2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈരുധ്യാത്മക കാലത്തെ  പി.എസ്.സി സമരം

ടി.കെ ജോഷി

 

സമരം അവസാനിപ്പിക്കേണ്ടത് അതിനു നേതൃത്വം നല്‍കുന്നവരാണെന്നു പറഞ്ഞത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്. തൊഴിലിനായി സെക്രട്ടേറിയറ്റ് പടിക്കല്‍ 25 ദിവസത്തിലേറെയായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോടാണ് മുഖ്യമന്ത്രിയുടെ പുതിയ സമീപനം. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിലും തിരുവനന്തപുരത്ത് തൊഴിലിനായി സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടിലും സമാനത വന്നത് യാദൃച്ഛികമായിരിക്കാം. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വരെ തിരുത്തല്‍ വരുത്തുന്ന കാലത്ത് സി.പി.എം സമരത്തിന്റെ രീതിശാസ്ത്രത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുന്നതില്‍ തെറ്റുപറയാനാവില്ല. ഭരണകാലത്തെ സമരം, പ്രതിപക്ഷത്തുള്ളപ്പോഴുള്ള സമരം എന്നിങ്ങനെ രണ്ടു രീതിയിലുള്ള സമരമാര്‍ഗങ്ങളാണ് പിന്തുടരേണ്ടതെന്ന് പാര്‍ട്ടി ക്ലാസില്‍ വിശദീകരിച്ചാല്‍ അണികള്‍ക്ക് മനസിലാക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ സമരമെന്നോ പ്രതിഷേധമെന്നോ ജീവിതമെന്നോ വേര്‍തിരിക്കാനാകാതെ സെക്രട്ടേറിയറ്റ് പടിക്കല്‍ ഇരിക്കുന്ന സാധാരണക്കാരായ ഒരുപറ്റം ഉദ്യോഗാര്‍ഥികളോട് സ്വന്തം നിലയ്ക്കു സമരം അവസാനിപ്പിക്കാന്‍ പറയുമ്പോള്‍ അതെങ്ങനെയെന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതായിരുന്നു.

കവിത പോലെ ആസ്വാദ്യകരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന സമരഭൂമിയാണ് തലസ്ഥാനം. വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ സംഗീതമുണ്ടെങ്കിലും മറ്റാരോ എഴുതിനല്‍കിയ ആ വരികള്‍ ഏറ്റുപാടുന്നവര്‍ മാത്രമായിരുന്നു തലസ്ഥാനം ഏറെ കാണുന്ന പതിവു സമരക്കാര്‍. എന്നാല്‍ ‘ഞങ്ങള്‍ക്ക് ജീവിക്കാനൊരു തൊഴില്‍ തരൂ’ എന്ന മുദ്രാവാക്യത്തില്‍ സംഗീതമില്ല, ആസ്വാദ്യകരമല്ല ആ വരികള്‍. പക്ഷേ അതു മുഴങ്ങുന്നത് ദൈന്യത നിറഞ്ഞ മനസിന്റെ ഉള്ളറകളിലെ നിസ്സഹായതയില്‍ നിന്നാണെന്ന് തിരിച്ചറിയാതെ പോകരുതായിരുന്നു ഒരു ജനകീയ സര്‍ക്കാര്‍. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചതും അതാണ്.

  ഇതെഴുതുമ്പോഴും ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിക്കുമോ, അവസാനിപ്പിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന നിഷേധത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും സമരമുഖത്തുണ്ട്. ഉദ്യോഗാര്‍ഥികളുടെ സമരം തീര്‍ന്നാലും ഇല്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പുള്ള കാലമെന്ന നിലയ്ക്കു രാഷ്ട്രീയഫലമുണ്ടാകും. എന്നാല്‍ ഒരുപക്ഷേ, ആദ്യമായി ഒരു സമരമുഖത്തേക്കിറങ്ങേണ്ടി വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തലസ്ഥാന നഗരിയില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ ആശ്വസിക്കാന്‍ എന്തുണ്ടാകുമെന്നത് ഇപ്പോഴും അവ്യക്തമാണ്.

 ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (എല്‍.ജി.എസ്), സിവില്‍ പൊലിസ് ഓഫിസര്‍ (സി.പി.ഒ) എന്നീ റാങ്ക് ലിസ്റ്റിലുള്ളവരാണ് പ്രധാനമായും തിരുവനന്തപുരത്ത് സമരം ചെയ്യുന്നത്. ഇതില്‍ എല്‍.ജി.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈയടുത്ത് ദീര്‍ഘിപ്പിച്ചതിനാല്‍ വരുന്ന ഓഗസ്റ്റ് മൂന്നു വരെയുണ്ടാകും. എന്നാല്‍ സി.പി.ഒ ലിസ്റ്റ് നിലവില്‍ റദ്ദായതാണ്. കേരളത്തില്‍ ഓരോ വര്‍ഷവും നിയമനം കിട്ടുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് ഏറെക്കുറെ ആനുപാതികമായി തന്നെ വിരമിക്കലും നടക്കാറുണ്ട്. അപ്പോള്‍ ശരാശരി നിയമനങ്ങള്‍ ഓരോ റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഓരോ വര്‍ഷവും നടക്കേണ്ടതാണ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം ഇതുവരെ മുന്‍പ് നടന്ന നിയമന അനുപാതങ്ങളെക്കാള്‍ ഏറെ പിറകോട്ടുപോയപ്പോഴാണ് സാധാരണ നിലയ്ക്കു തന്നെ ഇതിനോടകം സര്‍വിസില്‍ കയറാന്‍ കഴിയുമായിരുന്ന ഉദ്യോഗാര്‍ഥികള്‍ സമരരംഗത്തേക്കു വന്നത്. അല്ലാതെ മുഖ്യമന്ത്രിയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നതു പോലെ റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേരും ജോലി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തുകയായിരുന്നില്ല. എസ്.എഫ്.ഐ നേതാക്കളായ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ ക്രമക്കേട് നടത്തി മുന്നില്‍ എത്തിയ ലിസ്റ്റാണ് സി.പി.ഒ. സംഭവം വിവാദമായതോടെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം അഞ്ചു മാസത്തോളം മരവിച്ചു. ഈ കാലപരിധികൂടി കണക്കാക്കിയിരുന്നുവെങ്കില്‍ നിയമനം കിട്ടിയേക്കാവുന്നവരാണ് കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി എത്തിയത്.

 നാലാഴ്ചയോളമായി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുദ്രാവാക്യം അവരുടെ ജീവിതമാണെന്നു തിരിച്ചറിയാതെ പോയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. അവര്‍ സെക്രട്ടേറിയറ്റ് വളയാനെത്തിയ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. പാര്‍ട്ടി ഓഫിസില്‍ അന്തിയുറങ്ങി രാവിലെ കൊടിയുമേന്തി സമരത്തിനെത്തിയവരുമല്ല. കുട്ടികളുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യങ്ങള്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് സമരരംഗത്തേക്കു വന്ന ഭാര്യ, കുടുംബം പുലര്‍ത്താന്‍ ചെയ്തിരുന്ന പെയിന്റിങ് ജോലി തല്‍ക്കാലം നിര്‍ത്തി എത്തിയ യുവാക്കള്‍, സ്വകാര്യ കമ്പനിയിലെ ജോലിയില്‍നിന്ന് അവധിയെടുത്ത്, ഇനി ആ ജോലിയില്ലെന്നു തിരിച്ചറിഞ്ഞ് സമരരംഗത്തു തന്നെ കഴിയുന്നവര്‍… ഇവര്‍ എങ്ങനെ ഉദ്യോഗസ്ഥര്‍ നല്‍കിയ വാക്കിന്റെ പേരില്‍ സ്വന്തം നിലയ്ക്കു സമരം നിര്‍ത്തി തിരിച്ചുപോകണമെന്നാണ് ഭരണകൂടം പറയുന്നത്.

