2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിണങ്ങോട്: കര്‍മകുശലനായ സംഘാടകന്‍

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

സംഘാടകരംഗത്തെ മികവും പാണ്ഡിത്യവുംകൊണ്ട് ജനശ്രദ്ധ നേടിയ പിണങ്ങോട് അബൂബക്കര്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകമായിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. സമസ്തയുടെ സമ്മേളനങ്ങള്‍, ആദര്‍ശപ്രചാരണ കാംപയിനുകള്‍ തുടങ്ങിയവയില്‍ ആത്മാര്‍ഥമായി ഇടപെട്ടു. ഒരു സംഘാടകനുണ്ടാകേണ്ട സര്‍വ ഗുണങ്ങളും പിണങ്ങോടിനുണ്ടായിരുന്നു.
 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത നായകരായിരുന്ന ശംസുല്‍ ഉലമയോടും കെ.വി മുഹമ്മദ് മുസ്‌ലിയാരോടുമൊത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അക്കാലഘട്ടത്തിലെ ഏറ്റവും അനിവാര്യമായതായിരുന്നു. 1989ലെ പ്രക്ഷുബ്ധ കാലഘട്ടത്തില്‍ മുന്നണിപ്പോരാളിയായി നിലകൊണ്ടു. ആദര്‍ശ വൈരികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്താന്‍ മുന്‍നിരയില്‍ നിന്നിരുന്നു. തന്റെ തൂലിക അതിനായി വിനിയോഗിച്ചു. ഏത് വിഷയത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പരന്നവായനയും അതിരുകളില്ലാത്ത പഠനവുമാണ് അതിന് പ്രാപ്തനാക്കിയത്. ഓഫിസ് ജോലികള്‍ക്കിടയിലായാലും വിശ്രമത്തിലാണെങ്കിലും വായിക്കാനും എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 
 
സൗമ്യമായ സ്വഭാവം, സ്‌നേഹം നിറഞ്ഞ പെരുമാറ്റം തുടങ്ങി ഒരു വ്യക്തിക്കുണ്ടാകേണ്ട ഉത്തമഗുണങ്ങളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. വലിയവരോടായാലും ചെറിയവരോടായാലും    സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാതെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. 
 
2001 ഓഗസ്റ്റ് 15 മുതല്‍ കരുവാരക്കുണ്ട് മൂസ മുസ്‌ലിയാരുടെ പിന്‍ഗാമിയായി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ ചുമതല ഏറ്റെടുത്ത അദ്ദേഹം തന്റെ കഴിവും പ്രയത്‌നവും സമസ്തയ്ക്ക് വേണ്ടി മുഴുവന്‍ സമയവും വിനിയോഗിക്കുകയായിരുന്നു. ഒരു തലമുറയെ ആത്മീയബോധത്തോടെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടുകളോടെയായിരുന്നു വിദ്യാഭ്യാസ ബോര്‍ഡിലെ പ്രവര്‍ത്തനം. കാലത്തിനനുസരിച്ച് വിദ്യാഭ്യാസ പാഠ്യപദ്ധതികളെ പരിഷ്‌കരിക്കാനും അതിനനുസരിച്ച് അധ്യാപകരെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ വിചക്ഷണരെ ഒന്നിച്ചിരുത്താനും അവരുടെ സേവനം സമസ്തയുടെ സ്ഥാപനങ്ങള്‍ക്ക് ഉപകാരപ്പെടുത്താനും സാധിച്ചത് വലിയ നേട്ടം തന്നെയാണ്. 
 
2002ല്‍ അഞ്ച് മേഖലകളിലായി നടന്ന സമസ്ത പ്ലാറ്റിനം ജൂബിലി – വിദ്യാഭ്യാസ ബോര്‍ഡ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനം അദ്ദേഹത്തിന്റെ സംഘാടക മികവ് വ്യക്തമാക്കുന്നതായിരുന്നു. അഞ്ച് മേഖലകളിലും കുറ്റമറ്റ രീതിയില്‍ തന്നെ സമ്മേളനം നടത്താന്‍ സാധിച്ചു. 2012 ല്‍ വേങ്ങര കൂരിയാട് നടന്ന 85ാം വാര്‍ഷിക സമ്മേളനം, 2016ല്‍ ആലപ്പുഴയില്‍ നടന്ന 90ാം വാര്‍ഷിക സമ്മേളനം, തിരുവനന്തപുരത്ത് നടന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം, കാസര്‍കോട് വാദിതൈ്വബയില്‍ നടന്ന അറുപതാം വാര്‍ഷിക സമ്മേളനം എന്നിവയുടെ വിജയത്തിലെല്ലാം അദ്ദേഹം സജീവമായി പ്രയത്‌നിച്ചു. 
 
സമസ്തക്കൊരു പത്രം എന്ന ചര്‍ച്ച സജീവമായ ഘട്ടത്തില്‍ അദ്ദേഹം അതിനുവേണ്ട പഠനം നടത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും 2014 മുതല്‍ വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സ്ഥാനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് പ്രവര്‍ത്തനം മാറ്റി. സുപ്രഭാതം ദിനപത്രത്തിന്റെ പിറവിയൊരുക്കാനും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. ഉന്നതരായ 
നിരവധി  വ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്ന പിണങ്ങോടിനെ അത്യുന്നതരോടൊപ്പം അല്ലാഹു സ്വര്‍ഗീയ പ്രവേശനം നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.