2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജനാധിപത്യ മൂല്യങ്ങള്‍ തകരാന്‍ അനുവദിച്ചു കൂടാ

ഇന്ത്യ ഇന്ന് 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അന്നം നല്‍കുന്ന കര്‍ഷകര്‍ അതിജീവനത്തിനായി ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധറാലി നടത്തുകയാണ്. ബ്രിട്ടിഷ് ഭരണത്തില്‍ നിന്നു മോചിതമായി എഴുപത്തിയൊന്നുവര്‍ഷം പിന്നിട്ടപ്പോഴേക്കും തദ്ദേശീയരായ കോര്‍പറേറ്റുകളുടെ കരാളഹസ്തങ്ങളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു.
ഇന്ത്യന്‍ സേനയുടെ കരുത്ത് വിളംബരം ചെയ്ത് ഒരു വശത്ത് സൈനിക പരേഡ് നടക്കുമ്പോള്‍ മറുവശത്ത് കര്‍ഷകര്‍ അവരുടെ ജീവിതോപാധിയായ ട്രാക്ടറുകളുമായി പ്രതിഷേധറാലി നടത്തേണ്ട ഗതികേടില്‍ ഇന്ത്യന്‍ റിപ്പബ്ലിക് എത്തിനില്‍ക്കുന്നു എന്നത് ഓരോ ഇന്ത്യക്കാരനെയും ഒരേസമയം ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യേണ്ട പ്രശ്‌നമാണ്. ഇന്ത്യന്‍ ഭരണഘടന പ്രഖ്യാപിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ന്നു വീഴുകയാണോ എന്ന് ആശങ്കപ്പെടേണ്ട കാലഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നത്.

റിപ്പബ്ലിക് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യയ്‌ക്കൊരു നിയതമായ ഭരണഘടന നിലവില്‍ വന്നു എന്നതിനെയാണ്. ആ ഭരണഘടന 71 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ കാതലായ ഭാഗങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിലെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. സുതാര്യതയില്ലെങ്കില്‍ ജനാധിപത്യം തകരും. ജുഡീഷ്യറിയുടെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ജനതയോട് വിളിച്ചുപറഞ്ഞത് പരമോന്നത കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരായിരുന്നു. കോടതി മുറി വിട്ടിറങ്ങി വന്ന് പത്രസമ്മേളനത്തിലൂടെയായിരുന്നു അവര്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയത്. രാജ്യതാല്‍പര്യം നീതിപൂര്‍വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ന്നപ്പോഴാണവര്‍ നീതിപീഠത്തില്‍ നിന്നും ഇറങ്ങി വന്ന് ജനങ്ങളോട് സത്യം വിളിച്ചുപറഞ്ഞത്. അന്നത്തേതിനേക്കാളും ഭയാനകമാണ് ഇന്നത്തെ അവസ്ഥ.

ആര്‍.എസ്.എസിന്റെ കോണ്‍ഗ്രസ് മുക്ത ഭരണം അത്ര ലളിതമായി കാണേണ്ട കേവലമൊരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല, ഇന്ത്യന്‍ റിപ്പബ്ലിക്കിന് നേരെയുള്ള വെല്ലുവിളിയാണ് ആ ആഹ്വാനം. ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥ തകരേണ്ടത് ആര്‍.എസ്.എസ് അജന്‍ഡയാണ്. അതാണ് ആ മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. അതിനെത്തുടര്‍ന്നാണ് ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആര്‍.എസ്.എസ് ഇപ്പോള്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളിലേക്ക് തിരിയുമെന്നതിന് സംശയമൊട്ടുമില്ല. ആ നിലക്ക് നോക്കുമ്പോള്‍ കമ്യൂണിസ്റ്റ് മുക്ത കേരളമെന്ന മുദ്രാവാക്യവും വിദൂരമല്ല. നമ്മുടെ മഹാരഥന്മാരായ സ്വാതന്ത്ര്യസമര നേതാക്കള്‍ ചോരയും ജീവനും കൊടുത്ത് നേടിത്തന്ന റിപ്പബ്ലിക് കടങ്കഥയായി മാറുകയാണിപ്പോള്‍.