 പി.എസ്.സി ഇതുവരെ നല്‍കിയ നിയമന ഉത്തരവുകള്‍ നിരത്തി കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഡി.വൈ.എഫ്.ഐ നേതാക്കളും റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ജോലി കിട്ടുമോയെന്ന ചോദ്യമാണ് സമരത്തെ നേരിടാന്‍ ഉയര്‍ത്തുന്നത്. പൊതുജനത്തിനെ സ്വാധീനിക്കുന്ന ഒരു ചോദ്യം തന്നെയാണിത്. ഒരു റാങ്ക് ലിസ്റ്റില്‍ വന്നുവെന്നോര്‍ത്ത് ജോലി കിട്ടുമോ? ഒഴിവിന്റെ മൂന്നിരട്ടി വരെയല്ലേ റാങ്ക് ലിസ്റ്റിലുണ്ടാകുക. പിന്നെയെന്തിനാണ് ഇത്രയും പേര്‍ തലസ്ഥാനത്തെത്തി സമരം ചെയ്യുന്നത്? റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ജോലി കിട്ടില്ലെന്ന് അറിയാത്തവരല്ല സമരമുഖത്തുള്ളവരും അതു പറയുന്ന ഡി.വൈ.എഫ്.ഐക്കാരും മന്ത്രിമാരും. പിന്‍വാതില്‍ നിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ച് പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമനം നടത്തിയാല്‍ ഒരുപക്ഷേ, യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലുള്ളവരിലോ, പൊലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെ.എസ്.യുക്കാരനോ പി.എസ്.സി വഴിയുള്ള നിയമനം പെട്ടന്ന് കിട്ടില്ലായിരിക്കാം. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം സംഘടനയുടേതാണ്, വ്യക്തിയുടേതല്ല. അവരുടെ സമരം രാഷ്ട്രീയ പ്രതീകമാണ്. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ സമരത്തെ അങ്ങനെ കാണരുത്. ഇപ്പോള്‍ ഒഴിവുള്ള തസ്തികകളിലും ഒഴിവുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന തസ്തികകളിലും സാധാരണപോലെ നിയമനം നല്‍കിയിരുന്നുവെങ്കില്‍ ഒരു ജോലിയെന്ന ജീവിതസ്വപ്നം ഇതിനു മുന്‍പേ യാഥാര്‍ഥ്യമാകുന്നവരായിരുന്നു ഇതിലേറെ പേരും. ആ നിയമന വഴികളില്‍ തടസം വന്നതിനാലാണ് അവര്‍ക്ക് സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് സമരവുമായി എത്തേണ്ടിവന്നത്.

ഓരോ വകുപ്പിലും എത്ര ഒഴിവുകള്‍ നിലവിലുണ്ട്, ഇനിയും ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുന്‍പ് എത്ര ഒഴിവുകള്‍ വരും എന്നൊക്കെയുള്ള കണക്ക് സര്‍ക്കാരിന്റെ കൈയില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ കൈയില്‍ ഈ കണക്കുണ്ട്. ഒരു പി.എസ്.സി പരീക്ഷ കഴിഞ്ഞാലുടന്‍ കട്ട് ഓഫ് മാര്‍ക്കിനു മുകളിലുള്ളവരുടെ കൂട്ടായ്മ സമൂഹമാധ്യമങ്ങളിലൂടെ രൂപപ്പെടും. പിന്നെ മൂന്നു വര്‍ഷ കാലാവധിയില്‍ വിവിധ വകുപ്പുകളില്‍ വരുന്ന റിട്ടയര്‍മെന്റ് ഒഴിവുകളും അല്ലാത്ത ഒഴിവുകളും കണക്കാക്കലാണ് ഈ കൂട്ടായ്മയുടെ ആദ്യ ജോലി. അപ്പോള്‍ ലിസ്റ്റില്‍നിന്ന് ഓരോ ജില്ലയില്‍ നിന്നും ജോലി ലഭിച്ചേക്കാവുന്നവരുടെ ഏകദേശ എണ്ണം ലഭിക്കും. പിന്നെ റാങ്ക് ലിസ്റ്റ് വന്നാല്‍ ഒഴിവിനു കണക്കായുള്ള ഉയര്‍ന്ന റാങ്കിലുള്ളവരുടെ വാട്‌സ്ആപ് കൂട്ടായ്മകള്‍ രൂപപ്പെടും. ഒരു ലിസ്റ്റില്‍നിന്ന് 400 പേര്‍ക്ക് നിയമനത്തിനു സാധ്യതയുണ്ടെങ്കില്‍ അത്ര പേരെ പുതിയ ഗ്രൂപ്പില്‍ കാണുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ഈ ലിസ്റ്റില്‍ നിന്നുള്ള തൊഴില്‍പ്രതീക്ഷ വിട്ട് പുതിയ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തുകയാണു ചെയ്യാറുള്ളത്. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇവരും തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സെക്രട്ടേറിയറ്റിനു മുന്നിലൂടെ കൊടിയും പിടിച്ച് കറങ്ങിനടക്കാറില്ല. നിയമനം കിട്ടിയേക്കുമെന്ന ഉറച്ച പ്രതീക്ഷയുള്ളവരാണ് പിന്നെ വിവിധ വകുപ്പുകളില്‍ വിവരാവകാശം കൊടുത്ത് ഒഴിവുകള്‍ അറിയുന്നതും റിപ്പോര്‍ട്ട് ചെയ്യിക്കുന്നതും.  

