. ഇനി ഹിന്ദുത്വരാഷ്ട്രീയത്തിനു കാര്യങ്ങള്‍ എളുപ്പമാണ്. തല്‍ക്കാലത്തേക്ക് നിതീഷ് കുമാറിനെ ബി.ജെ.പി കൈവിട്ടില്ലെങ്കില്‍ തന്നെയും ജെ.ഡി.യു – ബി.ജെ.പി ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ രാഷ്ട്രീയഅസ്ഥിരത ബിഹാറില്‍നിന്ന് വിട്ടുപോകാന്‍ സാധ്യതയില്ല. അതിന് വഴിയൊരുക്കിയതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയമാണ് എന്നതാണ് വലിയ സങ്കടം.

ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് ഇടതുപക്ഷത്തിനായിരിക്കും. അതും മുഖ്യധാരാ ഇടതുപക്ഷത്തില്‍ നിന്ന് മാറി ചിന്തിക്കുന്ന ഇടതുപക്ഷത്തിന്. ഒരു കാലത്ത് ഇടതുപക്ഷം ബിഹാറില്‍ അതിശക്തമായിരുന്നു. ഈ ശക്തി ക്ഷയിച്ചത് ജാതി രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലമാക്കിയപ്പോഴാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എം.എല്‍.എമാര്‍ പോലും ആര്‍.ജെ.ഡിയായി. കമ്മൂണിസ്റ്റുകാര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ജാതി രാഷ്രീയക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ വീണ്ടും ഈ മുദ്രാവാക്യങ്ങള്‍ അവര്‍ തിരിച്ചുപിടിച്ചിരിക്കുന്നു. കൂടിയേറ്റത്തൊഴിലാളികള്‍ക്കും അധഃസ്ഥിത സമൂഹത്തിനുമിടയില്‍ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഈ വീണ്ടെടുപ്പ്. സി.പി.ഐ.എം.എല്‍ ആണ് ഇക്കാര്യത്തില്‍ മുന്നില്‍. ഈ ചൈതന്യം നഷ്ടപ്പെടാതിരിക്കാന്‍ ഇടതുപക്ഷകക്ഷികള്‍ ശ്രമിച്ചാല്‍ ജാതി രാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് ബിഹാറിനെ വിമുക്തമാക്കാന്‍ അതിന് സാധിച്ചേക്കാം. അതുകൊണ്ട് തന്നെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപക്ഷവുമടങ്ങുന്ന മഹാസഖ്യം ബിഹാറിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ശുഭപ്രതീക്ഷയാണ്. ബിഹാറിലെ അസ്ഥിരതയെ അതിനു മറികടക്കാനായാല്‍ ആ പ്രത്യാശയുടെ പൂവണിയല്‍ കൂടുതല്‍ എളുപ്പമായിത്തീരും. മതേതരത്വത്തിന്റെ വിജയത്തിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കാനാവും. ബിഹാറിലെ ചെറിയ മനസുള്ള നേതാക്കള്‍ക്ക് ജനങ്ങളുടെ വലിയ മനസും വലിയ ആഗ്രഹങ്ങളും കാണാനാവുമോ?

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.