2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വഞ്ചനയില്‍ ഒതുക്കിയ തോട്ടണ്ടി അഴിമതി


വിവാദമായ തോട്ടണ്ടി ഇറക്കുമതി കേസില്‍ സര്‍ക്കാരിന്റെ കടുത്ത നിഷേധ നിലപാടിനിടയിലും സി.ബി.ഐ നാടകീയമായി കുറ്റപത്രം സമര്‍പ്പിച്ചു. ഇടപാടില്‍ 500 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ സ്വഭാവികമായും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്താറുള്ളത്. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ ക്രമക്കേടില്‍ പ്രതിസ്ഥാനത്തുള്ള ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എം.ഡിയും ഇപ്പോഴത്തെ ഖാദി ബോര്‍ഡ് സെക്രട്ടറിയുമായ കെ.എ രതീഷ് എന്നിവര്‍ക്കെതിരേ ഈ വകുപ്പുകള്‍ ചുമത്താനാകാതെയാണ് സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കേണ്ടിവന്നത്. ഇവര്‍ക്കെതിരേ ശക്തമായ അഴിമതിവിരുദ്ധ വകുപ്പുകള്‍ ചുമത്താനുള്ള തെളിന് ഇല്ലാഞ്ഞിട്ടല്ല വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ മാത്രം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐ ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഇത് സംഭവിച്ചത്. ഇവരെക്കൂടാതെ തോട്ടണ്ടി ഇറക്കുമതി കരാറെടുത്ത ജെ.എം.ജെ ട്രേഡേഴ്‌സ് ഉടമ ജെയ്‌മോന്‍ ജോര്‍ജും കേസില്‍ പ്രതിയാണ്.
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായിട്ടും പ്രോസിക്യൂഷന്‍ അനുമതി എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊടുക്കാതിരുന്നത് ഗൗരവമുള്ള കാര്യമാണ്. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ചുമത്താന്‍ കഴിയാതെപോയതും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തവര്‍ ‘സുരക്ഷിതരായി’ കഴിയുന്നതും.

അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച്, അഴിമതി കണ്ടെത്താന്‍ സോഫ്റ്റ്‌വെയര്‍ പദ്ധതിയൊക്കെ നടപ്പാക്കുമെന്ന് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്തുകൊണ്ടാണ് ഈ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന ചോദ്യം നേരത്തെ ഉയര്‍ന്നതാണ്. സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനിടയിലും വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ക്രമക്കേടുണ്ടെങ്കില്‍ അതു പുറത്തുവരണമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ രാഷ്ട്രീയക്കാരണങ്ങളാല്‍ ഉന്നത ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ കരുക്കള്‍ നീക്കാറുണ്ട്. പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് സുപ്രിംകോടതി വരെ പോയതും ലൈഫ്മിഷന്‍ പദ്ധതിയില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചതും അടുത്തകാലത്താണ്. ഐ.എന്‍.ടി.യു.സി നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ചേര്‍ന്ന് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ ക്രമക്കേട് പുറത്തുവരാതിരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എന്തു താല്‍പര്യമാണുള്ളതെന്നാണ് ആദ്യം ഉയരുന്ന ചോദ്യം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പ്രതിസ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷം നിശബ്ദമാകുക സ്വഭാവികമാണ്. എന്നാല്‍, ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനവുംകൂടി കൈകോര്‍ത്തപ്പോള്‍ എങ്ങനെയാണ് അഴിമതിക്കേസ് ഇല്ലാതാക്കുന്നതെന്നതിന്റെ തെളിവായി മാറുകയാണോ തോട്ടണ്ടി ഇറക്കുമതി കേസെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന കെ.എ രതീഷ് പിന്നീടുവന്ന ഇടതുസര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ വിവിധ ഉന്നത തസ്തികകളില്‍ നിയമിക്കപ്പെട്ടുവെന്ന് മാത്രമല്ല, സ്വന്തം ആവശ്യം പരിഗണിച്ച് ശമ്പളം വര്‍ധിപ്പിച്ചും കൊടുത്തു. 500 കോടിയുടെ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന വിവരം അറിയില്ലെന്നായിരുന്നു ഓരോ നിയമനങ്ങള്‍ നടത്തുമ്പോഴും വ്യവസായ വകുപ്പിന്റെ മറുപടി. ഒരുഭാഗത്ത് ഉന്നത തസ്തികകളും ഉയര്‍ന്ന ശമ്പളവും നല്‍കുമ്പോള്‍ മറുഭാഗത്ത് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ കേസ് ഇല്ലാതാക്കാനും ശ്രമം നടത്തി. എന്നാല്‍, തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സി.ബി.ഐ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എങ്കിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ കൂടി ആശ്രയിച്ചിരിക്കും ഇനി കേസിന്റെ തുടര്‍നടപടികള്‍.

