
വാഷിങ്ടണ്‍: വന്‍ സമ്മര്‍ദം ചെലുത്താനുള്ള ട്രംപിന്റെ നീക്കം പരാജയപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു കുഴപ്പമില്ലെന്ന നിലപാടുമായി യു.എസ്. നവംബര്‍ അഞ്ചു മുതല്‍ യു.എസ് ഏര്‍പ്പെടുത്തുന്ന എണ്ണ ഉപരോധം ഈ രാജ്യങ്ങള്‍ക്ക് ബാധകമാവില്ല.
ജപ്പാന്, ദക്ഷിണ കൊറിയ എന്നിവയാണ് എണ്ണ വാങ്ങുന്നതു തുടരുമെന്ന ധാരണയിലെത്തിയ രണ്ടു രാജ്യങ്ങള്‍. ബാക്കിയുള്ള രാജ്യങ്ങള്‍ ഏതാണെന്ന് പുറത്തുവിട്ടിട്ടില്ല. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന യു.എസുമായി ഇപ്പോഴും ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്.
എണ്ണവില കുത്തനെ ഉയര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാവരുതെന്ന നിലയ്ക്കാണ് ഇളവുനല്കിയതെന്നാണ് യു.എസ് വിശദീകരണം. മാര്‍ക്കറ്റില്‍ ആവശ്യമായ എണ്ണ ലഭ്യമാകാതിരുന്നാല്‍ പ്രശ്നമാവും. എന്നാല്‍ ഇറാന് സര്‍ക്കാര്‍ എണ്ണയില്‍ നിന്ന് ആവശ്യമായ വരുമാനം നേടരുതെന്നും അതു നേടിയാല്‍ ഉപരോധത്തിന്റെ പ്രസക്തി നഷ്ടമാവുമെന്നും യു.എസ് കണക്കാക്കുന്നു.
അതേസമയം, കൂടുതല്‍ രാജ്യങ്ങളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ട് വന്നതോടെ, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 15 ശതമാനം കുറഞ്ഞു. വിതരണ വിടവ് നികത്താന്‍ മറ്റ് ഒപെക് രാജ്യങ്ങള്‍ കൂടുതല്‍ ഉല്പാദനം നടത്തുമെന്ന വാര്‍ത്തയും വന്നിരുന്നു. നേരത്തെ, ബാരലിന് 85 ഡോളറുണ്ടായിരുന്ന എണ്ണയ്ക്ക് ഇപ്പോള്‍ 73.04 ഡോളറായി കുറഞ്ഞു.