2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളത്തിലെ സന്ധികള്‍

ഷാഫി കോട്ടയില്‍

സന്ധി എന്ന വാക്കിന് ചേര്‍ച്ച എന്നര്‍ഥം. രണ്ടു വാക്കുകള്‍ തമ്മിലോ വാക്കും പ്രത്യയവും തമ്മിലോ കൂടിച്ചേരുമ്പോള്‍ വര്‍ണങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. സന്ധികളിലുണ്ടാകുന്ന അത്തരം മാറ്റങ്ങള്‍ നാലുവിധമുണ്ട്. ലോപം, ആഗമം, ആദേശം , ദ്വിത്വം എന്നിവയാണവ.

1. ലോപസന്ധി
കണ്ടു+ഇല്ല= കണ്ടില്ല.
ഇവിടെ കണ്ടു എന്ന വാക്കിലെ ഉ എന്ന വര്‍ണവും ഇല്ല എന്ന വാക്കിലെ ഇ എന്ന
വര്‍ണവും കൂടിച്ചേരുമ്പോള്‍ ഉ എന്ന വര്‍ണം ഇല്ലാതാകുന്നു. സംശയം തീര്‍ന്നില്ലെങ്കില്‍ കണ്ടില്ല എന്ന വാക്ക് ഉച്ചരിച്ചു നോക്കൂ. ഇവിടെ ഉ എന്ന ശബ്ദം കേള്‍ക്കാനേ കഴിയുന്നില്ലല്ലോ? ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇല്ലാതാകുന്നതാണ് ലോപസന്ധി.
രണ്ട് ഉദാഹരണങ്ങള്‍ കൂടി.
കാറ്റ്+ അടിക്കുന്നു =കാറ്റടിക്കുന്നു. ( ഉ് കാരം ലോപിച്ചു)
അല്ല+ എന്ന് =അല്ലെന്ന് (അ കാരം ലോപിച്ചു)

2. ആഗമ സന്ധി
രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മൂന്നാമതൊന്നുകൂടി വന്നുചേരുന്നതാണ് ആഗമസന്ധി.
തിരു+ ഓണം=തിരുവോണം.
ഇവിടെ തിരു എന്ന വാക്കിലെ ഉ എന്ന വര്‍ണവും ഓണത്തിലെ ഓ എന്ന വര്‍ണവും കൂടിച്ചേരുമ്പോള്‍ വ എന്ന ഒരു പുതിയ വര്‍ണം വന്നുചേരുന്നു.
ചില ഉദാഹരണങ്ങള്‍ കൂടി.
മഴ+ഉണ്ട് =മഴയുണ്ട് (യ വന്നു)
വാഴ+ഇല =വാഴയില (യ വന്നു)
അ+ഇടം =അവിടം (വ വന്നു)
ഇ+അന്‍ =ഇവന്‍ ( വ വന്നു )
2. ആദേശസന്ധി
മീന്‍+ചന്ത = മീഞ്ചന്ത
ഇവിടെ സംഭവിച്ച മാറ്റം എന്താണെന്ന് മനസിലായോ? ന്‍ പോയി പകരം ഞ വന്നു. ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയി അവിടെ മറ്റൊന്ന് വന്നുചേരുന്നതാണ് ആദേശസന്ധി.
ഉദാഹരണങ്ങള്‍
കണ്‍+നീര്‍ = കണ്ണീര്‍ (ന ക്ക് പകരം ണ വന്നു)
നിന്‍+ചുണ്ട് = നിഞ്ചുണ്ട് (ന്‍ ന് പകരം ഞ വന്നു)
നെല്+മണി = നെന്മണി ( ല് നു പകരം ന് വന്നു)
വിണ്‍+തലം = വിണ്ടലം ( ത ക്ക് പകരം ട വന്നു)
4. ദ്വിത്വസന്ധി
തീകനല്‍ അല്ലെങ്കില്‍ തീക്കനല്‍ ഇതില്‍ ഏതാണ് ശരി? എഴുതുമ്പോഴും പറയുമ്പോഴും ഇങ്ങനെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകാറുണ്ടോ? ദ്വിത്വസന്ധിയുടെ നിയമവിധികള്‍ മനസിലാക്കിയാല്‍ അത്തരം സംശയങ്ങള്‍ ഒഴിവാക്കാം.
എന്താണ് ദ്വിത്വസന്ധി? രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നു ഇരട്ടിക്കുന്നതാണ് ദിത്വസന്ധി.
ഉദാഹണങ്ങള്‍
തീ+കനല്‍ = തീക്കനല്‍
പച്ച+കപ്പ =പച്ചക്കപ്പ
തല+കെട്ട് =തലക്കെട്ട്
നിങ്ങള്‍ ഇപ്പോള്‍ നാലു സന്ധികള്‍ സാമാന്യമായി പരിചയപ്പെട്ടിട്ടേയുള്ളൂ. സന്ധിനിയമങ്ങള്‍ വിശദമായി പഠിക്കാന്‍ നല്ല വ്യാകരണഗ്രന്ഥങ്ങള്‍ വാങ്ങി വായിക്കുക. രസകരവും വിജ്ഞാനപ്രദവുമായ പഠനമാകുമത്.

