2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജനാധിപത്യത്തെ തകർക്കുന്ന ജുഡീഷ്യറിയുടെ ഇടർച്ചകൾ

അഡ്വ. എം.സി കുര്യച്ചൻ

സുപ്രിംകോടതി ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ചയുടൻ ജസ്റ്റിസ് അബ്ദുൽ നസീറിന് മോദിഭരണകൂടം ഗവർണർ പദവി സമ്മാനിച്ചത് ജുഡീഷ്യറി എവിടെയെത്തിയെന്ന് വ്യക്തമാക്കുന്നു. നോട്ടുനിരോധനം, ബാബരി മസ്ജിദ് കേസ് മുതലായ കേന്ദ്രസർക്കാരിന് പ്രത്യേകം താൽപ്പര്യമുള്ള കേസുകളിലെല്ലാം, ഗവൺമെന്റിന് അനുകൂല വിധികൾ നൽകിയ ജഡ്ജിക്ക് വിരമിച്ചയുടനെയാണ് മോദി-ഷാ ഭരണകൂടം ഗവർണർ പദവിയെന്ന പാരിതോഷികം വച്ചുനീട്ടിയിട്ടുള്ളത്. ഇത് സർവിസിലുള്ളവർക്കും വരാനിരിക്കുന്നവർക്കുമുള്ള സന്ദേശം കൂടിയാണ്. തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെങ്കിൽ ഫലമെന്തെന്ന് ജസ്റ്റിസ് അഖിൽ ഖുറേഷി, ജസ്റ്റിസ് ജയന്ത് പട്ടേൽ തുടങ്ങി നിരവധി ജഡ്ജിമാർക്കുണ്ടായ അനുഭവങ്ങളിലൂടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതാണ് സ്ഥിതിയെങ്കിൽ വില്ലേജ് ഓഫിസർമുതൽ പ്രധാനമന്ത്രിയുടെ ഓഫിസുവരെ നീളുന്ന ഭരണകൂട-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ തെറ്റായ ചെയ്തികളിൽനിന്ന് ഏക സംരക്ഷണ കേന്ദ്രവും അഭയസ്ഥാനവുമെന്ന ജുഡീഷ്യറിയുടെ മഹത്വവും ശക്തിയും നഷ്ടപ്പെട്ട് കേവലം കടലാസ് പുലിയായി മാറും.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജുഡീഷ്യറി വെല്ലുവിളി നേരിടുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്; പ്രത്യേകിച്ച് അടിയന്തരാവസ്ഥ കാലത്ത്. എന്നാൽ ഇതിനെയെല്ലാം നിസാരവത്കരിക്കപ്പെടുംവിധമാണ് 2014ൽ മോദി അധികാരമേറ്റശേഷം ജുഡീഷ്യറിക്കുമേൽ നടത്തിയ കടന്നുകയറ്റങ്ങൾ. അതിൽ ശ്വാസംമുട്ടിയാണ് സുപ്രിംകോടതിയിലെ നാലു ജഡ്ജിമാർക്ക് ഇതെല്ലാം ലോകത്തോട് വിളിച്ചുപറയേണ്ടിവന്നത്. 2019ൽ മോദി-ഷാ ദ്വയം ഇന്ദ്രപ്രസ്ഥം അടക്കിഭരിക്കാൻ തുടങ്ങിയശേഷം ഇതിന് ആക്കംകൂട്ടുന്നതാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്.

