2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോളിങ് ശതമാനത്തില്‍ ആശങ്കകളും പ്രതീക്ഷകളുമായി മുന്നണികള്‍

തിരുവനന്തപുരം: വോട്ടെല്ലാം പെട്ടിയിലായി സ്‌ട്രോങ് റൂമിലിരിക്കുമ്പോള്‍ കേരളം എങ്ങോട്ടു ചായുമെന്നതില്‍ ഒരുറപ്പുമില്ലാതെ മുന്നണികള്‍. പോളിങ് ശതമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിലും അവസാന അടിയൊഴുക്കുകളിലും ആശങ്കപ്പെടുകയാണ് നേതാക്കള്‍.

വോട്ടു മറിച്ചെന്ന സ്ഥിരം പല്ലവിയുമായി ഉറപ്പു നഷ്ടപ്പെട്ടവര്‍ രംഗത്തെത്തിക്കഴിഞ്ഞു. കൂട്ടിയും കിഴച്ചും ഇനി മെയ് രണ്ടുവരെ വിജയപ്രതീക്ഷ പുലര്‍ത്തി മുന്നണി നേതാക്കള്‍ മനക്കോട്ട കെട്ടും. ഒരു മാസം നീണ്ടുനിന്ന പ്രചാരണവേളയില്‍ ദൃശ്യമായ ശക്തമായ വീറ് വോട്ടെടുപ്പില്‍ പ്രതിഫലിക്കാത്തതിന്റെ കാരണം തിരയുകയാണ് മുന്നണികള്‍. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലെയും മൂവാറ്റുപുഴയിലെയും ട്വന്റി ട്വന്റിയുടെ സാന്നിധ്യവും ഇവിടെ പോളിങ് ശതമാനം കുറഞ്ഞതും ഇരുമുന്നണികളെയും ഒരേ പോലെ ആശങ്കപ്പെടുത്തുന്നു. ബൂത്ത്തലം വരെയുള്ള കണക്കുകള്‍ ശേഖരിച്ചുള്ള വിശകലനങ്ങളാണ് നടക്കുന്നത്. വിശദ ചര്‍ച്ചകളിലേക്ക് വിഷു അവധിക്കു ശേഷമാകും കടക്കുക.

85 മുതല്‍ 90 വരെ
കിട്ടുമെന്ന് എല്‍.ഡി.എഫ്

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന മേഖലകളിലടക്കം പോളിങ് ശതമാനം ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്നതിനു തെളിവായി ഇടതുപക്ഷം ആശ്വസിക്കുകയാണ്. എന്നാല്‍ ചില ഇടങ്ങളിലൊക്കെ പോളിങ് ആവേശം പ്രകടമായതാകട്ടെ സര്‍ക്കാരിന്റെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ ജനം ഏറ്റെടുത്തതിനു തെളിവായും ചൂണ്ടിക്കാട്ടുന്നു.
85 മുതല്‍ 90നു മുകളിലേക്കാവും ഇടതുമുന്നണിയുടെ സീറ്റ് നിലയെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. സിറ്റിങ് സീറ്റുകള്‍ ഭൂരിഭാഗവും നിലനിര്‍ത്തും. ചിലത് കൈവിടുമെങ്കിലും മറ്റു ചിലത് പിടിച്ചെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാവില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേതിലും മികച്ച ഫലമാകുമെന്ന് കണക്കുകൂട്ടുന്ന സി.പി.എം 14ല്‍ 12ഉം ഉറപ്പായും പോരുമെന്നാണ് അവകാശപ്പെടുന്നത്. നേമത്ത് ബി.ജെ.പിയെ തോല്‍പ്പിക്കും. അവിടെ കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ മൂന്നാമതാകും. കൊല്ലത്തും ആലപ്പുഴയിലും സ്റ്റാറ്റസ്‌കോ നിലനിര്‍ത്തും. കോട്ടയത്തും ഇടുക്കിയിലും കേരള കോണ്‍ഗ്രസി(എം)ന്റെ സ്വാധീനം ഗുണമാകും. മലബാറില്‍ ശക്തി തുടരും. പൗരത്വ വിഷയത്തില്‍ ന്യൂനപക്ഷ വികാരം അനുകൂലമാകുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നു.

