സ്‌നേഹവും സാന്ത്വനവും സമം ചേര്‍ത്ത് കൂട്ടിക്കുഴച്ച് ഒരുക്കിയ വിഭവസമൃദ്ധമായൊരു അക്ഷര വിരുന്ന്. അതാണ് ഇന്ന് എന്ന വിരുന്ന്. മന:ശാസ്ത്ര ട്രെയിനറും കൗണ്‍സലറും ചിന്തകനും സര്‍ഗധനനായ എഴുത്തുകാരനുമായ എസ്.വി മുഹമ്മദലി ഒരുക്കുന്ന വായനാ വിരുന്ന്.
അക്ഷരം എന്നാല്‍ അനശ്വരം എന്നാണര്‍ഥം. അനശ്വരമായ അക്ഷരങ്ങളെ അസാമാന്യ പാടവത്തോടെ അടുക്കിവച്ച്, ജീവിതഗന്ധിയായ ചേരുവകള്‍ ചേര്‍ത്ത് ആറ്റിക്കുറുക്കിയൊരുക്കിയ അതുല്യമായൊരു മധുര പാല്‍പായസമാണ് ഈ പുസ്തകം.
ആരും ആഗ്രഹിക്കുന്ന വിഷയങ്ങളിലൂടെ, ആശയങ്ങളുടെ വന്‍മലകള്‍ കുഞ്ഞുകുഞ്ഞു വരികളിലൊതുക്കി വച്ച് എഴുത്തില്‍ ഒരു എസ്.വിയന്‍ ടച്ച് വിളിച്ചോതുന്ന അതിമനോഹരമായ ഈ കൊച്ചു പുസ്തകം, മോട്ടിവേഷന്‍ പുസ്തകലോകത്തെ തികച്ചും വേറിട്ട ഒരു സാന്നിധ്യം തന്നെയാണ്.
കെട്ടിലും മട്ടിലും വടിവിലും വിടവിലും വരിയിലും വരയിലും എല്ലാമെല്ലാം. ചാരുതയാര്‍ന്ന പുതുമ ഒരുക്കുന്ന ഈ കവന ശില്‍പം സര്‍ഗ മനസുകള്‍ക്ക് മധുവൂറുന്ന വിരുന്ന് തന്നെയാണ് ഒരുക്കുന്നത്.
ധ്യാനമനസോടെ ഗുരുമുഖം കേള്‍ക്കുന്ന ശിഷ്യന്റെ ആത്മ സംസാരം വായനക്കാരനു മുന്നില്‍, കുന്നിന്‍ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഞ്ഞുനീരുറവ കണക്കേ തുള്ളിതുള്ളിയായി മനസകങ്ങളിലേയ്ക്ക് സാവകാശം ഒലിച്ചിറങ്ങി തണുപ്പ് പടര്‍ത്തുന്ന വല്ലാത്തൊരു അനുഭൂതി ദായകമായ വായനാനുഭവമാണ് പകരുന്നത്.
ലൈഫ് സ്‌കില്ലുകളാണ് പ്രമേയമെങ്കിലും ഓരോ വായനക്കാരന്റെയും സ്വകാര്യ സമസ്യകള്‍ക്കും സങ്കടങ്ങള്‍ക്കും മനസ് തൊട്ട് കാതില്‍ മന്ത്രിക്കുന്ന പരിഹാര വഴികളായാണ് ഓരോ വരിയും അനുഭവപ്പെടുക. മുപ്പത് സീനുകളിലായി ആറ്റിക്കുറുക്കിയ വാക്കുകകളിലൂടെ പച്ചയായ ജീവിതാനുഭവങ്ങളിലെ മുറിവുകളില്‍ സാന്ത്വനത്തിന്റെ മധു പുരട്ടുകയാണ് ഗ്രന്ഥകാരന്‍.
ഓരോ അധ്യായവും കൃത്യം നാലു പേജില്‍ അടുക്കി വയ്ക്കുമ്പോള്‍, അവസാനഭാഗത്ത് പേജ് നിറഞ്ഞ് നിവര്‍ന്നുനില്‍ക്കുന്ന അക്ഷരങ്ങളില്‍ കൊത്തിവച്ച ജീവിതഗന്ധിയായ ആപ്തവാക്യം വായനക്കാരനു മനസില്‍ ചില്ലിട്ടു സൂക്ഷിക്കാന്‍ ലഭിക്കുന്ന സ്‌നേഹസമ്മാനം ആയി മാറുന്നുണ്ട് മിക്ക അധ്യായങ്ങളിലും.
ഒരു ഉദാഹരണം ‘അമ്മ പാല്‍ ചുരത്തുന്നത് ആഹ്ലാദകരമായ അനുഭവമായിരുന്നു; എന്നാല്‍ അതിന്റെ രസച്ചരട് മുറിച്ചുമാറ്റിയപ്പോഴാണ് നമ്മുടെ വളര്‍ച്ച മുന്നോട്ടായത്.’ (സീന്‍ 13)
ഇത്തിരി കാര്യം ഒത്തിരി വരികളിലൂടെ പറയുന്ന മോട്ടിവേഷന്‍ ലോകത്തെ പതിവ് ഗ്രന്ഥങ്ങള്‍ക്കിടയില്‍, ഇത്തിരി വരികളില്‍ ഒത്തിരി കാര്യം പറയുന്ന ഈ കൊച്ചു കൃതിക്ക് സവിശേഷ ഇടമുണ്ടെന്ന കാര്യം അവിതര്‍ക്കിതം. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ ആശീര്‍വാദവും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശിഹാബുദ്ധീന്‍ പൊയ്തുംകടവിന്റെ അവതാരികയും പുസ്തകത്തിന് സവിശേഷ സിന്ദൂരച്ചാര്‍ത്തണിയിച്ചിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ.
Comments are closed for this post.