അഴിമതിക്കെതിരേ പടവാളോങ്ങുന്ന പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഒരു ഉദ്യോഗസ്ഥനെതിരേ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന സംശയം സ്വഭാവികമായും ജനങ്ങള്‍ക്കുണ്ടാകും. അതിനു മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. 2005 മുതല്‍ 2015 വരെ നടന്ന തോട്ടണ്ടി ഇറക്കുമതിയിലാണ് ക്രമക്കേട് നടന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വന്നത്. നേരത്തെ കശുവണ്ടി വികസന കോര്‍പറേഷനിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിച്ചുവെങ്കിലും അതെല്ലാം എല്‍.ഡി.എഫ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാല്‍ എത്ര വലിയ അഴിമതിയും മൂടിവയ്ക്കാനോ അന്വേഷണത്തെ തടയാനോ കഴിയുമെന്ന് തെളിയിക്കുന്നതാകരുത് തോട്ടണ്ടി ഇറക്കുമതി കേസ്.

സര്‍ക്കാര്‍ നിലപാടിനുപിന്നില്‍ മറ്റു ചില കാര്യങ്ങള്‍ക്കൂടി ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് രതീഷ് എന്ന ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കശുവണ്ടി വികസന കോര്‍പറേഷനില്‍ നിന്ന് നീക്കിയശേഷം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റില്‍ 80,000 രൂപ ശമ്പളമുള്ളപ്പോഴാണ് രതീഷ് ഇന്‍കെലിന്റെ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്ത് ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളത്തില്‍ എത്തുന്നത്. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാനും ശ്രമം നടന്നു. അവസാനം ഖാദി ബേര്‍ഡ് സെക്രട്ടറിയാക്കി. അദ്ദേഹത്തിന്റെ തന്നെ ആവശ്യം പരിഗണിച്ച് 80,000 രൂപയില്‍ നിന്ന് ഈയടുത്ത് ശമ്പളം 1,72,000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. കിന്‍ഫ്ര എം.ഡിയുടെ സമാനമായ ശമ്പളമാണിത്.

കണ്ണൂര്‍ ഇരിണാവില്‍ 50 കോടി ചെലവില്‍ ഖാദി ബോര്‍ഡ് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് കേരള ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് രതീഷ് കത്തെഴുതിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഖാദി ബോര്‍ഡ് അനുമതികൊടുക്കാത്ത പദ്ധതിക്കായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വായ്പ തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിട്ട് എന്തു നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് വ്യക്തമല്ല. ഇതെല്ലാം വ്യക്തമാക്കുന്നത് ഈ ഉദ്യോഗസ്ഥന്‍ ആര്‍ക്കെല്ലാമോ വേണ്ടപ്പെട്ടയാളാണെന്നാണ്. അതൊന്നും അഴിമതി അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണമായിക്കൂട. സത്യം പുറത്തുവരിക തന്നെ ചെയ്യണം. അതിന് അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ കൈക്കൊള്ളുന്ന കാര്യങ്ങള്‍ക്ക് ജനപിന്തുണയും അംഗീകാരവും വേണമെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിയമപരവുമായിരിക്കണം. മറ്റ് താല്‍പര്യങ്ങള്‍ ഇതില്‍ കടന്നുകൂടുന്നത് ഒരു ജനകീയ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കാനേ ഇടയാക്കൂ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.