80നും 90നുമിടയില്‍
നേടുമെന്ന് യു.ഡി.എഫ്

ഇടതു ശക്തികേന്ദ്രങ്ങളിലടക്കം വോട്ടുനില ഉയരാതിരുന്നത് സര്‍ക്കാരിനെതിരായ വികാരങ്ങളുടെ പ്രതിഫലനമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. മതന്യൂനപക്ഷങ്ങളുടെ ശക്തികേന്ദ്രങ്ങളിലടക്കം യു.ഡി.എഫിനു കാര്യമായ പിന്തുണ കിട്ടിയിട്ടുണ്ടെന്നവര്‍ വിശ്വസിക്കുന്നു. തീരമേഖലയിലും സമാനസാഹചര്യമാണെന്നാണ് പ്രതീക്ഷ.
സര്‍ക്കാരിന്റെ ക്ഷേമ, വികസന അവകാശവാദങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തെങ്കില്‍ പോളിങ് ഉയര്‍ന്നേനെയെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. അവസാന മണിക്കൂറുകളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളും ഇരട്ടവോട്ട് പ്രശ്‌നവും വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ് രാഹുല്‍, പ്രിയങ്ക പ്രചാരണവും തുണയായെന്ന് കണക്കുകൂട്ടുന്നു. വോട്ടെടുപ്പ് ദിവസത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണവും ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. ഇതെല്ലാം വച്ച് 80നും 90നുമിടയില്‍ സീറ്റ് നേടി വിജയിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റുകളിലേറെയും തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ശക്തമായി തിരിച്ചുവരും. നേമം കെ.മുരളീധരന്‍ പിടിക്കും. തിരുവനന്തപുരത്ത് 6 – 7, കൊല്ലത്ത് 5 – 6, ആലപ്പുഴയില്‍ 3 – 4, പത്തനംതിട്ടയില്‍ 3 – 4, തൃശൂരില്‍ 5- 6 എന്നിങ്ങനെ മുന്നേറും. മലപ്പുറത്ത് ലീഗ് മുന്നേറ്റം തുടരും. കോഴിക്കോട്ട് അപ്രതീക്ഷിത മുന്നേറ്റമുണ്ടാകും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവാഗ്രഹിക്കുന്ന മതന്യൂനപക്ഷങ്ങള്‍ തുണച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ പ്രാഥമിക വിലിയിരുത്തല്‍.

മൂന്നുമുതല്‍
ആറുവരെ: എന്‍.ഡി.എ

നേമം ഉള്‍പ്പെടെ മൂന്നുമുതല്‍ ആറുവരെ സീറ്റുകളാണ് എന്‍.ഡി.എ പ്രതീക്ഷയെങ്കിലും ശക്തമായ ത്രികോണപ്പോരിന്റെ പ്രതീതിയുണര്‍ത്തുന്ന പോളിങ് ആവേശം ശതമാനക്കണക്കില്‍ പ്രകടമാകാത്തത് അവരിലും ആശങ്കയുയര്‍ത്തുന്നുണ്ട്. അതിശക്തമായ ത്രികോണപ്പോരാകുമ്പോള്‍ അതിന്റെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിക്കേണ്ടതാണ്. എന്നാല്‍ ഒരുതരം നിസ്സംഗഭാവം പല ജില്ലകളിലും പ്രകടമായതിലാണ് ആശങ്ക. എങ്കിലും മികച്ച പ്രകടനവും പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കളുടെ പ്രചരണവുമെല്ലാം എന്‍.ഡി.എയ്ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണവര്‍.
വട്ടിയൂര്‍ക്കാവില്‍ നിശ്ശബ്ദതരംഗം അനുകൂലമാകും. ഇടതുമുന്നണിയുമായി തുല്യനിലയ്ക്കായിട്ടുണ്ട് പോരാട്ടം. കഴക്കൂട്ടത്തും അട്ടിമറി പ്രതീക്ഷയുണ്ട്. മഞ്ചേശ്വരവും കോന്നിയും മലമ്പുഴയും തൃശൂരും ശക്തമായ മുന്നേറ്റത്തിലൂടെ പിടിച്ചെടുക്കാനാകുമെന്നും എന്‍.ഡി.എ നേതാക്കള്‍ പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News