പരസ്പര സഹിഷ്ണുതയിലാണ് ജനാധിപത്യം ശക്തി പ്രാപിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ശത്രുക്കളില്ല. എതിരാളികളാണ്. എന്നാല്‍ ആ സമവാക്യം മായ്ച്ചുകൊണ്ടിരിക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍. രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകര്‍ പോലും ഭരണകൂട ശത്രുക്കളായി മുദ്രകുത്തപ്പെടുന്നു. കോര്‍പറേറ്റുകള്‍ രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെടുന്നു. തങ്ങള്‍ ശക്തരാണ്, അതിനാല്‍ തങ്ങള്‍ അത് ചെയ്യുമെന്ന ധാര്‍ഷ്ട്യം റിപ്പബ്ലിക്കിന്റെ തകര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്. ശക്തിയുണ്ടായിട്ടും ചിലത് ചെയ്യാതിരിക്കുന്നു ഭരണകൂടമെങ്കില്‍ അവിടെയാണ് റിപ്പബ്ലിക് നിലനില്‍ക്കുന്നത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഇന്ത്യയുടെ മതസഹിഷ്ണുതയ്ക്ക്. മാറിമാറി വന്ന ഭരണകൂടങ്ങളൊക്കെയും ഇതര മതസ്ഥരോട് ഉദാരമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇന്നത് ഇല്ലാതായിരിക്കുന്നു. പരസ്പര വിദ്വേഷവും അസഹിഷ്ണുതയും ഭീതിദമാം വിധം വളര്‍ന്നിരിക്കുന്നു. ഇത്തരമൊരു അവസ്ഥ ഇന്ത്യയില്‍ ഇന്നുണ്ടെങ്കില്‍ അത് ഭരണകൂട സംഭാവനയാണ്. മത സഹിഷ്ണുതയില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം എത്രയോ താഴെയാണിന്ന്.

വിദ്യാഭ്യാസ രംഗമാകെ ആര്‍.എസ്.എസ് എന്നോ നിയന്ത്രണത്തിലാക്കി. ഹിന്ദുത്വ രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, വിദ്യാസമ്പന്നരുടെ ഒരു നിര 2024 ആകുമ്പോഴേക്കും വാര്‍ത്തെടുക്കുക എന്നതാണവരുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ചില മേധാവികള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

വംശവെറിയനായിരുന്ന ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ജനാധിപത്യ മാര്‍ഗത്തിലൂടെയായിരുന്നു അധികാരത്തില്‍ വന്നത്. അതേ ജനാധിപത്യമൂല്യങ്ങളെ ചവിട്ടിയരച്ചു കൊണ്ട് ജര്‍മന്‍ റിപ്പബ്ലിക്കിനെ അയാള്‍ ഉന്മൂലനം ചെയ്തു. സമാന സംഭവങ്ങളാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. തുറന്ന സാമൂഹ്യക്രമങ്ങളുടേയും ജനാധിപത്യത്തിന്റേയും ശത്രുക്കള്‍ അതിന്റെ മൂല്യങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുകയാണിപ്പോള്‍.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസഹിഷ്ണുതയുടേയും ഫെഡറലിസത്തിന്റേയും തായ്‌വേരുകള്‍ അറുത്തു മാറ്റുന്ന ഭഗീരഥയത്‌നമാണ് അണിയറയില്‍ നടക്കുന്നത്. അതു വിജയിക്കുന്ന പക്ഷം ഇപ്പോള്‍ തന്നെ ഛേദിക്കപ്പെട്ട ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അന്ത്യമായിരിക്കും ആ ദിനത്തില്‍ സംഭവിക്കുക. തലമുറകളിലൂടെ ഇന്ത്യ വളര്‍ത്തിയെടുത്ത മതനിരപേക്ഷതയുടേയും ശാശ്വതമൂല്യങ്ങളുടേയും നിരാസമായിരിക്കും അതുവഴി ഉണ്ടാവുക. നമ്മുടെ ഉന്നതമായ സാംസ്‌കാരിക സ്ഥാപനങ്ങളും മൂല്യങ്ങളും നശിപ്പിക്കപ്പെടും. ഏകശിലാ ഭരണകൂടത്തില്‍ കാരുണ്യവും ദയയും അപ്രത്യക്ഷമാകും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി കൈകോര്‍ക്കേണ്ട സമയമാണിത്. ഇപ്പോഴത് പാഴാക്കിയാല്‍ പിന്നീടതിന് നേരമുണ്ടാവില്ല. ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷം ഇത്തരം ചിന്തകള്‍ക്ക് കൂടി അവസരം നല്‍കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.