2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

ഇത്തരം ‘രാജ്യദ്രോഹി’കള്‍ക്ക് ഈ ജയിലുകള്‍ മതിയാകില്ല


ഭാരതമെന്ന മഹാരാജ്യത്ത് നിലനില്‍ക്കുന്ന സകല ജനാധിപത്യ വ്യവസ്ഥകളെയും മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും ഇല്ലാതാക്കാനുള്ള തീവ്രയത്‌നത്തില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുകയും സംഘ്പരിവാര്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സര്‍ക്കാര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകൂടത്തോടുള്ള വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കാനും വേണ്ടിവന്നാല്‍ അതിനെതിരേ സമരം ചെയ്യാനും പൗരര്‍ക്കുള്ള അവകാശം വിനിയോഗിക്കുന്നവരെ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കടുത്ത കുറ്റങ്ങള്‍ ചുമത്തി തടവറയിലടയ്ക്കുകയാണ് ഭരണകൂടം ചെയ്തുപോരുന്നത്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെ തുടക്കമിട്ട ഇത്തരം നടപടികള്‍ ഏറ്റവുമൊടുവില്‍ ഡല്‍ഹിയിലെ കര്‍ഷക സമരം തുടങ്ങിയതോടെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരകളാണ് 21കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമൊക്കെയായ ദിശ രവി, മുംബൈയില്‍ താമസിക്കുന്ന മലയാളി നികിത ജേക്കബ്, മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി ശന്തനു തുടങ്ങിയവര്‍.

ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തെ പിന്തുണയ്ക്കാനായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബര്‍ഗ് എന്ന 18കാരി ട്വിറ്ററിലിട്ട മാര്‍ഗനിര്‍ദേശ രേഖ (ടൂള്‍ കിറ്റ്) പങ്കുവച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ദിശയെ അറസ്റ്റ് ചെയ്യുകയുമുണ്ടായത്. ഗ്രേറ്റയ്‌ക്കെതിരേ കേസെടുത്ത ശേഷമാണ് ഭരണകൂടം ഇവര്‍ക്കെതിരേ തിരിഞ്ഞത്. ഇത്തരം കേസുകള്‍ ചുമത്തുമ്പോള്‍ പാലിക്കേണ്ട സകല ചട്ടങ്ങളും ലംഘിച്ചാണ് നടപടി. കോടതിക്കു മുന്നില്‍ ഹാജരാക്കുകയോ ജാമ്യം നല്‍കുകയോ ചെയ്യാതെ ദീര്‍ഘകാലം തടങ്കലിലിടാവുന്ന കുറ്റങ്ങളാണ് പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രം ചെയ്ത ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം 2015നും 2018നുമിടയില്‍ 191 രാജ്യദ്രോഹക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. യു.എ.പി.എ പോലുള്ള അതിക്രൂരമായ കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് തടങ്കലിലടയ്ക്കപ്പെട്ട നിരവധിയാളുകള്‍ വേറെയുമുണ്ട്. പ്രമുഖ വിപ്ലവകവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. വരവര റാവു, വൈദികനും വയോധികനുമായ സ്റ്റാന്‍ സ്വാമി, ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറും മലയാളിയുമായ ഹാനി ബാബു, തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ് തുടങ്ങി അവരുടെ പട്ടിക നീളുന്നു.
മാവോയിസ്റ്റ് ബന്ധവും മറ്റു തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും പാക് ബന്ധവുമൊക്കെ ആരോപിച്ചാണ് ഇവരെ ഭരണകൂടം കേസില്‍ കുടുക്കിയിരിക്കുന്നത്. എന്നാല്‍ അതിനു വ്യക്തമായ തെളിവുകളൊന്നും ഭരണകൂടത്തിനു നിരത്താനാവുന്നുമില്ല. ഭരണകൂട ഭീകരതയ്‌ക്കെതിരേയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുമൊക്കെ നടന്ന ബഹുജനപ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുകയോ അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കുചേരുകയോ ചെയ്തതു മാത്രമാണ് ഇവര്‍ ചെയ്തതായി സാധാരണക്കാരായ ഇന്ത്യന്‍ ജനതയ്ക്കറിയാവുന്ന കുറ്റം. അതാകട്ടെ ഒരു ജനാധിപത്യ സമൂഹത്തില്‍ പൗരരുടെ അവകാശവും മറ്റൊരര്‍ത്ഥത്തില്‍ പൗരധര്‍മവും തന്നെയാണ്.

