പാലക്കാട്: കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസിന്റെ യുവരക്തം വി.ടി ബല്‍റാം കൈയടക്കിയ മണ്ഡലം പിടിച്ചെടുക്കാന്‍ മുന്‍ എം.പി എം.ബി രാജേഷിനെ തന്നെ സി.പി.എം നിയോഗിച്ചതോടെ തൃത്താലയിലെ പോരാട്ടത്തിന് മുന്‍പില്ലാത്ത വീറും വാശിയുമാണ്.
2006 വരെ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന തൃത്താലയില്‍ ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. 2011ല്‍ സി.പി.എം സ്ഥാനാര്‍ഥി പി. മമ്മിക്കുട്ടിയെ പരാജയപ്പെടുത്തി വിജയിച്ച വി. ടി ബല്‍റാം 2016 ലും ഭൂരിപക്ഷം കൂട്ടി ജയം ആവര്‍ത്തിക്കുകയായിരുന്നു.
തൃത്താല യു.ഡി.എഫിനെന്നപോലെ ഇടതുമുന്നണിക്കും അഭിമാനപ്രശ്‌നം കൂടിയാണ്. അതിനൊരുകാരണം കൂടിയുണ്ട്. സമൂഹമാധ്യമത്തില്‍ എ.കെ.ജിക്കെതിരേ ബല്‍റാം നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് എം.എല്‍.എ.യുടെ പൊതുപരിപാടികള്‍പോലും സി.പി.എം ബഹിഷ്‌കരിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ഇടക്കാലത്ത് കെട്ടടങ്ങിയെങ്കിലും തിരഞ്ഞെടുപ്പടുത്തതോടെ വീണ്ടും ചര്‍ച്ചകളിലെത്തി.
മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി എം.ബി രാജേഷ് ഇടതുസ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരം വീണ്ടും വീറുറ്റതായിമാറി. പതിവ് ശൈലിവിട്ട് വലിയ രീതിയിലുള്ള പ്രചാരണമാണ് ഇടതുമുന്നണിപ്രവര്‍ത്തകര്‍ രാജേഷിനായി നടത്തുന്നത്. 2011ല്‍ നഷ്ടപ്പെട്ട മണ്ഡലം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന വാശിയിലാണ് പ്രവര്‍ത്തകര്‍. ശ്രദ്ധേയനായ നേതാവിനെ തൃത്താലയ്ക്കു ലഭിച്ചതോടെ ഇടതുക്യാംപിലും വലിയ ഉണര്‍വാണ്.
പത്തുവര്‍ഷത്തെ പ്രവര്‍ത്തനവും ഈ മണ്ഡലക്കാരനെന്ന പരിചയസമ്പത്തുമാണ് വി.ടി ബല്‍റാമിന്റെ നേട്ടം. തൃത്താലയില്‍ കഴിഞ്ഞ കാലയളവില്‍ കൊണ്ടുവന്ന വികസനനേട്ടങ്ങള്‍ തന്നെയാണ് പ്രചാരണവിഷയവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴുപഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി നാലുപഞ്ചായത്തുകളില്‍ ഭരണം കിട്ടിയതും യു.ഡി.എഫിന് അത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
തൃത്താലയെ മാറ്റിയെടുക്കുമെന്ന പ്രചാരണമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ശങ്കു ടി. ദാസ് നടത്തുന്നത്. ശബരിമല വിഷയത്തില്‍ ആചാരണ സംരക്ഷണപ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് അദ്ദേഹം.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടിയിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതും വലതും ഏറെക്കുറെ ബലാബലത്തിലാണ്. കഴിഞ്ഞതവണ 14,000ല്‍പരം വോട്ടുകള്‍ ബി.ജെ.പി നേടിയിട്ടുണ്ട്.
Comments are closed for this post.