
ന്യൂഡല്‍ഹി: വളര്‍ത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ നാടന്‍ ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കൂടുതല്‍ പരിഗണിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്തിലെ ആഹ്വാനം നടപ്പാക്കാന്‍ കേന്ദ്രം. നാടന്‍ പട്ടികളെയും പൂച്ചകളെയും വിദേശ വിപണികളിലേക്ക് കയറ്റി അയക്കാന്‍ കേന്ദ്ര ഫിഷറീസ്- അനിമല്‍ ഹസ്ബന്‍ഡറി മന്ത്രാലയം പദ്ധതി തയാറാക്കി. ഇതുസംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റിന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞവര്‍ഷം ശുപാര്‍ശ സമര്‍പ്പിച്ചു. മറ്റു മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തോടെ ഈ വര്‍ഷം ജനുവരിയില്‍ സെക്രട്ടേറിയറ്റ് ശുപാര്‍ശ തിരിച്ചുനല്‍കിയിട്ടുണ്ട്.
മിക്ക മന്ത്രാലയങ്ങളും ശുപാര്‍ശയോട് പ്രതികരിച്ചെങ്കിലും ആഭ്യന്തര- പരിസ്ഥിതി മന്ത്രാലയങ്ങള്‍ മറുപടി നല്‍കിയിട്ടില്ല. രാജ്യത്ത് പെരുകുന്ന പട്ടികടി കേസുകള്‍ കുറയ്ക്കാനാണ് പദ്ധതിയെന്നാണ് കേന്ദ്ര ഫിഷറീസ്-അനിമല്‍ ഹസ്ബന്‍ഡറി മന്ത്രാലയം മറ്റു മന്ത്രാലയങ്ങളെ അറിയിച്ചിരിക്കുന്നത്. പേവിഷബാധ കേസുകള്‍ 2030 ഓടെ രാജ്യത്തുനിന്ന് പൂര്‍ണമായും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നും പറയുന്നു.
നിങ്ങള്‍ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അതിലൊന്നെങ്കിലും നാടനായിരിക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നാടന്‍ നായ്ക്കളെ എങ്ങനെ വീടുകള്‍ക്കുള്ളില്‍ വളര്‍ത്താവുന്ന ഇനമാക്കി മാറ്റാന്‍ കഴിയുമെന്ന ഗവേഷണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആരംഭിച്ചിട്ടുമുണ്ട്.