പനമരം: മുഖംമൂടി അണിഞ്ഞെത്തി വീട്ടില്‍ കയറിയ അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് വയോധികന്‍ മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ റിട്ട.അദ്യാപകന്‍ കേശവന്‍ (75) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടു പേര്‍ ഇവരുടെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നെന്നാണ് വിവരം. പത്മാവതിയുടെ അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെട്ടു. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമാക്കി. കവര്‍ച്ചാ ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കേശവനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കള്‍ മഹേഷ് മാനന്തവാടിയിലും , മുരളി പ്രസാദ് കോഴിക്കോടും, മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്‌കൂളിലെ റിട്ട. പി.ടി. അധ്യാപകനായിരുന്നു കേശവന്‍.
Comments are closed for this post.