റാഫേൽ വിമാന ഇടപാട് കേസിൽ കുടുങ്ങുമെന്ന ആശങ്കയിൽ പാതിരാ അട്ടിമറിയിലൂടെ സി.ബി.ഐ ഡയരക്ടർ സ്ഥാനം തെറിപ്പിച്ച അലോക് വർമയുടെ കേസ്, നരേന്ദ്രമോദി അംബാനിക്ക് വേണ്ടി ഇടപെടലുകൾ നടത്തിയെന്ന് ഫ്രഞ്ച് പ്രസിഡൻ്റുതന്നെ വെളിപ്പെടുത്തിയ റാഫേൽ കേസ്, അയോധ്യകേസ് തുടങ്ങി നിർണായകമായ പല കേസുകളിലും എൻ.ഡി.എ ഭരണത്തിന് അനുകൂല വിധികൾ നൽകിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച് ചൂടാറും മുമ്പ് ബി.ജെ.പിയുടെ എം.പിയാകുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഈ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സ്ത്രീപീഡന വിവാദവും പരാതിക്കാരിയേയും ഭർത്താവിനെയും സർക്കാർ സർവിസിൽനിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പിരിച്ചുവിടലും കുറ്റവിമുക്തരാക്കി തിരിച്ചെടുക്കലും ഇതുസംബന്ധിച്ച ഔദ്യോഗിക രേഖകൾ പൊതുമണ്ഡലത്തിന് അപ്രാപ്യമാക്കിയതും ദുരൂഹതകൾ ഉയർത്തിയതാണ്. ഇതിനുശേഷമാണ് സർക്കാർ അനുകൂല വിധികളേറെയുമെന്നതും വിരമിച്ചയുടൻ ഇദ്ദേഹം ബി.ജെ.പി എം.പിയായതും അങ്ങേയറ്റം ദുരൂഹവും ആശങ്ക ജനിപ്പിക്കുന്നതുമാണ്.
ഇന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് റിട്ടയർ ചെയ്ത് പിറ്റേന്ന് ഭരണപക്ഷ പാർട്ടിക്കാരും എം.പിമാരും എന്ന നിലവന്നാൽ ഭരണകൂടത്തിന് താൽപ്പര്യമുള്ള വിഷയങ്ങളിൽ കോടതിയെ സമീപിക്കാൻ ആര് ധൈര്യം കാണിക്കും. ഇത്തരം ജുഡീഷ്യറിയുടെ പ്രസക്തിയും ആവശ്യകതയുമെന്താണ്. മുൻപ് വിവരിച്ചവരിൽ മാത്രമൊതുങ്ങുന്ന സംഭവവികാസങ്ങളല്ല ഇത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിക്കുന്നതിന് തൊട്ടുമുൻപ് ജസ്റ്റിസ് പി. സദാശിവം സൊഹ്‌റാബുദ്ധീൻ ഷെയ്ക്ക് കേസിൽ അമിത്ഷായെ കുറ്റവിമുക്തനാക്കുകയും വിരമിച്ചയുടൻ ജസ്റ്റിസ് സദാശിവത്തിന് കേരള ഗവർണർ പദവി സമ്മാനിക്കപ്പെടുകയും ചെയ്യുന്നു. റിട്ടയേർഡ് ജസ്റ്റിസുമാർ ട്രൈബ്യൂണൽ തലവൻമാരാകുന്നതുപോലെയല്ല സംസ്ഥാന ഗവർണർമാരാകുന്നത്. ഗവർണർ എന്നാൽ ആ സംസ്ഥാനത്തെ കേന്ദ്രസർക്കാരിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഏജന്റുമാണ്. റിട്ടയർമെന്റിനുശേഷം പദവികൾ സ്വീകരിക്കാൻ രണ്ടുവർഷക്കാലയളവ് നിശ്ചയിച്ചില്ലെങ്കിൽ സർക്കാരിന് കോടതിവിധികളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

ഭരണകൂടത്തിന്റെ ഇഷ്ടക്കാർക്ക് അനുകൂലവിധികൾ എന്നതാണ് 2014നുശേഷം കാണപ്പെടുന്ന മറ്റൊരു ആരോപണം. മോദിയുടെ ചങ്ങാതിയെന്നറിയപ്പെടുന്ന അദാനിയുടെ ഏഴു കേസുകളിൽ വിധി പറഞ്ഞത് ഒരേ ന്യായാധിപനെന്നത് കേവലം യാദൃച്ഛികമെന്ന് കരുതാനാവില്ല. അദാനിയുടെ കേസുകൾ മുൻഗണനകൾ തെറ്റിച്ച് വിചാരണക്ക് വന്നതും കീഴ്‌വഴക്കങ്ങൾ ലംഘിച്ച് അവധിക്കാല ബെഞ്ചിൽപോലും സീനിയർ ജഡ്ജി അദാനിയുടെ കേസ് പരിഗണിക്കാനെത്തി എന്നതും യാദൃച്ഛികമാണോ. ഇത് സംബന്ധിച്ച് സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന ദുഷ്യന്ത് ദവെ എല്ലാ സുപ്രിംകോടതി ജഡ്ജിമാർക്കും കത്തുകളയച്ചതും വിവാദമായിരുന്നു. ഈ ഏഴ് കേസുകളിലും വിധിപറഞ്ഞ് വിവാദത്തിൽപ്പെട ജസ്റ്റിസ് അരുൺ മിശ്രയും മോദിയുടെ ആരാധകനായിരുന്നു.

