
ന്യൂഡല്‍ഹി: സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കുള്ള (ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍- ബി.എസ്.ബി.ഡി.എ) സേവനങ്ങളുടെ പേരില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ അഞ്ചുവര്‍ഷം കൊണ്ട് പിടിച്ചത് 300 കോടി രൂപ. 2015-20 കാലയളവില്‍ ബാങ്കിന്റെ 12 കോടി വരുന്ന ബി.എസ്.ബി.ഡി.എ ഉടമകളില്‍ നിന്നാണ് 300 കോടിയിലധികം രൂപ അനാവശ്യമായി പിരിച്ചെടുത്തതെന്ന് ഐ.ഐ.ടി മുംബൈ നടത്തിയ പഠനത്തില്‍ പറയുന്നു. 2018-19 കാലയളവില്‍ 72 കോടിയും 2019-20 കാലയളവില്‍ 158 കോടിയുമാണ് അക്കൗണ്ട് ഉടമകളില്‍ നിന്ന് എസ്.ബി.ഐ ഇത്തരത്തില്‍ പിരിച്ചെടുത്തത്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നാലുതവണയ്ക്ക് മുകളില്‍ നടത്തുന്ന ഓരോ പിന്‍വലിക്കലിനും 17.70 രൂപ ചാര്‍ജ് ഈടാക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം അനീതിയാണെന്നും പഠനം നിരീക്ഷിച്ചു.
രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) തങ്ങളുടെ 3.9 കോടി വരുന്ന ബി.എസ്.ബി.ഡി.എ അക്കൗണ്ടില്‍ നിന്നുള്‍പ്പെടെ പത്തുകോടി രൂപയാണ് പിരിച്ചെടുത്തത്. ഇത്തരം അക്കൗണ്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ എല്ലാ മാനദണ്ഡങ്ങളും എസ്.ബി.ഐ പാലിച്ചില്ലെന്നും പഠനം വിമര്‍ശിച്ചു. രാജ്യം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് അത്തരം ഇടപാടുകളില്‍ നിന്ന് മാറിനില്ക്കാന് ജനങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ബാങ്കുകളുടെ പ്രവര്‍ത്തനമെന്നും പഠനം നിരീക്ഷിച്ചു.