2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നോക്‌ലാക്കിലെ ഗോത്ര ജീവിതങ്ങള്‍

വൈവിധ്യമാണ് ഇന്ത്യ. ഭിന്നസംസ്‌കാരങ്ങളുടെ, ഭാഷകളുടെ, ജീവിതങ്ങളുടെ ഭൂമിക. നമ്മളിടങ്ങളില്‍ കാണുന്നതേയല്ല, കാണാമറയത്തെ ഇന്ത്യ. ദൈനംദിനക്കാഴ്ചയില്‍ അവകളൊന്നും എത്താറുമില്ല. നാഗാലാന്റ് നോക്‌ലാക്കിലൂടെയുള്ള സഞ്ചാരം

ബഷീര്‍ മാടാല

 

കൊവിഡ് കാലം സുരക്ഷിതമാക്കാനുള്ള വിമാനയാത്രയില്‍ മാസ്‌കിനും സാനിറ്റൈസറിനും പുറമെ ഫെയ്‌സ്മാസ്‌കും പി.പി.ഇ കിറ്റും അണിഞ്ഞുള്ള മണിക്കൂറുകള്‍ നീണ്ട യാത്ര അവസാനിച്ചത് നാഗാലാന്റിലെ ദീമാപൂര്‍ വിമാനത്താവളത്തിലാണ്. കൊവിഡ് പരിശോധനാഫലം എഴുതിയ കടലാസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ പുറത്തേക്കുള്ള വഴി കാണിച്ചുതരുമ്പോള്‍ കഠിനമായ മൂടല്‍മഞ്ഞും തണുപ്പും ദീര്‍ഘയാത്രയുടെ ക്ഷീണമകറ്റി. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന നാഗാലാന്റ് സര്‍ക്കാരിന്റെ പൊടിപിടിച്ച ബൊലെറൊ ജീപ്പില്‍ കയറി മറ്റൊരു നീണ്ടയാത്രക്കായി സുമുഖനായ ഡ്രൈവര്‍ ഖോമോ ക്ഷണിച്ചു.

മൂടല്‍മഞ്ഞില്‍ വിദൂരകാഴ്ചകള്‍ അന്യമായപ്പോള്‍ ജീപ്പിനുള്ളിലിരുന്ന് ആകുന്ന കാഴ്ചകള്‍ കണ്ട് ഖോമോ തനിക്കറിയാവുന്ന രീതിയില്‍ ഓരോന്നും പറഞ്ഞുതന്നു. ഇവിടെനിന്നു നമ്മള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് 18 മണിക്കൂര്‍ യാത്രയുണ്ടെന്നും, റോഡ് വളരെ മോശമാണെന്നും ജീപ്പില്‍ കയറുന്നതിന് മുന്‍പുതന്നെ ഖോമോ മുന്നറിയിപ്പുനല്‍കിയിരുന്നു. അടഞ്ഞുകിടക്കുന്ന ദീമാപൂര്‍ പട്ടണകാഴ്ചകള്‍ കണ്ട് ഏതാനും മിനുട്ടുകള്‍ യാത്ര ചെയ്ത് നാഗാലാന്റ് ഗേറ്റ് എന്നറിയപ്പെടുന്ന നാഗാലാന്റ്- അസം അതിര്‍ത്തിയിലെ പൊലിസ് ചെക്‌പോസ്റ്റിന് മുന്നിലെത്തി. അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്നാല്‍ നാഗാലാന്റിലെ കിഴക്കന്‍ പ്രദേശങ്ങളായ മോകോചുങ്ങ്, ടിന്‍സാങ്, നോക്‌ലാക് കടന്ന് മ്യാന്‍മാര്‍ അതിര്‍ത്തി വരെ ചെല്ലാം. മറ്റൊരു റോഡ് അസമിലേക്കും ഈ ചെക്‌പോസ്റ്റ് കടന്നുപോകുന്നു. അതിര്‍ത്തിയിലെ പൊലിസിന്റെ പരിശോധനക്കുശേഷമേ, എല്ലാ യാത്രക്കാരെയും കടത്തിവിടൂ. ഇവിടെ നാഗാലാന്റുകാരല്ലാത്തവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (കഘജ) നിര്‍ബന്ധമായതുകൊണ്ട്, അതും കാണിച്ചതിനുശേഷമാണ് യാത്രാനുമതി കിട്ടിയത്.