2002 ലെ ഗുജറാത്ത് വംശഹത്യ കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നൽകിയ ഹരജി, ഇലക്ടോണിക് മെഷീനുകളിലെ തിരിമറി സംബന്ധിച്ച ഹരജികൾ എന്നിവ തള്ളി നിരന്തരം സർക്കാർ അനുകൂല വിധി പ്രസ്താവങ്ങൾ നടത്തിയ ആളുകൂടിയാണ് ജസ്റ്റിസ് അരുൺ മിശ്ര. ഇദ്ദേഹത്തിന്റെ സഹോദരൻ വിശാൽ മിശ്രയെ മാനദണ്ഡപ്രകാരമുള്ള പ്രായമായ 45 വയസിനുമുമ്പുതന്നെ ചട്ടം മറികടന്ന് ഹൈക്കോടതി ജസ്റ്റിസായി നിയമനം നേടിയെന്നത് സ്വയം സംസാരിക്കുന്നവയാണ്. പ്രായനിബന്ധന സംബന്ധിച്ച് മധ്യപ്രദേശ് ഹൈക്കോടതി കൊളീജിയത്തിന്റെ ന്യായീകരണങ്ങളിൽ സുപ്രിംകോടതി കൊളീജിയം പൂർണതൃപ്തി രേഖപ്പെടുത്തിയാണ് മെമ്മോറണ്ടം ഓഫ് പ്രൊസിജ്വർ ലംഘിച്ച് വിശാൽ മിശ്രയെ ഹൈക്കോടതി ജഡ്ജിയാക്കിയത്. നെഹ്രു-ഗാന്ധി കുടുംബത്തെ മുസ്‌ലിംകളായും അവരെ ഹിന്ദുവിരുദ്ധരായും കാണിച്ചുള്ള വിശാൽ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അന്ന് ഏറെ വിവാദം സൃഷ്ടിച്ചതാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഏറ്റവും ദീർഘകാല സേവനം നടത്തിയ ആളായി 2039ലാണ് സാധാരണ നിലയിൽ അദ്ദേഹം വിരമിക്കുക. ജസ്റ്റിസ് അരുൺ മിശ്ര മോദി-ഷാ ഭരണത്തിന് എത്ര വേണ്ടപ്പെട്ടയാളാണെന്നതിന് അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷനാക്കിയ രീതി കണ്ടാൽ മതി. മനുഷ്യാവകാശ കമ്മിഷൻ ചട്ടങ്ങൾ പ്രകാരം അതിന്റെ ദേശീയ ചെയർമാൻ റിട്ടയർ ചെയ്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരിക്കണം. റിട്ടയർ ചെയ്ത സുപ്രിംകോടതി ജഡ്ജിമാർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകാമെന്ന് നിയമം ഭേദഗതിവരുത്തിയാണ്, ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കിയത്.
ഇതിനെല്ലാം പുറമെയാണ് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച സുപ്രിംകോടതി കൊളീജിയം ശുപാർശ നിരന്തരമായി തടഞ്ഞുവയ്ക്കുന്നത്. ബി.ജെ.പി മഹിളാമോർച്ച അഖിലേന്ത്യാ സെക്രട്ടറിയായും കടുത്ത ന്യൂനപക്ഷവിരുദ്ധത പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയുമായ വിക്ടോറിയ ഗൗരിയെപ്പോലുള്ളവർ ലിസ്റ്റിൽ ഉൾപ്പെട്ടശേഷവും നാലഞ്ചു ജഡ്ജിമാർ ചേർന്ന് ജഡ്ജിമാരുടെ നിയമനം നിശ്ചയിക്കുന്നുവെന്ന് കേന്ദ്ര ഭരണകൂടം വ്യാജപ്രചാരണവും നിയമനം തടസ്സപ്പെടുത്തലും നടത്തിവരികയാണ്. തങ്ങൾക്ക് സംശയമുള്ളവരാരും ലിസ്റ്റിൽ ഇടംപിടിക്കരുതെന്നതാണ് കാര്യം. ചുരുക്കത്തിൽ വിക്ടോറിയ ഗൗരിയെ പോലുള്ളവർ മാത്രം ഹൈക്കോടതി ജഡ്ജിമാരായാൽ മതിയെന്നല്ലേ സാരം.

