2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ടാം തരംഗം; കേരളത്തില്‍ കൊവിഡ് പരത്തിയതാര്?

അന്‍സാര്‍ മുഹമ്മദ്

 

കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം കൈവിട്ട നിലയില്‍ കുതിച്ചുയരുകയാണ്. ഇതിന് കാരണക്കാര്‍ ആരാണ്? പ്രവാസികളാണോ? ഒന്നാം തരംഗത്തില്‍ ഏറെ പഴികേട്ട അവരുടെ പേര് ഉയരുമ്പോഴും ഈ ചോദ്യത്തിന് യഥാര്‍ഥ ഉത്തരം തേടുകയാണ് മലയാളികള്‍. തെരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം മുതല്‍ വോട്ടെടുപ്പു ദിനം വരെയുള്ള കൊവിഡ് കണക്കുകളും ഏപ്രില്‍ ആറിനു ശേഷം ഇതുവരെയുള്ള കൊവിഡ് വ്യാപനത്തിന്റെ കണക്കും നോക്കിയാല്‍ മതി, ഇതിന് ഉത്തരം കിട്ടും.

രണ്ടാം തരംഗത്തില്‍ കൊവിഡ് പടരാന്‍ ഇടവരുത്തിയത് രാഷ്ട്രീയക്കാരാണ്. ആള്‍ക്കൂട്ടവും ആഘോഷവും ഒഴിവാക്കാന്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറഞ്ഞു നടക്കുന്ന സര്‍ക്കാരിനെ നയിക്കുന്നവരും കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ കണ്ടത്. മൂന്നു മുന്നണികളും കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ സാധാരണക്കാരനുമേല്‍ കുതിര കയറുന്ന പൊലിസും ജില്ലാ ഭരണാധികാരികളും തെരഞ്ഞെടുപ്പു പ്രചാരണമെന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അണികളും ചേര്‍ന്നുണ്ടാക്കിയ ആള്‍ക്കൂട്ടങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. മാസ്‌കില്ലാതെ, സാമൂഹ്യ അകലം പാലിക്കാതെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരിറങ്ങിയപ്പോള്‍ കൊവിഡ് തോറ്റോടുമെന്നാണ് കരുതിയത്.

എന്നാല്‍, സര്‍വശക്തിയുമെടുത്ത് ഓരോ പ്രവര്‍ത്തകനും വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണമെന്ന പേരില്‍ നാട്ടില്‍ മുഴുവന്‍ നടത്തിയ ഇടപെടലുകളുടെ അനന്തര ഫലമാണ് ഇപ്പോള്‍ സാധാരണക്കാരന്‍ അനുഭവിക്കേണ്ടിവരുന്നത്. കൊവിഡ് തുടങ്ങിയതു മുതല്‍ ഇതുവരെയില്ലാത്ത വിധം ആള്‍ക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവന്‍ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോള്‍ റോഡ് ഷോ എന്ന പേരില്‍ ആള്‍ക്കൂട്ടമുണ്ടാക്കി. ഇപ്പോള്‍ കുറ്റം മുഴുവന്‍ പ്രവാസികളുടെ മേല്‍ ചാരി രക്ഷപ്പെടാനാണു ശ്രമം. അവരാകുമ്പോള്‍ ചോദിക്കാന്‍ വരില്ലല്ലോ. ഇപ്പോഴും അവരുടെ മേല്‍ കൊണ്ടുവച്ച് കൈ കഴുകാനാണ് ഇവിടത്തെ ഭരണ, പ്രതിപക്ഷ മുന്നണികളുടെ നീക്കം.

എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അണികള്‍ക്കുമാണ്. പൊതുജനത്തിനെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് അവരുടെ അഭ്യാസം. മെയ് രണ്ടിന് വോട്ടെണ്ണല്‍ ദിനത്തില്‍ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിര്‍പ്പ്.

ആലോചിക്കണം രണ്ടുവട്ടം

കൊവിഡ് അതി ഭീകരമായി കുതിച്ചുയരുമ്പോഴും ആള്‍ക്കൂട്ട ആഘോഷങ്ങള്‍ നടത്താന്‍ എന്തിന് അനുമതി നല്‍കുന്നുവെന്ന് ചോദിക്കുന്ന സാധാരണക്കാരുണ്ട്. പൂരവും ഉത്സവങ്ങളും ഇനിയുമുണ്ടാകും. രോഗം വ്യാപിച്ച് മാറാതെ നിന്നാല്‍ ലോക്ക്ഡൗണിലേക്കും മറ്റും പോകും. ഇപ്പോള്‍ തന്നെ കടകള്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കുതിച്ചുയരുമ്പോള്‍ തീ ആളുന്നത് അന്നന്നുള്ള ഭക്ഷണത്തിന് പണം കണ്ടെത്തുന്ന കൂലി വേലക്കാരായ സാധാരണക്കാര്‍ക്കാണ്. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റ് കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഓണ്‍ലൈനിലും മൊബൈല്‍ ഫോണിലും ചുരുങ്ങിയ നമ്മുടെ കുട്ടികളെ തിരിച്ചുകൊണ്ടുവരണം.

അതിന് വിദ്യാലയങ്ങള്‍ തുറക്കണം. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ പിന്നീടാകാം. ആഘോഷങ്ങള്‍ക്ക് അനുമതി തേടി എത്തുമ്പോള്‍ ഭരണാധികാരികള്‍ കൊടിയുടെ നിറം നോക്കാതെ ആലോചിക്കണം, രണ്ടുവട്ടം. അനുവദിക്കണോ വേണ്ടയോ എന്ന്.

കണക്കുകള്‍ പറയും

കഴിഞ്ഞ ജനുവരി നാലിനാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കേരളത്തില്‍ തിരിച്ചറിഞ്ഞത്. മാര്‍ച്ച് 24 ആയപ്പോഴേക്കും പലരിലും ഈ വൈറസ് കണ്ടു. കടുത്ത നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആരും മുഖവിലയ്‌ക്കെടുത്തില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ രണ്ടായിരത്തില്‍ താഴെയായിരുന്നു പ്രതിദിനരോഗികള്‍.

പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തോടെ സാമൂഹ്യഅകലം പാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇക്കാര്യത്തിലുള്ള കേരളീയരുടെ മനോഭാവംപോലും മാറിപ്പോയി. ഇടകലര്‍ന്നുള്ള പെരുമാറ്റം സര്‍വസാധാരണമായി. കൊവിഡ് ബാധിച്ച ഒരാളുമായി 15 മിനിട്ട് സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അത് പടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.