സര്‍ക്കാര്‍ വാഹനം ഇഴഞ്ഞിഴഞ്ഞ് പകുതി ടാറിട്ടതും, പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെ മലഞ്ചെരുവുകള്‍ മാറിമറഞ്ഞ് ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടുപോകുമ്പോള്‍, തണുപ്പിന്റെ കാഠിന്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട വീടുകള്‍ എവിടെയും കാണാനില്ല മലഞ്ചെരുവുകളിലും മലയുടെ ഉയരങ്ങളിലും താമസിക്കുന്നവരുടെ നൂറുകണക്കിന് വീടുകള്‍ ഉണ്ട്. ഇവിടുത്തെ ജീവിതങ്ങളെക്കുറിച്ച് ഡ്രൈവറോട് സംസാരിച്ച് മുന്നോട്ടുനീങ്ങുമ്പോള്‍, റോഡിനിരുവശത്തുമായി ആദിവാസികളായ സ്ത്രീകളും, പുരുഷന്മാരും തങ്ങളുടെ പരമ്പരാഗതമായ വസ്ത്രങ്ങളണിഞ്ഞ് വ്യത്യസ്തമായ തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്ന കാഴ്ച പുതുമയുള്ളതായി തോന്നി. ഇടയ്‌ക്കെപ്പോഴോ, ഖോമോ ചായ കുടിക്കാനായി ഒന്ന് രണ്ടിടങ്ങളില്‍ ജീപ്പ് നിര്‍ത്തി. ഉച്ചക്ക് ഒരു മണിക്കാണ് മോകോചുങ്ങില്‍ ഏത്തേണ്ടത്. അവിടെയാണ് ഉച്ചഭക്ഷണം പറഞ്ഞിരിക്കുന്നതെന്നും ഖോമോ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പൊടിപാറിച്ച് പരമാവധി വേഗത്തില്‍ ഖോമോ ജീപ്പ് ഓടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, വാഹനത്തിന്റെ സ്പീഡ് ഇനിയും കുറച്ചില്ലെങ്കില്‍ യാത്ര പകുതിവഴിക്ക് അവസാനിപ്പിക്കേണ്ടിവരും എന്ന് സൂചിപ്പിച്ചതോടെ ജീപ്പിന്റെ വേഗത കുറക്കാന്‍ ഖോമോ നിര്‍ബന്ധിതനായി. ദീമാപൂരില്‍ നിന്ന് ആറു മണിക്കൂര്‍ യാത്ര ചെയ്ത് മോകോചുങ്ങില്‍ എത്തിയപ്പോള്‍ 58 കിലോ മീറ്റര്‍ ദൂരം മാത്രമേ പിന്നിട്ടിരുന്നുള്ളൂ.

 

മോകോചുങ്ങില്‍

നാഗാലാന്റിലെ പ്രധാനപ്പെട്ട ആദിവാസി മേഖലയാണ് മോകോചുങ്ങ്. ഇതൊരു ജില്ലാ ആസ്ഥാനമാണ്. ഏതാനും സര്‍ക്കാര്‍ ഓഫിസുകളും, നൂറ് കണക്കിന് വീടുകളുമുള്ള ഈ മലഞ്ചെരുവിലെ കാഴ്ചകള്‍ രസാവഹമാണ്. മലഞ്ചെരുവില്‍ അട്ടിയിട്ടപോലെ നൂറുകണക്കിന് വീടുകള്‍. മണ്ണിളക്കാതെയുള്ള നിര്‍മിതികള്‍. അധികവും മരംകൊണ്ടും ടിന്‍ ഷീറ്റുകൊണ്ടും നിര്‍മിച്ചവയാണ്. എന്നാല്‍, തികച്ചും പേടിപ്പെടുത്തുന്ന യാത്രകളാണ് ഈ മലഞ്ചെരുവുകള്‍ നല്‍കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരത്തിലധികം അടി ഉയരമുള്ള മോകോചുങ്ങ് ‘ചാങ്ങ്’ വിഭാഗക്കാരായ ആദിവാസികളുടെ പ്രധാന ഊരുമാണ്. ഉച്ചക്ഷഭക്ഷണം കഴിഞ്ഞ് ജീപ്പ് വീണ്ടും ദുര്‍ഘടം പിടിച്ച റോഡിലൂടെ, വനത്തിനകത്ത് നിര്‍മിച്ച ചെറിയ പാതകളിലൂടെ കുണ്ടും കുഴികളും കടന്ന് പതുക്കെ യാത്ര തുടര്‍ന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്ര വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന സംസ്ഥാനമാണ് നാഗാലാന്റ്. നാഗാലാന്റിന്റെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളും മലഞ്ചെരുവുകളാണ്. 16 വിഭാഗം ഗോത്രവര്‍ഗ്ഗക്കാരുടെ ആവാസഭൂമിയായ ഇവിടെ ഇനിയും വികസനം കടന്നെത്താത്ത നിരവധി സ്ഥലങ്ങളുണ്ട്. ദീമാപൂര്‍, കോഹിമ തുടങ്ങിയ സംസ്ഥാന തലസ്ഥാനങ്ങള്‍ താരതമ്യേന വികസന കാര്യത്തില്‍ മുന്‍പിലാണെങ്കിലും നാഗാലാന്റിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇനിയും വികസനം എന്താണെന്നറിയാതെ കഴിയുകയാണ് ഗോത്രവര്‍ഗ്ഗ സമൂഹം. ലക്ഷക്കണക്കിന് ആദിവാസികളാണിവിടെ സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് ഇനിയും അറിയാതെ പ്രകൃതിയെ മാത്രം ആശ്രയിച്ച് കഴിയുന്നത്. നാഗാലാന്റിലേക്ക് ഇതിനുമുന്‍പ് യാത്ര നടത്തിയിട്ടുണ്ടെങ്കിലും, തികച്ചും ഒറ്റപ്പെട്ട, വിദൂരദിക്കിലുള്ള ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ചറിയാനുള്ള യാത്ര ആദ്യത്തേതായിരുന്നു. നാഗാലാന്റിലെ കോഹിമയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ പ്രസിദ്ധമാണ്. രാജ്യത്ത് ഗോത്രവിഭാഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഇതുപോലെയുള്ള ഉത്സവം എവിടെയുമില്ല. 16 ഗോത്ര വിഭാഗക്കാരുടെ തനതായ പാരമ്പര്യ രീതിയില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം കാണാന്‍ കിസാമ വില്ലേജില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേര്‍ എത്താറുണ്ട്. മുന്‍പ് പലപ്പോഴായി ഹോണ്‍ബില്‍ ഫെസ്റ്റിവലിനും, ഈ പ്രദേശത്തുള്ള ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ യാത്ര ഇതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ തേടിയുള്ളതായിരുന്നു.

