2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

Editorial

ലോക്ക്ഡൗണ്‍ ശാസ്ത്രീയമാകണം


 

വിദഗ്ധരുടെ ഉപദേശപ്രകാരം സംസ്ഥാനം നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയവും രോഗവ്യാപനത്തിനു കാരണമാകുന്നതുമാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിവരികയാണ്. ഇതേത്തുടര്‍ന്നാണ് ഇന്നലെ ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി രാത്രി എട്ടു മണി വരെയാക്കി. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശങ്ങളില്‍ നിയന്ത്രണവും വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണും പഴയപടി തുടരും. ഏഴു മണിക്കുതന്നെ കടകള്‍ അടയ്ക്കുന്നതിനാല്‍ ജോലി കഴിഞ്ഞെത്തുന്ന ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ലെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് കടകള്‍ക്ക് ഒരു മണിക്കൂര്‍ നീട്ടിക്കൊടുത്തത്. ആരാധനാലയങ്ങള്‍ ജുമുഅ നിസ്‌കാരത്തിനായി തുറന്നുകൊടുക്കണമെന്ന സമസ്തയടക്കമുള്ള മതസംഘടനകളുടെ ആവശ്യത്തിന്മേല്‍ ഇതുവരെ അനുകൂലസമീപനം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ കാരണം പൊതുജീവിതം സ്തംഭിച്ചു. മെയ് എട്ടിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 60 ദിവസം പിന്നിട്ടപ്പോള്‍ സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വഴിയോര കച്ചവടക്കാര്‍ പട്ടിണിയിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ചെറുകിട വ്യാപാരികള്‍ വിലക്ക് ലംഘിച്ചു കടകള്‍ തുറക്കാന്‍ തുനിഞ്ഞത് പൊലിസുമായുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. പല കച്ചവടക്കാരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കടകള്‍ തുറക്കാന്‍ വന്ന വ്യാപാരികളെ പൊലിസ് തടഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജീവിക്കണമെന്ന് അവരുയര്‍ത്തിയ മുദ്രാവാക്യമായിരിക്കാം കടകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂര്‍ നീട്ടിയത്. അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ കാരണം സ്തംഭിച്ച പൊതുജീവിതത്തെ ചെറിയ ഇളവുകള്‍ കൊണ്ട് തട്ടിയുണര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനുവേണ്ടത് കൊവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണമായ മാറ്റമാണ്. തിരക്കുകുറയ്ക്കാന്‍ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുക എന്നത് അശാസ്ത്രീയ സമീപനമാണ്.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു തുറക്കുന്ന കടകളിലും ഓഫിസുകളിലും വന്‍തിരക്കാണ്. നിത്യവും ഇവ തുറന്നുവച്ചാല്‍ ജനങ്ങളുടെ തിരക്ക് ഒഴിവാക്കാനാകുമെന്നത് ലളിതമായ പോംവഴിയാണ്. തിരക്കുകൂടുന്നത് വ്യാപനത്തിന് ആക്കം കൂട്ടുമെന്നതും യാഥാര്‍ഥ്യമാണ്. പ്രവര്‍ത്തന സമയങ്ങളിലെ നിയന്ത്രണം നീക്കിയാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഓഫിസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നിലവിലെ സമയത്തേക്കാള്‍ കൂടുതല്‍ നീട്ടിക്കൊടുത്തിരിക്കുകയാണ്. ഇതുകാരണം അവിടെ ജനത്തിരക്ക് പാടെ കുറയുകയും കൊവിഡ് വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) കണക്കാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശാസ്ത്രീയരീതി അവലംബിച്ചല്ല. രോഗസാധ്യതയുള്ളവരില്‍ ടെസ്റ്റ് നടത്താതെ രോഗമില്ലാത്തവരില്‍ ടെസ്റ്റ് നടത്തി ടി.പി.ആര്‍ നിരക്ക് കുറച്ചു കാണിക്കുന്നുണ്ട് ചില സ്ഥലങ്ങളില്‍. കൃത്യമായ മാര്‍ഗരേഖകള്‍ അവലംബിച്ചു വേണം സാംപിള്‍ പരിശോധനകള്‍ നടത്താന്‍. കൃത്രിമമായ പരിശോധനാ രീതികളിലൂടെ ടി.പി.ആര്‍ നിശ്ചയിക്കുമ്പോള്‍ രോഗം കുറയുകയല്ല, കൂടുകയാണ് ചെയ്യുക. ഇപ്പോള്‍ ടി.പി.ആര്‍ നിശ്ചയിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നിരിക്കെ ഒരു പ്രദേശത്തെ കൊവിഡ് രോഗികളെ അവലംബമാക്കി വേണം അത്തരം പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍.

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ക്കു പുറമേ പൊലിസിന്റെ ഭാഗത്തുനിന്ന് ഇടക്കിടെ അമിതാധികാരപ്രയോഗങ്ങളും കൂടി ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്കും പരിമിതമായ സമയത്തേക്കുമാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച കടകളുടെയും തട്ടുകടകളുടെയും പെട്ടിക്കടകളുടെയും ഉടമകള്‍ക്കും വലിയ പ്രയാസമാണ് ഉണ്ടാകുന്നത്. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത നിലയിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ചും ഇളവുകള്‍ സംബന്ധിച്ചും പൊലിസിനുവ്യക്തമായ ധാരണയില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പൊലിസ് നടപടികള്‍ പൊതുജനങ്ങളുടെ മേലുള്ള അതിക്രമമായി മാറുന്നുണ്ടെന്നും ഉന്നത പൊലിസുദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കിയതാണ്. കടകള്‍ അടയ്ക്കാന്‍ അല്‍പം വൈകിയാല്‍ കടക്കാരെ പുലഭ്യം പറയുക, യാത്രക്കാരോട് തട്ടിക്കയറുക എന്നീ പ്രാകൃത പെരുമാറ്റ രീതികള്‍ പൊലിസില്‍നിന്ന് ഉണ്ടാകുന്നുണ്ട്. കൊവിഡ് കാലത്ത് പൗരന്മാരെല്ലാം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകളുടെ പേരില്‍ പൊലിസില്‍നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാനാവില്ല.

മദ്യശാലകള്‍ക്കു മുന്‍പില്‍ ആള്‍ക്കൂട്ടം അനുവദിക്കാമെന്നും ബലിപെരുന്നാളും ഓണവും അടുത്ത സന്ദര്‍ഭത്തില്‍ പോലും പതിനഞ്ചിലധികം പേരെ ആരാധനാലയങ്ങളില്‍ അനുവദിക്കാനാവില്ലെന്നുമുള്ള വിദഗ്ധരുടെയും സര്‍ക്കാരിന്റെയും നിലപാട് ഏതു ശാസ്ത്രീയരീതിയുടെ അടിസ്ഥാനത്തിലാണ്? വാരാന്ത്യങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രയോജനപ്പെടുന്നുണ്ടോ എന്നും വിദഗ്ധര്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാകണമെങ്കില്‍ ലോക്ക്ഡൗണിലെ അശാസ്ത്രീയത സംബന്ധിച്ചും ഇളവുകളിലെ അപ്രായോഗികതയെക്കുറിച്ചും സര്‍ക്കാരും ആരോഗ്യവിദഗ്ധരും പുനരാലോചന നടത്തിയേ പറ്റൂ. മൂന്നാം തരംഗ ഭീതിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും പൊളിച്ചെഴുത്ത് അനിവാര്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.