2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പച്ചക്കോട്ടയില്‍ പച്ചതൊടാന്‍ മലപ്പുറത്ത് നേരങ്കം

അശ്‌റഫ് കൊണ്ടോട്ടി

മലപ്പുറം: ജനസംഖ്യയിലും തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലും കേരളത്തില്‍ ഒന്നാമതാണ് മലപ്പുറം. മലപ്പുറത്തിന്റെ മനസ് കീഴടക്കിയാല്‍ ഉണ്ടാകും കേരള രാഷ്ട്രീയത്തിലും ഒരിടം. അതിനാല്‍ തന്നെ എക്കാലത്തേയും തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്തേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുക പതിവു കാഴ്ചയാണ്. മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ഉരുക്ക് കോട്ടയാണിതെങ്കിലും ഏതാനും വര്‍ഷമായി ഈ പച്ചത്തുരുത്തിലും തങ്ങള്‍ക്ക് ഒരിടമുണ്ടെന്ന് ഇടതു പക്ഷത്തിനും ബോധ്യമായി. അതിനാല്‍ തന്നെ യു.ഡി.എഫും എല്‍.ഡി.എഫും ഇക്കുറി സംസ്ഥാന രാഷ്ട്രീയം തൊട്ട് പ്രദേശിക രാഷ്ട്രീയം വരെ പറഞ്ഞു ച്രചാരത്തില്‍ സജീവമായിരിക്കുകയാണ് ഇവിടെ.

122 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് 2512 ജനപ്രതിനിധികളെയാണ് മലപ്പുറത്ത് നിന്നു തെരഞ്ഞെടുക്കേണ്ടത്. 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍,12 നഗരസഭകള്‍ 32 ഡിവിഷനുള്ള ജില്ലാപഞ്ചായത്ത് എന്നിവ ഉള്‍പ്പെടുന്നതാണ് മലപ്പുറം ജില്ല. 94 പഞ്ചായത്തുകളില്‍ 51 ഇടത്തും കഴിഞ്ഞതവണ യു.ഡി.എഫ് ഭരണമായിരുന്നു.
35 ഇടങ്ങളില്‍ എല്‍.ഡി.എഫും ആറിടങ്ങളില്‍ മുസ്‌ലിം ലീഗ് ഒറ്റക്കുമായിരുന്നു ഭരണത്തിലേറിയത്. പറപ്പൂര്‍, ചേലേമ്പ്ര എന്നിവിടങ്ങളില്‍ ജനകീയ മുന്നണികളാണ് അഞ്ച് വര്‍ഷം ഭരിച്ചത്. ജില്ലാ പഞ്ചായത്തില്‍ 32 ഡിവിഷനുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. ശേഷിക്കുന്ന 27 ഡിവിഷനുകളും യു.ഡി.എഫായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. 12 നഗരസഭകളില്‍ ഒന്‍പത് എണ്ണം യു.ഡി.എഫും മൂന്നെണ്ണം എല്‍.ഡി.എഫിനൊപ്പവുമായിരുന്നു. പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി നഗരസഭകളാണ് എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്നത്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണവും യു.ഡി.എഫിനൊപ്പമാണ്. പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍ എന്നിവയാണ് എല്‍.ഡി.എഫിനൊപ്പമുളളത്.
2015-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ അപചയവും മുന്നണികള്‍ക്കുളളിലെ വിള്ളലുകളുമാണ് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നത്. പരസ്പര വിരുദ്ധ മുഖങ്ങളായ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കി അധികാരത്തിലേറിയ വിചിത്ര കാഴ്ചയാണ് ജില്ലയില്‍ കണ്ടത്.

എന്നാല്‍ ഇത്തവണ അനൈക്യം മറന്നാണ് ജില്ലയില്‍ യു.ഡി.എഫ് മത്സരിക്കുന്നത്. കരുവാരക്കുണ്ടിലും പെന്മുണ്ടത്തുമാണ് യു.ഡി.എഫ് വേറിട്ട് മത്സരിക്കുന്നത്. കരുവാരക്കുണ്ടില്‍ 21 വാര്‍ഡില്‍ നാലു വാര്‍ഡുകളില്‍ ഒഴികെ മറ്റു വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം ത്രികോണ മത്സരമാണ്. പൊന്‍മുണ്ടത്തും ലീഗ്, കോണ്‍ഗ്രസ്, സി.പി.എം ത്രികോണ മത്സരമാണ്. എല്‍.ഡി.എഫില്‍ സി.പി.എം-സി.പി.ഐ അനൈക്യം പരിഹരിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും യു.ഡി.എഫിന് പിന്തുണ നല്‍കിയും ഒറ്റക്കും സി.പി.ഐ മത്സരിക്കുന്നുണ്ട്.

സീറ്റ് വിഭജന തര്‍ക്കമാണ് നിലവിലെ പ്രശ്‌നം. ബി.ജെ.പി നിലവിലുളള സീറ്റുകള്‍ നിലനിര്‍ത്താനാണ് പരിശ്രമിക്കുന്നത്. പി.ഡി.പി, എസ്.ഡി.പി.ഐ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്.

യു.ഡി.എഫും എല്‍.ഡി.എഫും ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് പുതുമുഖങ്ങളായ യുവാക്കളെയാണ്. മുസ്‌ലിം ലീഗിലും സി.പി.എമ്മിലും 90 ശതമാനവും യുവാക്കളാണ് ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ ജില്ലാ പഞ്ചായത്ത് വരെയുളള ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത്. യു.ഡി.എഫിലെ റിബല്‍ ശല്യത്തിന് മുസ്‌ലിം ലീഗിന് തടയിടാന്‍ ആയെങ്കിലും കോണ്‍ഗ്രസിന് പൂര്‍ണമായും കഴിഞ്ഞിട്ടില്ല.

2015 നേക്കാള്‍ ത്രിതല പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കേരള രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക തലത്തില്‍ ചെയ്ത പ്രവര്‍ത്തികള്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍, പെന്‍ഷന്‍ വര്‍ധന, കൊവിഡ് കിറ്റ്, പ്രളയ സഹായം അടക്കം താഴെ തട്ടില്‍ പ്രചാരണം ആയുധമാക്കിയാണ് എല്‍.ഡി.എഫ് രംഗത്തുളളത്. തെരഞ്ഞെടുപ്പില്‍ ‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല..’എന്ന് പറഞ്ഞ രീതിയില്‍ ആരത് ശരിയാവുമെന്നതിന് 16 വരെ കാത്തിരിക്കേണ്ടിവരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.