2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിന്റെ സ്‌നേഹവും കരുതലും

അല്‍ ഹാഫിസ് ദാനിഷ് ഖമര്‍ (ബിഹാര്‍ ഷഹര്‍സ സ്വദേശി, ഇമാം, കണ്ണൂര്‍ ആദികടലായി വട്ടക്കുളം ജുമാമസ്ജിദ് )

നാലുവര്‍ഷം മുന്‍പാണു കേരളത്തിലേക്ക് എത്തിയത്. ഖുര്‍ആന്‍ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയതു ബിഹാറില്‍ നിന്ന്. നാട്ടില്‍ 18 വയസ് കഴിഞ്ഞാല്‍ ജീവിതക്ലേശം കാരണം പലരും കേരളത്തിലേക്കാണു വരിക. ബിഹാറികള്‍ക്കു കേരളമെന്നതു ഗള്‍ഫ് നാടിനു സമാനമാണ്. ജനങ്ങളുടെ സ്‌നേഹവും കരുതലും കേരളത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നു. റമദാനില്‍ കേരളത്തിലെ പള്ളികളില്‍ നോമ്പുതുറയ്ക്ക് എല്ലാവരും ഒരുമിച്ച് കൂടുന്നു. പലതരത്തിലുള്ള വിഭവങ്ങളുമായി വിശ്വാസികള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നതു കാണുന്നതു കണ്ണിനു കുളിര്‍മയാണ്. ബിഹാറിലെ ഗ്രാമങ്ങളില്‍ നോമ്പ് തുറയ്ക്കു പള്ളികളില്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ വളരെ കുറവാണ്. വിഭവങ്ങള്‍ ചെറിയരീതിയില്‍ മാത്രമേയുണ്ടാവൂ. എല്ലാവരും വീടുകളില്‍ നിന്നാണു നോമ്പ് തുറക്കുന്നത്.

ഭക്ഷണങ്ങളില്‍ അത്താഴത്തിനുള്ള വിഭവം കേരളത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അത്താഴത്തിനു ബിഹാറില്‍ പാലാണ് കൂടുതലുണ്ടാവുക. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ പല വിഭവങ്ങളുണ്ടാകുന്നു. ഇതൊരു പുതിയ അനുഭവമായിരുന്നു. എന്നാല്‍ തറാവീഹ് നിസ്‌കാരത്തിനു ഢഞങ്ങളുടെ നാട്ടില്‍ എല്ലാ പള്ളികളിലും ഹാഫിളുകളായിരിക്കും. തറാവീഹ് നിസ്‌കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായും റമദാനില്‍ ഓതിതീര്‍ക്കും. നാട്ടിലുള്ള ഒരുപാട് ഹാഫിളുകള്‍ക്കു ഖുര്‍ആന്‍ ഒരുമാസം കൊണ്ട് നിസ്‌കാരത്തില്‍ ഓതിതീര്‍ക്കാന്‍ കഴിയും. നാട്ടുകാര്‍ ഇതു ക്ഷമയോടുകൂടി ആസ്വദിക്കും. എന്നാല്‍ കേരളത്തില്‍ വളരെ കുറവ് പള്ളികളില്‍ മാത്രമേ തറാവീഹില്‍ ഖുര്‍ആന്‍ ഓതിതീര്‍ക്കുന്നുള്ളൂ. ബാക്കിയുള്ളിടത്ത് തറാവീഹ് നിസ്‌കാരം വേഗത്തില്‍ തീര്‍ക്കുന്നതായും കാണുന്നു.

റമദാനില്‍ പകല്‍ സമയങ്ങളില്‍ സ്ത്രീകളും രാത്രികാലങ്ങളില്‍ പുരുഷന്മാരും മാര്‍ക്കറ്റുകളിലും ടൗണുകളിലും സജീവമാകുന്നതു കേരളത്തില്‍ കാണുന്നു. ഷോപ്പിങ് മാളുകളിലും റമദാന്‍ സ്റ്റാളുകളിലുമായി ഇവര്‍ സമയം ചെലവാക്കുന്നു. എന്നാല്‍ ബിഹാറില്‍ സ്ത്രീകള്‍ റമദാനില്‍ പൂര്‍ണമായും വീടുകളില്‍ ഒതുങ്ങി പ്രാര്‍ഥനകളില്‍ മുഴുകും. പുരുഷന്മാരും അത്യാവശ്യങ്ങള്‍ക്കു മാത്രമാണു പുറത്തിറങ്ങുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം വളരെ മികച്ചതാണ്. ഉദാഹരണം കൊവിഡ് ഒന്നാംതരംഗത്തിന്റെ സമയത്ത് ബിഹാറിലെ അനുഭവം വളരെ മോശമായിരുന്നു. രോഗികള്‍ക്കു ചികിത്സപോലും നിഷേധിച്ചു. രോഗികള്‍ കൂടി. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും സമ്പന്നരെ മാത്രമാണു പരിഗണിച്ചത്. എന്നാല്‍ കേരളത്തില്‍ ഇത്തൊരുമൊരു സാഹചര്യമുണ്ടായില്ല. കേരളത്തില്‍ രോഗികള്‍ കൂടിയാലും ആരോഗ്യ, ജീവകാരുണ്യ പ്രവര്‍ത്തകര്‍ അവര്‍ക്ക് അത്താണിയായി നിന്നു. കേരളം ശരിക്കും സ്വര്‍ഗമാണ്.

   

മറ്റൊരു പ്രധാനകാര്യം വര്‍ഗീയതാണ്. കേരളത്തില്‍ വര്‍ഗീയമായി ഒന്നും കാണുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളമാണ്. ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ വളരെ ഐക്യത്തോടെയാണു ജീവിക്കുന്നത്. എന്നാല്‍ ബിഹാറിലടക്കം മിക്ക സംസ്ഥാനങ്ങളിലും മതംപറഞ്ഞ് വര്‍ഗീയത വളര്‍ത്തുകയാണ്. ബിഹാറില്‍ നിസാരമായ കാര്യങ്ങള്‍ക്കുപോലും പ്രശ്‌നങ്ങളാണ്. അതു ജീവനെടുക്കുന്നതിലേക്കു വരെയെത്തും. എന്നാല്‍ കേരളത്തില്‍ അത്തരം സാഹചര്യമില്ല. ഇവിടെ ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവനും വളരെ സ്‌നേഹത്തോടെ കഴിയുന്നതാണു കാണുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.