ന്യൂഡല്‍ഹി: ലോക ബാങ്ക് തയ്യാറാക്കിയ മാനവിക മൂലധന സൂചിക (എച്ച്.സി.ഐ) പട്ടികയില്‍ ഇന്ത്യ നേപ്പാള്‍, ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് രാജ്യങ്ങളുടെ പിന്നില്‍. 157 രാജ്യങ്ങളുടെ പട്ടകയില്‍ 115-ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. ഇതോടെ റിപ്പോര്‍ട്ടിനെ ഇന്ത്യ തള്ളിക്കളഞ്ഞു.
ശിശു മരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ അടിസ്ഥാനമാക്കിയുള്ള എച്ച്.സി.ഐ പട്ടിക ഇതാദ്യമായാണ് തയ്യാറാക്കുന്നത്. രാജ്യത്ത് മാനവിക മൂലധന വികസനത്തിനു വേണ്ടി നടപ്പിലാക്കിയ പ്രധാന പദ്ധതികളൊന്നും എച്ച്.സി.ഐ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചില്ലെന്ന് ധമന്ത്രാലയം പ്രതികരിച്ചു.
197 മില്യണ്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള സമഗ്ര ശിക്ഷാ അഭിയാന്‍ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 500 മില്യണ്‍ പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണം ലഭിക്കും. ഇതൊന്നും റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചില്ലെന്നാണ് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഉന്നതമായ ആരോഗ്യപരിപാലന സംവിധാനം, വിദ്യാഭ്യാസ ഫലങ്ങള്‍ എന്നിവയാണ് സിംഗപ്പൂരിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോങ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍.
Comments are closed for this post.