ഓരോ സര്‍ക്കാരിന്റെയും കാലത്ത് ഒരു വര്‍ഷം നിയമനം കിട്ടുന്ന ശരാശരി കണക്കുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, നിയമനം നല്‍കിയെന്ന് സര്‍ക്കാര്‍ വന്‍ കണക്കുകള്‍ നിരത്തി അവകാശപ്പെടുമ്പോഴും തങ്ങളുള്ള ലിസ്റ്റില്‍ നിന്നും മുകളിലുള്ളവര്‍ക്കു പോലും നിയമനം കിട്ടിയില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ അവസാന ജീവന്‍മരണ സമരത്തിന് ഇറങ്ങിയവരാണ് ഇപ്പോഴുള്ളവരില്‍ മഹാഭൂരിപക്ഷവും. ഒഴിവിന്റെ അടിസ്ഥാനത്തില്‍ എല്‍.ജി.എസ് ലിസ്റ്റില്‍നിന്ന് ഏറ്റവും കുറച്ച് നിയമനം നടന്നത് ഈ ലിസ്റ്റില്‍ നിന്നാണെന്ന സത്യം ഡി.വൈ.എഫ്.ഐ നേതാക്കളെങ്കിലും പരിശോധിച്ച് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയാണു വേണ്ടത്. ഇനിയെങ്കിലും റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുന്‍പ് ഈ പിന്നോട്ടുപോകലിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണു ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെതിരേ നടക്കുന്ന ഗൂഢാലോചനയാണെന്ന് അന്തിചര്‍ച്ചകളില്‍ സമര്‍ഥിക്കുകയല്ല വേണ്ടത്. ഒരു കാര്യം മറക്കരുത്, എത്ര കാത്തിരുന്നാലും തങ്ങള്‍ക്ക് ഈ ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു ഉദ്യോഗാര്‍ഥിയും സമരത്തിനു വരില്ല. അവര്‍ അടുത്ത പി.എസ്.സി പരീക്ഷയ്ക്കുള്ള ഒരുക്കത്തിലായിരിക്കും. ഇപ്പോള്‍ സമരമുഖത്തുള്ള പലരും തിരിച്ചുപോയിട്ടുണ്ട്. കാരണം എല്‍.ഡി.സി എല്‍.ജി.എസ് തസ്തികയിലേക്ക് മറ്റൊരു പരീക്ഷയുടെ പ്രാഥമികഘട്ടം നടക്കുകയാണിപ്പോള്‍. പരീക്ഷ വേണ്ടെന്നുവച്ച് ഒരു ‘സഖാവും’ സമരമുഖത്തു നില്‍ക്കുന്നില്ല, അവര്‍ക്ക് സമരമല്ല മുഖ്യം, ജീവിതമാണ്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.