ബസ് സ്റ്റാന്റിലെ ജീപ്പ്

മോകോചുങ്ങില്‍ നിന്നു വനപാതകള്‍ താണ്ടി ബൊലെറോ ജീപ്പ് ഒരു വശത്തുള്ള അഗാധഗര്‍ത്തങ്ങള്‍ തൊണ്ണൂറ് ഡിഗ്രിയില്‍ വളഞ്ഞ് മുകളിലേക്ക് കയറുമ്പോള്‍ ഒറ്റപ്പെട്ട കൃഷിയിടങ്ങളും കാട്ടുവാഴകളും മലവെള്ളത്തിന്റെ ഒഴുക്കും മനോഹരമായ കാഴ്ചയൊരുക്കും. ഇവിടുത്തെ ആദിവാസികളുടെ പ്രധാന സാമ്പത്തിക സ്രോതസായ വനവിഭവങ്ങള്‍ കുട്ടകളിലാക്കി കൊണ്ടുപോകുന്നവരെ വഴികളിലെവിടെയും കാണാം. പൂര്‍ണമായും വനപ്രദേശമായ ഇവിടെനിന്ന് ആദിവാസികള്‍ അവര്‍ക്കാവശ്യമുള്ള മരങ്ങള്‍ മുറിച്ച്, വീടുനിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മരവിപണിയില്‍ സജീവമാണ്. ഇതിനുപുറമെ വനത്തില്‍ നിന്നു ലഭിക്കുന്ന മറ്റു വിഭവങ്ങള്‍ ഇവരിലെ സ്ത്രീകള്‍ ചെറിയ ഷെഡുകളിലിരുന്ന് കച്ചവടം ചെയ്യുന്നതായി കാണാം. മോകോചുങ്ങ് കഴിഞ്ഞാല്‍ അടുത്ത പ്രധാനപട്ടണം ടിന്‍സാങ്ങ് ആണ്. ടിന്‍സാങ്ങില്‍ എത്തുമ്പോള്‍ പൂര്‍ണമായും ഇരുട്ട് പരന്നിരുന്നു. എന്നാല്‍ വിശാലമായി കിടക്കുന്ന മലഞ്ചെരുവുകളിലെ ആയിരക്കണക്കിന് വീടുകളില്‍ നിന്നുള്ള വെളിച്ചം മറ്റൊരു ലോകത്തെ ഓര്‍മപ്പെടുത്തി. ടിന്‍സാങ്ങ് ജില്ലാ ആസ്ഥാനമാണ്. ഇവിടെയാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്ളത്. ബാങ്കും സ്‌കൂളുകളും കോളജും ഇവിടെയുണ്ട്. എല്ലാം പരമ്പരാഗതമായി നിര്‍മിച്ച നാഗാ കരവിരുതുകളുടെ നേര്‍സാക്ഷ്യം. ഒറ്റപ്പെട്ട ബഹുനിലമന്ദിരങ്ങളും വലിയ ചര്‍ച്ചുകളും ഇവിടെയുണ്ട്. നാഗാലാന്റിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ സംഗമകേന്ദ്രം കൂടിയാണ് ടിന്‍സാങ്ങ്. ഇവിടെനിന്നാണ് നാഗാലാന്റിന്റെ മറ്റുപ്രദേശങ്ങളിലേക്ക് വാഹനം ലഭിക്കുക. ബസ് സ്റ്റാന്റ് എന്ന് പേരുണ്ടെങ്കിലും ബസുകള്‍ ഇല്ല. ജീപ്പുകള്‍ മാത്രമാണിവിടെ സര്‍വിസ് നടത്തുന്നത്. ഇവിടെനിന്നു ചുരുങ്ങിയത് 15 മുതല്‍ 24 മണിക്കൂര്‍ വരെ ജീപ്പ് യാത്ര ചെയ്താല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയൂ.

58 കിലോമീറ്റര്‍ താണ്ടാന്‍
ആറ് മണിക്കൂര്‍!