ഇന്ത്യയിൽ ഭരണഘടനയാണ് എല്ലാറ്റിലും ഉപരിയായുള്ളത്. രാജ്യഭരണത്തെയും ഭരണനിർവഹണത്തെയും ജുഡീഷ്യറിയേയും നിയമനിർമാണത്തെയുമൊക്കെ മുന്നോട്ടു ചലിപ്പിക്കുന്ന ചാലകശക്തിയും വഴികാട്ടിയും ഭരണഘടനയാണ്. ഭരണഘടന പ്രദാനംചെയ്ത നിർവചനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുമാത്രമേ മേൽപ്പറഞ്ഞ ഘടകങ്ങൾക്കെല്ലാം പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. കേശവാനന്ദ ഭാരതി കേസ്, മിനർവ്വ മിൽ കേസ് എന്നിവകൾ പരിഗണിക്കുമ്പോൾ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചുകൾ ഇക്കാര്യം അടിവരയിട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ഭരണഘടനയെ നിലനിൽപ്പിന് ആധാരമായ വിശുദ്ധ ഗ്രന്ഥമായി കരുതാൻ ഓരോ പൗരനെയും പ്രേരിപ്പിക്കുന്നത്. പക്ഷേ കോൺസ്റ്റിറ്റുവന്റ് അസംബ്ലി 1949 നവംബർ 26ന് ഇന്നത്തെ ഭരണഘടന അംഗീകരിച്ചതിനെതിരേ തിരസ്‌കരണ ആഹ്വാനം ചെയ്യുകയും പരിഹാസം ചൊരിയുന്ന ലേഖനങ്ങൾ എഴുതുകയും ചെയ്ത ഒരു പ്രസ്ഥാനവും നേതാക്കളുമുണ്ട് ഇന്ത്യയിൽ. സാക്ഷാൽ ആർ.എസ്.എസും സംഘ്പരിവാർ നേതാക്കളും തന്നെ. ആർ.എസ്.എസിന്റെ ഔദ്യോഗിക ജിഹ്വയായ ഓർഗനൈസർ 1949 നവംബർ 30ന് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു; ‘നമ്മുടെ ഭരണഘടനയിൽ പുരാതന ഭാരതത്തിന്റെ അതുല്യമായ നിയമസംഹിതാ പരിണാമങ്ങളെപ്പറ്റി പരാമർശിക്കുന്നില്ല. സോളോസിന്റെ പേർഷ്യയേക്കാളും ലിക്കർ ഗസിന്റെ സ്പാർട്ടയേക്കാളും ഏറെ കാലംമുമ്പ് എഴുതപ്പെട്ടതാണ് മനുസ്മൃതി. അത് ഇന്നും ലോകത്തിന്റെ ആരാധനയ്ക്ക് പാത്രമാകുന്നു’. ഇതിനു ചുവടുപിടിച്ചും മനുസ്മൃതിയെ വാഴ്ത്തിയും നമ്മുടെ ഭരണഘടനയേയും അതിന്റെ നിർമാതാക്കളെയും പരിഹസിച്ചും ആർ.എസ്.എസ് ആചാര്യൻ ഗോൾവാർക്കറും ലേഖനങ്ങൾ എഴുതുകയും ചെയ്തു.

മുൻ സൂചിപ്പിച്ച ഭരണഘടനാ ബെഞ്ചുകളേക്കാൾ വിപുലമായ അംഗങ്ങളടങ്ങിയ പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച്, ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാമാണ്യത കിട്ടേണ്ടതെന്നും തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റാണ് ജനങ്ങളുടെ ഇച്ഛയെ പ്രതിനിധീകരിക്കുന്നതെന്നും നിയമനിർമ്മാണത്തിൽ ഇടപെടാൻ ജുഡീഷ്യറിക്ക് അധികാരമില്ല എന്നുമുള്ള വിധിയുണ്ടാകില്ലെന്ന് ആരും കരുതേണ്ടതില്ല. അതോടെ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുത്തു, പാർലമെന്റ് നിയമങ്ങൾ പാസാക്കി, സുപ്രിംകോടതി അടക്കം ജുഡീഷ്യറി അത് ശരിവെച്ചു, എല്ലാം നിയമാനുസൃതം എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഭരണകൂടത്തിന് അതു മതി. അങ്ങനെ വന്നാൽ പൗരത്വഭേദഗതിയോ മറ്റെന്ത് കരിനിയമങ്ങളൊ തന്നെയും ഭൂരിപക്ഷത്തിന്റെ പേരിൽ അപ്പം ചുട്ടെടുക്കും പോലെ ചാതുർവർണ്യത്തിന്റെ ഉപാസകർക്ക് പാർലമെന്റിൽ പാസാക്കി നടപ്പാക്കാം. ജഡ്ജി നിയമനങ്ങളിലും ജുഡീഷ്യറിയിലും മോദി-ഷാ, സംഘ്പരിവാർ ഭരണകൂടം പിടിമുറുക്കാൻ ശ്രമിക്കുന്നത് വെറുതെയല്ല. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന ധാരണയിലോ കോടതി വിഷയങ്ങളിൽ പ്രതികരണം കുറ്റകരമെന്ന് കരുതിയോ പൊതുസമൂഹവും സാധാരണക്കാരും ഒന്നുമറിയാത്ത മട്ടിലാണ്. പ്രതിപക്ഷവും താരതമ്യേന കുറ്റകരമായ മൗനത്തിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.