രാജ്യത്തെ ഭരണകൂടം ജനവിരുദ്ധ ഭാവമാര്‍ജിക്കുമ്പോള്‍ ശബ്ദമുയര്‍ത്തി അതിനെ തിരുത്തുക എന്നത് ജനതയുടെയെല്ലാം ചുമതല തന്നെയാണ്. ജനാധിപത്യ വ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് അത് അനിവാര്യവുമാണ്. ഭരണകൂടത്തെ ഭയന്ന് പഞ്ചപുച്ഛമടക്കി എല്ലാം അനുസരിക്കുന്ന ശീതരക്തജീവികളുടെ സമൂഹം ജനത എന്നു വിളിക്കപ്പെടാന്‍ ഒരിക്കലും അര്‍ഹരല്ല. അങ്ങനെയാവാതെ പൗരരുടെ ചുമതല നിര്‍വഹിക്കാന്‍ ധീരതയോടെ ഇറങ്ങിത്തിരിക്കുന്നവരാണ് മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് രാജ്യദ്രോഹികളായി ചാപ്പകുത്തപ്പെട്ട് തടവറകളില്‍ കഴിയുന്നത്. അതേസമയം കാശിനും മറ്റുള്ള അധാര്‍മിക നേട്ടങ്ങള്‍ക്കുമൊക്കെയായി രാഷ്ട്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ അന്യരാജ്യങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തവരും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തി ജനതയെ ഭിന്നിപ്പിച്ച് രാഷ്ട്രത്തിന്റെ ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചവരുമൊക്കെയായ കൊടുംകുറ്റവാളികള്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത നിയമനടപടികളില്‍ മാത്രം കുടുങ്ങുകയോ നിയമത്തിന്റെ പിടിയിലകപ്പെടാതെ വിലസുകയോ ചെയ്യുന്ന അവസ്ഥയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മനുഷ്യസ്‌നേഹികള്‍ രാജ്യദ്രോഹികളാക്കപ്പെടുകയും രാജ്യത്തിന്റെ ഭദ്രതയ്ക്കു കോട്ടമുണ്ടാക്കുന്നവര്‍ക്ക് രാജ്യസ്‌നേഹികളെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന വിചിത്രവും തികച്ചും അനീതികരവുമായ അവസ്ഥ നിലനില്‍ക്കുകയാണ് രാജ്യത്ത്.

ജാതിയുടെ പേരിലും ബീഫിന്റെ പേരിലും രാജ്യത്തു നടന്ന കൊലകള്‍, കരിനിയമങ്ങള്‍, പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക നിയമങ്ങള്‍, ഭരണകൂടത്തിന്റെ മറ്റു ജനവിരുദ്ധ നടപടികള്‍ എന്നിവയ്‌ക്കെതിരേയൊക്കെ ശബ്ദമുയര്‍ത്തിയവരെയാണ് അര്‍ബന്‍ മാവോയിസ്റ്റുകളായും രാജ്യദ്രോഹികളായും ചാപ്പകുത്തി കേസില്‍ കുടുക്കിയിരിക്കുന്നത്. ലോകസമൂഹത്തിനു മുന്നില്‍ ഇത് രാജ്യത്തിന്റെ സല്‍പേരിനു ചെറിയ തോതിലൊന്നുമല്ല കളങ്കമേല്‍പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി മനുഷ്യസ്‌നേഹികളുടെ ശബ്ദങ്ങള്‍ ഇതിനൊക്കെ എതിരായി ഉയരുന്നുണ്ട്. അത്തരം പ്രതിഷേധ സ്വരങ്ങളെ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളുടെ വിദേശബന്ധമായി ചിത്രീകരിച്ച് കൂടുതല്‍ ജനാധിപത്യവിരുദ്ധമായ നടപടികളിലേക്കു പോകുകയാണ് ഭരണകൂടം.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ മോദി ഭരണകൂടം ഇനിയുമൊരുപാടാളുകളെ കരിനിയമങ്ങളില്‍ കുടുക്കി തടവിലാക്കുമെന്ന് ഉറപ്പാണ്. ബഹുരാഷ്ട്ര മൂലധന ശക്തികളുടെയും മറ്റും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തം ജനതയെ കൂടുതല്‍ ദുരിതങ്ങളിലേക്കു തള്ളിവിടുന്ന നയങ്ങളാണ് മോദി ഭരണകൂടം സ്വീകരിക്കുന്നത്. അതിനിയും തുടരുമെന്നുറപ്പാണ്. അതിന്റെ ഫലമായി ജീവിതം വഴിമുട്ടുമ്പോള്‍ ഇനിയുമേറെ ജനവിഭാഗങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് അതിലേറെ ഉറപ്പാണ്. അവരെയൊക്കെ രാജ്യദ്രോഹികളായി മുദ്രയടിച്ച് ജയിലിലടയ്ക്കാനാണ് ഭാവമെങ്കില്‍ അത്തരമാളുകളെ അടച്ചിടാന്‍ രാജ്യത്തെ ജയിലുകള്‍ മതിയാകില്ല. ജനവിരുദ്ധതയെ കുറച്ചുകാലം സഹിച്ചാലും അധികകാലം വച്ചുപൊറുപ്പിച്ച ചരിത്രം ഇന്ത്യന്‍ ജനതയ്ക്കില്ലെന്ന് മോദിയും കൂട്ടരും ഓര്‍ക്കുന്നത് അവര്‍ക്കു നന്നായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.