2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശത്രുവാര്, മിത്രമാര്?

എ.പി കുഞ്ഞാമു

 

ആരാണ് ഇടതുപക്ഷത്തിന്റെ അല്ലെങ്കില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു? കോണ്‍ഗ്രസിന്റെ ശത്രുവാരാണ്? ഇന്ത്യന്‍ മതേതരത്വത്തിനു കടുത്ത വെല്ലുവിളികളുയര്‍ത്തുന്ന ബി.ജെ.പി തങ്ങളുടെ ആധിപത്യം പഴുതില്ലാത്തവിധത്തില്‍ ഭദ്രമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതേതരശക്തികളുടെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കപ്പെടുന്നുവോ എന്ന ആലോചന അസ്ഥാനത്തല്ല. കേരളമുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താനോ പിടിച്ചെടുക്കാനോ ഒക്കെ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് സംഘ്പരിവാര്‍ രാഷ്ട്രീയം. എന്നുമാത്രമല്ല, ഹിന്ദുത്വരാഷ്ട്രീയത്തിന് വലിയ വേരോട്ടമില്ലാത്തവയാണ് ഈ സംസ്ഥാനങ്ങളില്‍ പലതും. അതേസമയം, കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ മതേതരരാഷ്ട്രീയത്തിനോ ദ്രാവിഡ ആശയങ്ങള്‍ക്കോ ഒക്കെ പ്രാമുഖ്യമുള്ള പ്രദേശങ്ങളാണിത്. ഈ പ്രദേശങ്ങളില്‍ പിടിമുറുക്കുകയെന്നത് ബി.ജെ.പിക്ക് ജീവന്മരണ പ്രശ്‌നമാണ്. ബി.ജെ.പിയെ അകറ്റിനിര്‍ത്തുക എന്നത് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള മതേതരരാഷ്ട്രീയത്തിനും. അതിനാല്‍ ബി.ജെ.പിക്കെതിരായി ഈ രണ്ടു രാഷ്ട്രീയശക്തികളും എന്ത് തന്ത്രമാണ് പ്രയോഗിക്കുക എന്നത് ഇന്ത്യയുടെ തന്നെ ഭാവിരൂപം നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രധാനമാണ്. ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയില്‍ മതേതരത്വവും ഹിന്ദുത്വവും പരസ്പരം മുഖാമുഖംനിന്ന് നടത്താനിരിക്കുന്ന അധികാര മത്സരത്തിന്റെ അവസാന വിധി. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം. ആരാണ് സി.പി.എമ്മിന്റെ മുഖ്യശത്രു? അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ?

കട്ടിലൊഴിഞ്ഞുകിട്ടാന്‍

കേരളത്തിലും ബംഗാളിലുമൊഴിച്ച് സി.പി.എം വളരെ ദുര്‍ബലമാണ്. അതിനാല്‍ ബി.ജെ.പിക്കെതിരായുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു ആരാണ് എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. പശ്ചിമബംഗാളില്‍ ഇരുകൂട്ടരും പക്ഷേ മറ്റൊരു ശത്രുവിനെയാണ് നിര്‍മിച്ചുവച്ചിട്ടുള്ളത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ. അതുകൊണ്ട് ബി.ജെ.പിയില്‍നിന്ന് കടുത്തഭീഷണി നേരിടുകയും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന മമതയോട് ഒട്ടും അനുതാപമില്ലാതെ ഇരു കൂട്ടരും തങ്ങളുടേതായ ഒരു മഹാസഖ്യം സ്ഥാപിച്ചിരിക്കുകയാണ്. എന്നാല്‍, ഈ സഖ്യത്തിന്റെ സാധ്യതകളില്‍ സഖ്യത്തിന്റെ ശില്‍പിയെന്നു പറയാവുന്ന സി.പി.എം നേതാവ് ബിമന്‍ ബോസിനു പോലും വലിയ പ്രതീക്ഷകളില്ല. എന്തുവില കൊടുത്തും മമതയെ തോല്‍പ്പിക്കുക എന്നതാണ് സഖ്യത്തിന്റെ അജന്‍ഡ. അതിന് അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫ് എന്ന മുസ്‌ലിം ന്യൂനപക്ഷപ്പാര്‍ട്ടിയെ കൂട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമതയുടെ മുഖ്യപിന്‍ബലം മുസ്‌ലിം വോട്ടു ബാങ്കാണ്. കോണ്‍ഗ്രസിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. ഈ വോട്ടുബാങ്കില്‍ വിള്ളലുണ്ടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിന്റെ ഗുണഭോക്താക്കള്‍ തീര്‍ച്ചയായും ബി.ജെ.പിയായിരിക്കാം. അത് ഒട്ടും കണക്കിലെടുക്കാതെ മമതയുടെ കട്ടിലൊഴിയുന്നത് കാത്തിരിക്കുകയാണ് മഹാസഖ്യം. വിശേഷിച്ചും ഇടതുപക്ഷം. അങ്ങനെ സംഭവിച്ചാല്‍ പ്രസ്തുത സ്ഥാനം കൈയടക്കുക ബി.ജെ.പിയായിരിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ ആരാണ് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും മുഖ്യശത്രു? ബി.ജെ.പിയോ തൃണമൂലോ? ഇതിന് ഉത്തരം കണ്ടെത്താന്‍ വലിയ രാഷ്ട്രീയജ്ഞാനമൊന്നും വേണ്ട.

മമതയുടെ കട്ടിലൊഴിയുന്നത് മഹാസഖ്യം കാത്തിരിക്കുന്നതിനു പിന്നില്‍ പ്രായോഗിക രാഷ്ട്രീയത്തിലെ മറ്റൊരു സാധ്യതാസൂത്രം കൂടിയുണ്ട്. ബി.ജെ.പിക്കും മമതക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ ഒരു തൂക്കുസഭ നിലവില്‍വരുമ്പോഴുണ്ടാകുന്ന പ്രായോഗിക നേട്ടങ്ങളിലാണ് സഖ്യത്തിന്റെ കണ്ണ്. അധികാരത്തില്‍ കയറിപ്പറ്റി തങ്ങളുടെ അവസ്ഥ ഭദ്രമാക്കാം എന്ന സ്വാഭാവിക മോഹം. അപ്പോള്‍ ആര് ആരോടു ചേരും? ബി.ജെ.പിയുടെ കച്ചവട തന്ത്രങ്ങള്‍ ആരെ ആരില്‍ നിന്നൊക്കെ അടര്‍ത്തിയെടുക്കും എന്നുള്ള കാര്യം പ്രവചനാതീതമാണ്. പ്രത്യയശാസ്ത്രപരമായി മാത്രം നീങ്ങുകയാണെങ്കില്‍ മമതയോട് ചേരുക മാത്രമായിരിക്കും സഖ്യത്തിന്റെ മുന്‍പിലുള്ള വഴി. അതുപയോഗിക്കുമോ, മമതാ വിരോധത്തില്‍ മതേതരരാഷ്ട്രീയത്തിനു മുന്‍പില്‍ തുറന്നിടപ്പെട്ടേക്കാവുന്ന ഒരു സാധ്യതയെ തട്ടിയകറ്റിക്കളയുമോ സഖ്യം? അത്തരമൊരു സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന മമതയുമായി ചേരാന്‍ രാഹുല്‍ ഗാന്ധിക്കും കൂട്ടര്‍ക്കും പ്രയാസം തോന്നേണ്ടതില്ല. ബി.ജെ.പിയാണല്ലോ മുഖ്യശത്രു. ആ തോന്നല്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായില്ലായെന്ന ചോദ്യത്തിന് എന്തായിരിക്കും ഉത്തരം? എല്ലാം വെച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമാവുക ആസുരമായ രീതിയില്‍ ഹിന്ദുത്വരാഷ്ട്രീയം അധികാര സ്ഥാപനത്തിന്റെ ഭീഷണി ഉയര്‍ത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള മുന്‍ഗണനകള്‍ നിര്‍ണയിക്കാന്‍ മതേതരശക്തികള്‍ക്ക് സാധിക്കുന്നില്ല എന്നാണ്. മമത കട്ടിലൊഴിയലല്ല പ്രശ്‌നം എന്ന് അവര്‍ക്ക് മനസിലാവുന്നില്ല. മുഖ്യശത്രുവിനെ അവര്‍ തിരിച്ചറിയുന്നില്ല. പശ്ചിമബംഗാളില്‍, അതിന്റെ എല്ലാ പ്രബുദ്ധ പാരമ്പര്യങ്ങളുടേയും പശ്ചാത്തലത്തിലും ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ ആ കേസില്‍ ഒന്നാം പ്രതി ഇടതുപക്ഷമായിരിക്കും. രണ്ടാം പ്രതി കോണ്‍ഗ്രസും.

ഞാനോ നീയോ?

ഇനി കേരളത്തിലേക്കു വന്നാലോ! തെരഞ്ഞെടുപ്പു കാലത്തും തുടര്‍ന്നും മൂന്നു മുന്നണികളും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണമാണ് വോട്ടുകച്ചവടം. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് യു.ഡി.എഫ്. കോലീബി സഖ്യത്തിന്റെ ആവര്‍ത്തനമുണ്ടെന്ന് എല്‍.ഡി.എഫ്. രണ്ടു മുഖ്യമുന്നണികളും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് എന്‍.ഡി.എ. ഇതാണ് കേരളരാഷ്ട്രീയത്തില്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വായ്ത്താരികള്‍. അതില്‍ നേരുണ്ടായാലുമില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. കേരളരാഷ്ട്രീയം അടിസ്ഥാനപരമായ ചില വ്യതിയാനങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയവും കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരുന്ന കേരളത്തില്‍ അതിന്റെ ബലാബലം നിര്‍ണയിച്ചിരുന്ന സാമുദായിക ശക്തികള്‍ക്ക് പകരം ആ സ്ഥാനം ബി.ജെ.പി അഥവാ ഹിന്ദുത്വശക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ആചാരലംഘനം പോലെയുള്ള ഹിന്ദുത്വഅജന്‍ഡകളിലേക്ക് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മാറിയത് അതിന്റെ വ്യക്തമായ സൂചനയാണ്.

ഓരോ മണ്ഡലത്തിലും വളരെ കുറഞ്ഞ വോട്ടുകള്‍ നേടി വെറും ആള്‍സോറാന്‍ മാത്രമായി നിലനിന്ന ബി.ജെ.പിയാണ് ഇന്ന് കേരളത്തില്‍ പല സ്ഥലങ്ങളിലും വിധി നിര്‍ണയിക്കുന്നത്. അവരുടെ വോട്ടു ആര്‍ക്കു കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു ജയാപജയങ്ങള്‍. തൃശൂര്‍ മണ്ഡലത്തെപ്പറ്റിയുള്ള സി.പി.ഐയുടെ വിലയിരുത്തല്‍ ശ്രദ്ധിക്കുക. പത്മജാ വേണുഗോപാലിന്റെ വോട്ടുകള്‍ സുരേഷ് ഗോപി പിടിച്ചാല്‍ മാത്രമേ ജയിക്കൂ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി. പകരം നമ്മുടേതാണ് പിടിക്കുന്നതെങ്കില്‍ തോറ്റു. അതായത് ഇടതു, വലതു മുന്നണികളുടെ വോട്ടുകള്‍ കൈവശപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് സാധിക്കും. അപ്പോള്‍ ആരായിരിക്കണം ഇരുമുന്നണികളുടേയും മുഖ്യശത്രു? ഇപ്പോള്‍ അങ്ങനെയാണോ? മുഖ്യശത്രു ബി.ജെ.പിയാണെന്ന ദൃഢബോധ്യത്തോടെ അവരെ പടിക്കു പുറത്തുനിര്‍ത്താനുള്ള തന്ത്രങ്ങളല്ലേ ഇരുകൂട്ടരും ആവിഷ്‌ക്കരിക്കേണ്ടത്? അത് തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം ഇരുകൂട്ടര്‍ക്കുമില്ല എന്നതാണ് പ്രബുദ്ധ കേരളത്തിന്റെ ദുരന്തം.

ഇരുമുന്നണിയുടേയും മുഖ്യഅജന്‍ഡ മതേതരത്വത്തിന്റെ നിലനില്‍പ്പാണെങ്കില്‍ ഇരുകൂട്ടരുടേയും മുഖ്യശത്രു ബി.ജെ.പിയാണ്, ആയിരിക്കണം. അങ്ങനെയാണെങ്കില്‍ നേമത്ത് ആരു ജയിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ലെങ്കിലും ആരു തോല്‍ക്കണമെന്നതില്‍ ഒരു സന്ദേഹവുമുണ്ടാവില്ല. മഞ്ചേശ്വരത്തും ആരാണ് തോല്‍ക്കേണ്ടത് എന്ന കാര്യത്തില്‍ ശങ്ക പാടില്ല. അതിനു പാകത്തില്‍ വോട്ടുകള്‍ മറിച്ചുചെയ്യുക എന്നതാണ് മുഖ്യശത്രുവിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടെങ്കില്‍ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്, യു.ഡി.എഫ് ചെയ്യേണ്ടിയിരുന്നത്. അതിനെ വോട്ടുകച്ചവടമെന്നോ അവസരവാദമെന്നോ എന്തു പേരു വേണമെങ്കില്‍ വിളിക്കാം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ കച്ചവടം ഹലാലായേ പറ്റൂ.

പ്രബുദ്ധത വീണ്ടെടുക്കുമോ?

എന്നാല്‍, ഇങ്ങനെയൊരു തിരിച്ചറിവിന് പ്രബുദ്ധ കേരളത്തിലെ അതിപ്രബുദ്ധ രാഷ്ട്രീയം പാകപ്പെട്ടിട്ടില്ല എന്നതാണ് സങ്കടകരം. ഇക്കഴിഞ്ഞ ദിവസം ചില ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. ചെന്നിത്തല പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റാവാന്‍ വിസമ്മതിച്ച സി.പി.എം ഭരണം ബി.ജെ.പിക്കു തളികയില്‍ വച്ചുകൊടുത്തിരിക്കുകയാണ്. രണ്ടു തവണ യു.ഡി.എഫ് പിന്തുണച്ചു സി.പി.എം രാജിവച്ചു. മൂന്നാം തവണ സംഗതി ബി.ജെ.പിയുടെ കൈയില്‍ വന്നു. അവണിശ്ശേരിയില്‍ യു.ഡി.എഫിന്റെ പിന്തുണ എല്‍.ഡി.എഫ് നിരാകരിച്ചതിനെത്തുടര്‍ന്നു കോടതിവിധി പ്രകാരം ബി.ജെ.പി അധികാരമേറ്റു. കോട്ടാങ്ങലിലും ഇതാവര്‍ത്തിക്കാന്‍ പോകുന്നു. ബി.ജെ.പി മേല്‍ക്കൈ നേടുന്നതിനെ എല്ലാ നിലക്കും എതിര്‍ക്കേണ്ട സന്ദര്‍ഭത്തില്‍ ഇത്രയ്ക്കും യു.ഡി.എഫ് വിരോധം വേണോ? അത്രയ്ക്കും അകറ്റപ്പെടേണ്ട കക്ഷിയോ കോണ്‍ഗ്രസ്? ഒരു പഞ്ചായത്തില്‍ പോലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിവിരുദ്ധ നിലപാടുയര്‍ത്തിപ്പിടിക്കാനാവുന്നില്ലെങ്കില്‍ എങ്ങനെയാണ് ദേശീയതലത്തില്‍ വിശാലമായ മതേതരഐക്യം കെട്ടിപ്പടുക്കുക? അപ്പോള്‍ ആരാണ് ശത്രു, ആരാണ് മിത്രം?

മുഖ്യശത്രു ആരാണെന്ന കാര്യത്തില്‍ ഈ അന്തവും കുന്തവുമില്ലായ്മ പണ്ട് അനുഭവിച്ചവരാണ് യു.ഡി.എഫുകാര്‍. 1991 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ മുഖ്യശത്രുവായ ഇടതുമുന്നണിയെ തോല്‍പിക്കാന്‍ കോലീബി സഖ്യമുണ്ടാക്കി. വടകരയിലും ബേപ്പൂരിലും ബി.ജെ.പിയോട് ചേര്‍ന്നുനിന്നു. എന്നാല്‍, ഈ പരീക്ഷണത്തെ ഉറച്ചുനിന്നു പരാജയപ്പെടുത്തി തങ്ങളുടെ പ്രബുദ്ധതയും ജനാധിപത്യബോധവും തെളിയിച്ചവരാണ് മലയാളികള്‍. രാഷ്ട്രീയക്കാരുടെ ചെറിയ മനസുകളെ തോല്‍പ്പിച്ച് ശരിയായ സൂക്ഷ്മ രാഷ്ട്രീയം പ്രയോഗിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. നേമത്തും മഞ്ചേശ്വരത്തും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമുള്ള സമ്മതിദായകര്‍ ആരാണ് മുഖ്യശത്രുവെന്ന് തിരിച്ചറിഞ്ഞുവെന്ന് മെയ് രണ്ടിന് ലോകത്തെ ബോധ്യപ്പെടുത്തിയേ തീരൂ. അതാണ് കലുഷമായ ഈ ലോകത്ത് ബാക്കിയായ ഒരേയൊരു പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.