ആദ്യ വോട്ടിങ് മെഷീന്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യ സര്‍ക്കാറുകള്‍ രൂപീകരിക്കുന്നതിന് എല്ലായിടത്തും തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ബാലറ്റ് പേപ്പറും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും ഒക്കെയാണ് അതിനുള്ള മുഖ്യ ഉപകരണങ്ങള്‍. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിന് ബാലറ്റുപേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത് എവിടെയാണെന്നറിയാമോ? ആസ്‌ട്രേലിയയിലെ വിക്‌ടോറിയ സ്റ്റേറ്റില്‍. 1856 ലായിരുന്നു അത്. ആദ്യ വോട്ടിങ് യന്ത്രം നടപ്പാക്കിയത് 1892 ല്‍ ന്യൂയോര്‍ക്കിലും.
സ്ഥാനാര്‍ഥിയുടെ പേരിനു നേരെയുള്ള ഒരു ലിവര്‍ അമര്‍ത്തിയായിരുന്നു ആദ്യത്തെ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതുകൊണ്ട് ആദ്യത്തെ വോട്ടിങ് യന്ത്രത്തിനു മെക്കാനിക്കല്‍ ലിവര്‍ മെഷീന്‍ എന്നായിരുന്നു പേര്. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ( ഇ.വി.എം ) കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് , വിവി പാറ്റ് എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ്. ഇന്ത്യയില്‍ ആദ്യമായി ഇ.വി.എം മെഷീന്‍ ഉപയോഗിച്ചത് 1982 ല്‍ ഏറണാകുളം ജില്ലയിലെ പറവൂര്‍ ഉപതെരഞ്ഞെടുപ്പിലാണ്. കള്ളവോട്ട് തടയുന്നതിനു ചൂണ്ടുവിരലില്‍ മഷി പുരട്ടുന്ന സമ്പ്രദായം ഇന്ത്യയില്‍ മാത്രമേയുള്ളൂ. 1962 മുതലാണ് അതു തുടങ്ങിയത്.

ദേശീയ പ്രതിജ്ഞ

ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്…. എന്നു തുടങ്ങുന്ന പ്രതിജ്ഞ എത്രയോ തവണ നമ്മള്‍ ചൊല്ലിയിട്ടുണ്ട്. ഇനിയും ചൊല്ലുകയും ചെയ്യും. ആരാകും നമ്മുടെ ദേശീയപ്രതിജ്ഞ എഴുതിത്തയാറാക്കിയത്? ആന്ധ്രപ്രദേശുകാരനായ പൈദിമാരി വെങ്കിട്ട സുബ്ബറാവു ആണ് നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിത്തയാറാക്കിയത്.
വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫിസറായിരുന്ന കാലത്തായിരുന്നു അതു തയാറാക്കിയത്. ആദ്യത്തെ പ്രതിജ്ഞ തെലുങ്ക് ഭാഷയിലായി രുന്നു. പിന്നീട് എല്ലാ ഇന്ത്യന്‍ ഭാഷകളിലും അതു തര്‍ജ്ജമ ചെയ്തു. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധവേളയിലാണ് അദ്ദേഹം ഇതു തയാറാക്കിയത്. യുദ്ധവേളയില്‍ ഇന്ത്യക്കാരുടെ മനസും ശരീരവും ഏകാഗ്രമാക്കിവയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടായിരുന്നു അതു തയാറാക്കിയത്.
മുഖ്യമന്ത്രിയായിരുന്ന പി.വി.ഗോവിന്ദ റാവു ഈ പ്രതിജ്ഞ അന്നത്തെ കേന്ദ്രവിദ്യാഭ്യാസ ഉപദേശക സമിതിക്കു കൈമാറി. 1964 ല്‍ ബെംഗളൂരുവില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തില്‍ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും എല്ലാ സ്‌കൂളുകളിലും ചൊല്ലണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.തുടര്‍ന്ന് 1965 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഇതു നമ്മുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചു. സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ആദ്യപേജില്‍ ദേശീയപ്രതിജ്ഞ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.