ടിന്‍സാങ്ങില്‍ നിന്ന് എനിക്ക് എത്തേണ്ട നോക്‌ലാക്കിലേക്ക് 58 കിലോമീറ്റര്‍ യാത്രയുണ്ട്. എന്നാല്‍ ഇത്രയും ദൂരം പിന്നിടുവാന്‍ ഇനിയും ആറ് മണിക്കൂര്‍ ജീപ്പിലിരിക്കണമെന്ന് ഡ്രൈവര്‍ ഖോമോ പറഞ്ഞിരുന്നു. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രീതി ആയതുകൊണ്ടുതന്നെ വൈകിട്ടോടെ വിജനമാകുന്ന അങ്ങാടികള്‍ വെളുപ്പിന് അഞ്ചു മണിക്ക് മുന്‍പുതന്നെ സജീവമാകും. ഈ പ്രദേശങ്ങളില്‍ അങ്ങാടികള്‍ ഇല്ലെങ്കിലും മലമുകളിലെ ഗോത്രവിഭാഗക്കാരുടെ സങ്കേതങ്ങള്‍ (ഗ്രാമങ്ങള്‍) വളരെ നേരത്തെ ഉണരുകയും, ഇരുട്ട് പരക്കുന്നതോടെ ഉറക്കത്തിലേക്ക് പോകാറുമാണ് പതിവ്. സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന നാഷണല്‍ ഹൈവേ 202 എന്ന പൊട്ടിപ്പൊളിഞ്ഞ, കുണ്ടും കുഴിയും ഏറെയുള്ള ടാറിടാത്ത മണ്‍പാതയിലൂടെ കൂരിരിട്ടുള്ള രാത്രിയിലെ തണുപ്പും ആസ്വദിച്ചുള്ള യാത്ര തുടരുന്നതിനിടയില്‍ ഇടക്കിടെ കാട്ടുമൃഗങ്ങള്‍, കാട്ടുപോത്തുകള്‍, മാനുകള്‍ കൂട്ടമായി ജീപ്പിന് കുറുകെ റോഡ് മുറിച്ച് കടന്നുപോയി. ധാരാളം കാട്ടുമൃഗങ്ങള്‍ ഇവിടെ ഉണ്ടെന്നും എന്നാല്‍ ഉപദ്രവകാരികള്‍ അല്ലെന്നും ഡ്രൈവര്‍ ഖോമോ പറഞ്ഞു. ദൂരെ മലഞ്ചെരുവുകളില്‍ നിന്ന് വെളിച്ചം കാണാം. ഉയരംകൂടിയ മലകളുടെ ചെരിവുകളിലാണ് ഇവര്‍ കൂട്ടംകൂടി കഴിയുന്നത്. താഴ്‌വരകളില്‍ ഇവിടെ ആരും വീടുകള്‍ നിര്‍മിച്ച് താമസിക്കുന്നില്ല. കൃഷിയിടങ്ങളിലും ആരും ഒറ്റക്ക് താമസിക്കുന്നില്ല. പരമ്പരാഗത രീതിയിലുള്ള വീടുകളിലാണ് ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ ഇന്നും കഴിഞ്ഞുവരുന്നത്. ഓരോ ഗ്രാമത്തിലും നൂറില്‍ കുറയാത്ത വീടുകളുണ്ട്. രാത്രിയാകുന്നതോടെ നായാട്ടുസംഘങ്ങള്‍ തോക്കും, കത്തിയുമായി നടന്നുനീങ്ങുന്നത് കാണാം. ആദിവാസികളുടെ ഇഷ്ടവിനോദമാണ് നായാട്ട്. രാത്രികാലത്ത് സജീവമാകുന്ന നായാട്ട് സംഘങ്ങള്‍ പിടികൂടുന്ന മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ മാംസം ഇവിടുത്തെ ഗ്രാമങ്ങളില്‍ വില്‍പനയ്ക്ക് വക്കാറുണ്ട്. രാവിലെ തുടങ്ങിയ നീണ്ട ജീപ്പ് യാത്ര നോക്‌ലാക്കിലേക്ക് പ്രവേശിച്ചതായി ഡ്രൈവര്‍ പറയുമ്പോള്‍ 18 മണിക്കൂര്‍ യാത്രയുടെ ക്ഷീണം പറഞ്ഞറിയിക്കാന്‍ കഴിയാത്തതിലും അധികമായിരുന്നു.

അപാരതയുടെനോക്‌ലാക് ഗ്രാമം

നോക്‌ലാക്ക് പ്രദേശം നാഗാലാന്റിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലയാണ്. രാജ്യത്തെ ഭരണസംവിധാനങ്ങളെക്കുറിച്ചോ, സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചോ ഇനിയും വേണ്ടരീതിയില്‍ മനസിലാക്കിയിട്ടില്ലാത്ത വലിയൊരു ജനസമൂഹം താമസിക്കുന്ന പ്രദേശം. 2017ലാണ് ഈ പ്രദേശത്തെ പുതിയ ജില്ലയുടെ ഗണത്തില്‍പ്പെടുത്തിയത്. എന്നാല്‍, അതിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത് ഇപ്പോഴാണ് (ഹോക്‌ലാക്ക് ജില്ലാ പ്രഖ്യാപനത്തിന് സാക്ഷിയാവാന്‍ വേണ്ടികൂടിയാണ് ഞാന്‍ ഈ യാത്ര തെരഞ്ഞെടുത്തത്). നാഗാലാന്റിലെ ഗോത്രവിഭാഗക്കാരില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഖൈന്‍നിംഗം (ഗവശമിിശിഴമാ ഠൃശയല)െ ഗോത്രവര്‍ഗ്ഗക്കാരാണിവിടെ താമസിക്കുന്നത്. ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത ഒരാളും ഇവിടെയില്ല. ഉയരം കൂടിയ മലമുകളിലെ താമസങ്ങളില്‍ സംതൃപ്തരായ ഇവര്‍ വിശ്വാസികളാണ്. ഇവിടങ്ങളിലെ ഏറ്റവും വലിയ കെട്ടിടം ചര്‍ച്ചുകളാണ്. മരംകൊണ്ട് നിര്‍മിച്ച് ടിന്‍ഷീറ്റുകള്‍കൊണ്ട് മേഞ്ഞ വീടുകളാണ് കൂടുതലും. നോക്‌ലാക് ഗ്രാമം വളരെ നീണ്ടുകിടക്കുന്നതാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചിന് പുറമെ ഇവിടെ സ്‌കൂളുകളും, ആശുപത്രി, പൊലിസ്, കലക്ടറുടെ ഓഫീസ് തുടങ്ങിയവയുമുണ്ട്. ഇനിയും ഒരു പട്ടണമായി വികസിക്കാത്തതുകൊണ്ട് ഹോട്ടലുകളോ, താമസിക്കാനായി ലോഡ്ജുകളോ ഇവിടെയില്ല. ഏതാനും സ്വകാര്യ വാഹനങ്ങളും, ചുരുക്കം ചില സര്‍ക്കാര്‍ വാഹനങ്ങളും മാത്രമേ ഇവിടെയുള്ളൂ. പഴയ തലമുറയില്‍പ്പെട്ടവര്‍ ഇന്നും വനത്തെ ആശ്രയിച്ചാണ് കഴിഞ്ഞുവരുന്നത്. പുതിയ തലമുറയില്‍പ്പെട്ടവര്‍ പരമാവധി 10-ാം ക്ലാസ് വരെ പഠിച്ച് പഠനം അവസാനിപ്പിക്കുന്നു. വളരെ ചുരുക്കം പേര്‍ മാത്രമേ ഈ ഗ്രാമത്തില്‍ നിന്ന് പുറത്തുപോയി പഠിക്കുന്നുള്ളൂ. പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പുതിയ തലമുറക്കാര്‍ അലസരാണ്. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. പഠിച്ചവര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. പൊലിസിലും മറ്റുവകുപ്പുകളിലുമൊക്കെ ഗോത്രവര്‍ഗ്ഗക്കാര്‍ തന്നെയാണ് കൂടുതലും. വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അപൂര്‍വമാണ്. ദിനപത്രങ്ങളോ മാധ്യമ ഇടപെടലുകളോ ഇല്ല. വളരെ വിദൂരപ്രദേശമായതുകൊണ്ടുതന്നെ നോക്‌ലാക്കിലേക്ക് അധികമാരും കടന്നുവരാറില്ല. ഇവിടെനിന്ന് പുറത്തേക്ക് പോകുന്നവരും അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ അപൂര്‍വ്വമായി ഇവിടെ എത്തുന്നവര്‍ നാഗന്മാരുടെ നോട്ടപ്പുള്ളികളായിരിക്കും.

കാട്ടുപോത്തിറച്ചിയും പാമ്പിറച്ചിയും

വാഹനസൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ നോക്‌ലാക് ഗ്രാമത്തിനപ്പുറത്തേക്ക് പോകാന്‍ മറ്റു വഴികളില്ല. നോക്കിയാല്‍ കാണുന്ന മലമുകളിലൊക്കെ നാഗന്മാരുടെ ആവാസകേന്ദ്രങ്ങളുണ്ട്. ഓരോ ഗ്രാമങ്ങളിലേക്കും പോകണമെങ്കില്‍ നടക്കുകയല്ലാതെ മാര്‍ഗമില്ല. അങ്ങനെയാണ് നോക്‌ലാക്കിന്റെ തൊട്ടടുത്ത നാഗാ ഗ്രാമമായ ഹോകിയന്‍ വില്ലേജ് കാണാന്‍ പുറപ്പെട്ടത്. ഏറ്റവും ഉയരം കൂടിയ ഹോകിയന്‍ ഗ്രാമത്തില്‍ നിന്ന് നോക്കിയാല്‍ നിരവധി വില്ലേജുകള്‍ കാണാം. ഏറ്റവും ഉയരത്തില്‍നിന്ന് മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ ഇവിടെ ഗ്രാമീണര്‍ പ്രത്യേക സന്ദര്‍ശക ഗ്യാലറിതന്നെ ഒരുക്കിയിട്ടുണ്ട്. നൂറിലധികം വീടുകളുള്ള ഹോകിയന്‍ ഗ്രാമത്തിലൂടെ നടന്ന് മണിക്കൂറുകള്‍ ചിലവിട്ട് തിരിച്ചുവരുന്നതിനിടയിലാണ് ഗ്രാമത്തിലെ ഒരിടത്തിരുന്ന് ഒരാള്‍ കാട്ടിറച്ചി ചെറിയ കമ്പുകളില്‍ കോര്‍ത്ത് കഷ്ണങ്ങളാക്കി വില്‍പ്പനക്ക് വച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വേട്ടയാടി പിടികൂടിയ കാട്ടുപോത്തിന്റെ മാംസമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വെച്ചിരിക്കുന്നത്. കാട്ടുപോത്തിന്റെ തലയും ഒരു മരക്കമ്പില്‍ കുത്തിനിര്‍ത്തിയിരിക്കുന്നു. ഒരു കിലോ ഗ്രാമിന് 240 രൂപയാണ് വില. ഇതിനുപുറമെ മറ്റു കാട്ടുമൃഗങ്ങളുടെ മാംസവും വ്യത്യസ്തതരം ഇലകളും ഗ്രാമത്തിനടുത്ത് വില്‍പ്പനക്ക് വച്ചിട്ടുണ്ടായിരുന്നു. അടുത്തകാലം വരെ പട്ടിയിറച്ചിയും ഇവിടങ്ങളില്‍ ഇങ്ങനെ വിറ്റിരുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ വന്നാല്‍ പട്ടിയിറച്ചി ലഭിക്കാന്‍ പ്രയാസമില്ലെന്നും നാഗന്മാര്‍ പറയുന്നു. പട്ടിയും കാട്ടുപോത്തും പന്നിയും പാമ്പുമൊക്കെ നാഗന്മാരുടെ ഇഷ്ടഭക്ഷണങ്ങളാണ്.

തകരഷീറ്റിട്ട
ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍

നോക്‌ലാക്കില്‍നിന്ന് ഏതാനും മണിക്കൂറുകള്‍ പൊടിപാറുന്ന റോഡിലൂടെ യാത്ര ചെയ്താല്‍ ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയായ ഡാന്‍ (ഠഅച ഢശഹഹമഴല) വില്ലേജിലെത്താം. നാഗാലാന്റില്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള അവസാനഗ്രാമമാണിത്. ഇവിടെനിന്ന് നോക്കിയാല്‍ മ്യാന്‍മാര്‍ ഭാഗത്ത് താമസിക്കുന്ന നാഗന്മാരുടെ ഗ്രാമങ്ങള്‍ കാണാം. ഇവിടെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കാര്യമായ അന്വേഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ തടസമില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് മ്യാന്‍മാര്‍ സര്‍ക്കാര്‍ നിര്‍മിച്ച ഗസ്റ്റ്ഹൗസും, ഒരു ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററും ഇവിടെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഷീറ്റുകള്‍കൊണ്ട് മേഞ്ഞ് ഏതാനും തൂണുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു കെട്ടിടമാണ് ഇവിടുത്തെ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍. ഇരു രാജ്യങ്ങളും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇവിടെ വിവിധ രീതിയിലുള്ള ഇടപാടുകള്‍ നടത്തിയിരുന്നതായി നാഗന്മാര്‍ പറയുന്നു. ഇപ്പോള്‍ രാജ്യാതിര്‍ത്തിയെ സൂചിപ്പിക്കുന്ന ഏതാനും കമ്പിക്കാലുകളും, ഒന്ന് രണ്ട് കല്ലുകളും മാത്രമാണ് ഇവിടെയുള്ളത്. ഡാന്‍ വില്ലേജിനടുത്തായി അസം റൈഫിള്‍സിന്റെ ചെറിയൊരു പട്ടാളക്യാംപും കാണാം. നോക്‌ലാക്കില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററില്‍ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് ഇങ്ങനെയും ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററുകള്‍ രാജ്യത്തുള്ള കാര്യം അറിഞ്ഞത്. കുടിക്കാന്‍ ഒരിറ്റ് വെള്ളം പോലും വിലകൊടുത്ത് വാങ്ങാനുള്ള ഒരു കടപോലും ഇവിടെയില്ല. നട്ടുച്ചനേരത്തെ ദാഹമകറ്റാന്‍ ഒടുവില്‍ ഒരു നാഗാ വീട്ടില്‍ കയറി. വെള്ളവും ചായയും നല്‍കിയ അവര്‍ ഭക്ഷണവും നല്‍കിയാണ് സ്വീകരിച്ചത്. അതിര്‍ത്തിയിലെ ഗസ്റ്റ്ഹൗസിന്റെ കാവല്‍ക്കാരില്‍ ഒരാളായ ചോംകാചോലയും ഭാര്യ പോഞ്ഞവും നല്‍കിയ തനിനാടന്‍ നാഗാഭക്ഷണം ഈ യാത്രയെ എക്കാലത്തും ഓര്‍മപ്പെടുത്തും. നാഗാവീടുകളുടെ അകത്തേക്ക് കയറിയാല്‍ ആദ്യം കാണുന്നത് അടുക്കളയാണ്. വീടുകളിലെ ഏറ്റവും വലിയ മുറി അടുക്കളക്ക് വേണ്ടിയാണവര്‍ മാറ്റിവച്ചിട്ടുള്ളത്. അടുക്കളക്ക് ചുറ്റും ഇരുന്നാണിവര്‍ ഭക്ഷണം കഴിക്കുന്നത്. തണുപ്പ് കാലത്ത് ഒന്നിച്ചിരുന്ന് തീ കായാനുള്ള സൗകര്യവും ഇത്തരം അടുക്കളകള്‍ക്കുണ്ട്. മാംസമില്ലാതെ ഇവര്‍ക്ക് ഭക്ഷണമില്ല. ധാരാളം കാട്ടിറച്ചിയും, ഉണക്കിയ ഇറച്ചിയും പുറമെ വിവിധയിനം ഇലവര്‍ഗങ്ങള്‍, വിവിധ ചെടികളുടെ വേരുകള്‍ കൊണ്ടുണ്ടാക്കുന്ന അച്ചാറുകള്‍, കറികള്‍ എന്നിവയും ഭക്ഷണത്തോടൊപ്പം ഉണ്ടാകും. പുഴകളില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്ന മത്സ്യവും യഥേഷ്ടം ലഭിക്കും. ഇവരുടെ വീടുകളുടെ അടുപ്പിന് മുകളില്‍ ഏതെങ്കിലും ഒരു മൃഗത്തിന്റെ തോല്‍ കെട്ടിത്തൂക്കിയിട്ടിട്ടുണ്ടാകും. ഇതൊരു വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ് നാഗന്മാര്‍.

നോക്‌ലാക്
ജില്ലാ പ്രഖ്യാപനം

ഇന്ത്യ- മ്യാന്‍മാർ അതിർത്തി രേഖപ്പെടുത്തിയ കല്ലിനരികെ ലേഖകന്‍

കഠിനമായ തണുപ്പിലെ ഒരാഴ്ചക്കാലം നാഗാജീവിതങ്ങളെ അടുത്തറിയാന്‍ കഴിയുന്നതായിരുന്നു. ഇതിനിടെയാണ് നോക്‌ലാക് ജില്ലാ പ്രഖ്യാപനത്തിനായി നാഗാലാന്റ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ മലഞ്ചെരുവിലെ പൊലിസ് മൈതാനത്ത് പറന്നിറങ്ങിയത്. ആയിരത്തോളം വരുന്ന നാഗാപുരുഷന്മാരും, അവരുടെ സ്ത്രീകളും കുട്ടികളും വട്ടമിട്ടുപറന്ന മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നോക്‌ലാക്കില്‍ ആദ്യമായിട്ടെത്തുന്ന മുഖ്യമന്ത്രിയെ അവര്‍ തങ്ങളുടെ പരമ്പരാഗത ഗോത്ര താളങ്ങളോടെയാണ് വരവേറ്റത്. ഏതാനും മണിക്കൂറുകള്‍ മുഖ്യമന്ത്രി ഇവിടെ ചിലവഴിച്ച് തിരിച്ചുപോകുന്നതുവരെ നാഗാ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത ഗോത്രതാളങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളില്‍ അവരുടെ മണ്ണില്‍ ആടിത്തിമിര്‍ത്തു. വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ആടിയും പാടിയും ജില്ലാ പ്രഖ്യാപനത്തെ എതിരേറ്റു. മുഖ്യമന്ത്രിക്കൊപ്പം എത്തിയ ഉദ്യോഗസ്ഥപ്പടയും പൊലിസും ഗോത്രനൃത്തങ്ങളുടെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിച്ചു. ചുവപ്പ്, കറുപ്പ്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് നല്ല മെയ്‌വഴക്കത്തോടെ വിവിധ ഗ്രൂപ്പുകളിലായി വട്ടമിട്ടും ചാടിയും പാടിയും ഇവര്‍ ചുവടുവയ്ക്കുന്ന മനോഹരമായ കാഴ്ച ആദ്യാനുഭവമായി. തലയില്‍ തലപ്പാവണിഞ്ഞ്, കുന്തവും, ആയുധവുമേന്തി നാഗാപുരുഷന്മാര്‍ അവതരിപ്പിച്ച അരുടെ ‘കാട്ടുനൃത്തം’ കാണാന്‍ ഇന്ന് അവിടെത്തന്നെ വരേണ്ടിവരും. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ പോലും കണ്ടിട്ടില്ലാത്ത, പരമ്പരാഗത നാഗാ ഗോത്രസംസ്‌കാരങ്ങള്‍ക്ക് ഊടുംപാവും നല്‍കുന്ന, ഒരുപക്ഷേ, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കലാ ആവിഷ്‌ക്കാരങ്ങള്‍ അടുത്തറിഞ്ഞ് കാണാന്‍ അവസരം ലഭിച്ചത് നല്ല അനുഭവമായി. ജില്ലാ പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്നിട്ടും ഇവരുടെ സന്തോഷം അവസാനിച്ചിരുന്നില്ല. ഏതാനും ചില ഉദ്യോഗസ്ഥരും അതിഥികളായി എത്തിയവരും ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം അവരുടെ ചുവടുകള്‍ക്കൊപ്പം നൃത്തംചെയ്യാന്‍ സമയം കണ്ടെത്തി. നോക്‌ലാക്കിലെ തണുപ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. സൂര്യന്‍ ചാഞ്ഞു തുടങ്ങുന്നതിനുമുന്‍പുതന്നെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് വന്നവര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി. ഏതാനും നേരത്തെ മറ്റു കാഴ്ചകളും കണ്ടുനില്‍ക്കുമ്പോള്‍ തണുപ്പ് ശരീരത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിരുന്നു. ഇരുട്ട് പരന്നതോടെ, തൊട്ടപ്പുറത്ത് വിറകുകള്‍ കൂട്ടി കത്തിച്ച് തീകായുന്നവരുടെ കൂടെ ചേര്‍ന്ന് തണുപ്പകറ്റാന്‍ ശ്രമിച്ചെങ്കിലും തണുപ്പിന് കുറവൊന്നും കണ്ടില്ല. ഒരാഴ്ച നീണ്ടുനിന്ന നോക്‌ലാക്ക് കാഴ്ചകള്‍ക്ക് ശേഷം തിരിച്ച് ദിമാപൂരിലേക്കുള്ള 18 മണിക്കൂര്‍ യാത്രക്കായി ഒരു ദിവസം കഴിഞ്ഞ് ജില്ലാ കലക്ടറുടെ (നാഗാലാന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍) ഓഫിസില്‍ നിന്ന് യാത്രാ രേഖകള്‍ ശരിയാക്കി ഉദ്യോഗസ്ഥരോടും മറ്റു നാട്ടുകാരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നോക്‌ലാക്കിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ആതിഥ്യമര്യാദകളെക്കുറിച്ചും ഇനി നടത്തേണ്ട ദീര്‍ഘമായ 18 മണിക്കൂര്‍ യാത്രയെ കുറിച്ചുമൊക്കെ ഓര്‍ത്തുപോയി.

വില്ലേജ് കാണാന്‍ പുറപ്പെട്ടത്. ഏറ്റവും ഉയരം കൂടിയ ഹോകിയന്‍ ഗ്രാമത്തില്‍ നിന്ന് നോക്കിയാല്‍ നിരവധി വില്ലേജുകള്‍ കാണാം. ഏറ്റവും ഉയരത്തില്‍നിന്ന് മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ ഇവിടെ ഗ്രാമീണര്‍ പ്രത്യേക സന്ദര്‍ശക ഗ്യാലറിതന്നെ ഒരുക്കിയിട്ടുണ്ട്. നൂറിലധികം വീടുകളുള്ള ഹോകിയന്‍ ഗ്രാമത്തിലൂടെ നടന്ന് മണിക്കൂറുകള്‍ ചിലവിട്ട് തിരിച്ചുവരുന്നതിനിടയിലാണ് ഗ്രാമത്തിലെ ഒരിടത്തിരുന്ന് ഒരാള്‍ കാട്ടിറച്ചി ചെറിയ കമ്പുകളില്‍ കോര്‍ത്ത് കഷ്ണങ്ങളാക്കി വില്‍പ്പനക്ക് വച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വേട്ടയാടി പിടികൂടിയ കാട്ടുപോത്തിന്റെ മാംസമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വെച്ചിരിക്കുന്നത്. കാട്ടുപോത്തിന്റെ തലയും ഒരു മരക്കമ്പില്‍ കുത്തിനിര്‍ത്തിയിരിക്കുന്നു. ഒരു കിലോ ഗ്രാമിന് 240 രൂപയാണ് വില. ഇതിനുപുറമെ മറ്റു കാട്ടുമൃഗങ്ങളുടെ മാംസവും വ്യത്യസ്തതരം ഇലകളും ഗ്രാമത്തിനടുത്ത് വില്‍പ്പനക്ക് വച്ചിട്ടുണ്ടായിരുന്നു. അടുത്തകാലം വരെ പട്ടിയിറച്ചിയും ഇവിടങ്ങളില്‍ ഇങ്ങനെ വിറ്റിരുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ വന്നാല്‍ പട്ടിയിറച്ചി ലഭിക്കാന്‍ പ്രയാസമില്ലെന്നും നാഗന്മാര്‍ പറയുന്നു. പട്ടിയും കാട്ടുപോത്തും പന്നിയും പാമ്പുമൊക്കെ നാഗന്മാരുടെ ഇഷ്ടഭക്ഷണങ്ങളാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.