
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ കോണ്‍ഗ്രസില്‍ കാര്യമായ അഴിച്ചുപണി വേണ്ടെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ചെറിയ മാറ്റങ്ങള്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സുധാകരനും അഭിപ്രായപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര നിരീക്ഷകരായ പി.വി. മോഹന്‍, ഐവന്‍ ഡിസൂസ, പി.വിശ്വനാഥന് എന്നിവര്‍ക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വീണ്ടും കേരളത്തിലെത്തിയിരുന്നു.
ഇന്നലെ കെ.പി.സി.സി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗങ്ങളാണ് ഇവര്‍ വിളിച്ചുചേര്‍ത്തത്. ഇതിനിടയിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മാറ്റം വേണമെന്ന നിലപാടാണ് കൊടിക്കുന്നില്‍ സുരേഷ് സ്വീകരിച്ചത്.
പന്തളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതല്‍ തെറ്റ് തിരുത്തിയിരുന്നുവെങ്കില്‍ ഇത്തവണ ബി.ജെ.പി നേട്ടം കൊയ്യില്ലായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഡി.സി.സി അധ്യക്ഷ പദം വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ വരാന്‍ സാധ്യതയുണ്ട്.
പ്രവര്‍ത്തനം മോശമായ ജില്ലകളിലും മാറ്റം ഉണ്ടാകും. മണ്ഡലം,ബ്ലോക്ക് കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലയുള്ള സെക്രട്ടറിമാര്‍ ഉടന്‍ റിപ്പോര്‍ട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവര്‍ത്തനം മോശമായ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. ഒരാഴ്ചക്കകം ഈ നടപടി പൂര്‍ത്തിയാക്കും. ബൂത്ത് കമ്മിറ്റികള്‍ ഉടന്‍ ചേരാനും തീരുമാനമായിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസിലാക്കുന്ന പ്രക്രിയ വ്യാഴാഴ്ച്ച തുടങ്ങും.