
സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ജനസംഖ്യയിലെ 30 ശതമാനം വിശപ്പടക്കാന്‍ മതിയായ ആഹാരം ലഭിക്കാതെ ഇന്ത്യയില്‍ കഴിയുന്നു. മഹാനഗരങ്ങളിലെ ചേരികളില്‍ പുഴുക്കളെപ്പോലെ മനുഷ്യര്‍ പാര്‍ക്കുന്നു. പെണ്ണുടല്‍ വിറ്റ് പട്ടിണി മാറ്റുന്ന അവസ്ഥയില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ മാറിവന്ന സര്‍ക്കാരുകള്‍ പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കിയില്ല. കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിച്ചുകൊണ്ടുപോകാന് നിയമ വഴി ഒരുക്കുന്നതില്‍ നിയമനിര്‍മാണ സഭകള്‍ മത്സരിച്ചു. ശതകോടീശ്വരന്മാര്ക്ക് തുറന്നുവച്ച വാതിലുകള്‍ മാത്രമാണ് ഇന്ത്യയുടെ ഭരണസിരാ കേന്ദ്രങ്ങള്‍ എന്ന അവസ്ഥ ബലപ്പെടുകയാണ്, ശക്തിപ്പെടുകയാണ്.
2016ല്‍ കാര്‍ഷിക കടമായി അനുവദിച്ച 581561 കോടി രൂപ 615 വന്‍കിട കമ്പനികളുടെ അക്കൗണ്ടിലേക്കാണ് പോയത്. 2019 സെപ്റ്റംബര്‍ 30 വരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിടക്കാരുടെ 28600 കോടി രൂപ എഴുതിത്തള്ളി. 2017 – 18 വര്‍ഷം പത്തു സംസ്ഥാനങ്ങളിലെ വന്‍കിടക്കാരുടെ 184800 കോടി രൂപ എഴുതിത്തള്ളി. അന്താരാഷ്ട്ര ഭീമന്മാരായി അറിയപ്പെടുന്ന വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവര്‍ ദശലക്ഷക്കണക്കിന് കോടിരൂപയാണ് വിദേശത്തേക്ക് കടത്തിയത്. വിജയ് മല്യയുടെ തോളില്‍ കയ്യിട്ടു നരേന്ദ്ര മോദി പല പാര്‍ട്ടികളിലും പ്രത്യക്ഷപ്പെട്ടു. വിജയ് മല്യ വിദേശത്തേക്ക് കടന്നുകളയാന്‍ സഹായിച്ചത് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ഇത്തരം കള്ളന്മാരെ കള്ളന്മാര് എന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഇഷ്ടമായിരുന്നില്ല. ഇവര്‍ വാരിക്കൂട്ടിയ കോടികളില്‍നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് വലിയതോതില്‍ പണം ഒഴുകി. 2014 ലെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചതു തന്നെ ശതകോടീശ്വരന്മാരുടെ കള്ളപ്പണവും കോര്‍പറേറ്റ് മാധ്യമങ്ങളുടെ കള്ള പ്രചാരണങ്ങളുമായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയ 38 വന്‍കിടക്കാര്‍ ഇന്ത്യ വിട്ടു. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനു വിദേശകാര്യ സഹമന്ത്രി നല്കിയ മറുപടിയാണിത്. 2019 ജനുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് തട്ടിപ്പ് പ്രതിനിധികളായ 27 വന്‍കിടക്കാര്‍ രാജ്യം വിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 2002 മുതല്‍ 2016 വരെ ഇങ്ങനെയുള്ള 110 സാമ്പത്തിക തട്ടിപ്പുവീരന്മാര് വിദേശത്തേക്ക് കടന്നു. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ച ശതകോടികള്‍ തിരിച്ചുകൊണ്ടുവന്നു ഓരോ പൗരന്റെയും ബാങ്കില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നു. ശരീരം മുഴുവനായി ഇളക്കി വലിയ ശബ്ദത്തില്‍ നരേന്ദ്ര മോദി 100 കണക്കായ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പ്രസംഗിച്ചു. ഒരു രൂപയും തിരിച്ചുകൊണ്ടുവന്നിട്ടില്ല, ഒരു രൂപയും ലഭിച്ചതുമില്ല. ഇത് സംബന്ധിച്ച് യാതൊരു നീക്കവും ആറുവര്‍ഷമായി നടന്നതുമില്ല. രാജ്യം കൊള്ളയടിച്ചുകൊണ്ടുപോയവരെ വെള്ളപൂശി വിപുലീകരിക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിച്ചത്.
കൊവിഡ് – 19 നിശ്ചലമാക്കിയ ലോക സാമ്പത്തികരംഗം പ്രതിസന്ധിയിലാക്കിയത് അടിസ്ഥാന വര്‍ഗത്തെയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി മാത്രമാണ് താഴെ തട്ടില്‍ ചെറിയതോതില്‍ പണമൊഴുക്ക് സാധ്യമാക്കിയത്. 100 ശരാശരി തൊഴില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന ഒരു പാവപ്പെട്ടവന് മുപ്പതിനായിരം രൂപയാണ് വാര്‍ഷിക വരുമാനം. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായി അറിയപ്പെടുന്ന കാര്‍ഷികരംഗത്ത് നേരം ഇരുട്ടുവോളം സൂര്യന്റെ ചുവട്ടില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകത്തൊഴിലാളികളുടെ ദിവസവേതനം മൂന്നംഗ കുടുംബത്തിന് മാന്യമായി ആഹാരം കഴിക്കാന്‍ തികയുമോ. അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാന് എന്ത് മാജിക്കാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അരലക്ഷം മുതല്‍ 50 ലക്ഷംവരെ മാസവരുമാനമുള്ള ഉദ്യോഗസ്ഥരും ഭരണാധികാരികളും ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആര്‍ക്കുവേണ്ടിയാണ് ഈ മഹത്തായ രാജ്യം ഭരിക്കുന്നത്. കച്ചവട മനസും താല്പര്യവും മാത്രമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞു. ഇന്ത്യയില്‍ ഒരു നവ രാഷ്ട്രീയ വിചാരധാര രൂപപ്പെട്ടുവരണം.
സാമൂഹ്യബോധവും വിദ്യാഭ്യാസ വികസനവും സംഭവിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥപോലും ഞെട്ടിപ്പിക്കുന്നതാണ്. സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ തടയാനും അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനും ചില സവര്‍ണ ലോബി ബോധപൂര്‍വം നടത്തിയ നീക്കങ്ങളുടെ ഭാഗമാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം സംവരണം. അധികാരങ്ങളില്‍ പിന്നോക്കക്കാരന്റെ സാന്നിധ്യമില്ലായ്മ വ്യക്തമാണെങ്കിലും ഭരണകൂട പിന്തുണ മുന്നോക്കക്കാരനാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ഓരോ പിന്നോക്കവിഭാഗങ്ങളുടെയും മുന്നോക്കവിഭാഗങ്ങളുടെയും ഉദ്യോഗത്തിലുള്ള പ്രാതിനിധ്യത്തിന്റെ കