2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഓസ്‌കര്‍, ആര്‍ക്കും എപ്പോഴും ഒരു വിളിപ്പാടകലെ

 

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ആര്‍ക്കും കൈയെത്തിപ്പിടിക്കാവുന്ന അടുത്തായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്ന രാഷ്ട്രീയക്കാരന്‍.
യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരിക്കെത്തന്നെ ഡല്‍ഹിയിലെ തെരുവുകളിലൂടെ ദക്ഷിണേന്ത്യന്‍ ഭക്ഷണം തേടി തനിയെ നടക്കാനും വഴിയില്‍ക്കാണുന്നവരോട് കുശലം പറയാനും യാതൊരു മടിയും കാട്ടാതിരുന്നയാള്‍. ആര്‍ക്കും എപ്പോഴും ഒരു വിളിപ്പാടകലെയായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. മന്ത്രിയായിരിക്കുമ്പോഴും ഓസ്‌കറിനെ തനിച്ചൊന്ന് കാണുക പ്രയാസകരമായിരുന്നു. ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഓഫീസിലും വീട്ടിലും അദ്ദേഹത്തെ കാണാനെത്തിയവരുടെ നീണ്ട ക്യൂ പതിവ് കാഴ്ചയാണ്. ഈ ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് തന്നെ ഓസ്‌കര്‍ ഓരോരുത്തരുടെയും പരാതികള്‍ തീര്‍പ്പാക്കി.
ഒരുകാലത്ത് രാജീവ്ഗാന്ധിയുടെയും പിന്നാലെ സോണിയാഗാന്ധിയുടേയും ഏറ്റവും വിശ്വസ്തനായിരുന്നു ഓസ്‌കര്‍. രാപ്പകലില്ലാതെയായിരുന്നു പാര്‍ട്ടിക്കായുള്ള പ്രവര്‍ത്തനം.
പാര്‍ട്ടിയിലും സര്‍ക്കാരിലും പല പ്രതിസന്ധികളുടെയും പരിഹാരദൂതനുമായിരുന്നു. ഓസ്‌കറിന്റെ നയചാതുര്യം പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടി പലപ്പോഴും ഉപയോഗിച്ചു. നാഗാലാന്‍ഡിലെ വിഘടനവാദികളുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ തന്ത്രങ്ങള്‍ വലിയ വിജയം കണ്ടിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തുടങ്ങി കേന്ദ്രമന്ത്രിപദം വരെ എത്തുന്നതിനിടയിലും സമൂഹത്തിന്റെ ഇതരമേഖലകളില്‍ കൈയൊപ്പുചാര്‍ത്തിയ വ്യക്തിത്വമായിരുന്നു. ഉഡുപ്പി ജനതയ്‌ക്കൊപ്പം ജാതി-മത-ഭാഷാ വേര്‍തിരിവുകളില്ലാതെ അദ്ദേഹം എന്നുമുണ്ടായിരുന്നു.

എല്‍.ഐ.സി ജീവനക്കാരനായും കച്ചവടക്കാരനായും ഒക്കെ ജീവിതത്തിന്റെ തുടക്കനാളുകളില്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് പരീക്ഷണം നടത്തി.
കൃഷിയിലും കൈവച്ചു. കൃഷിമികവിന് സിന്‍ഡിക്കേറ്റ് അഗ്രികള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് മണിപ്പാലിന്റെ ‘ബെസ്റ്റ് റൈസ് ഗ്രോവര്‍’ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
കോണ്‍ഗ്രസിന്റെ പ്രാദേശിക കമ്മിറ്റിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് നടന്നുകയറിയത് ഗാന്ധികുടുംബത്തിന്റെ വിശ്വസ്ത സ്ഥാനത്തേക്കായിരുന്നു. 1972ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1980 ലാണ് ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1984, 1989, 1991, 1996 ലും ഇതേ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. 1998 ലും 2004 ലും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2004 മുതല്‍ 2009 വരെയാണ് കേന്ദ്രമന്ത്രിയായത്. കലാ-കായിക മേഖലകളില്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസിനുണ്ടായിരുന്ന കമ്പം ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.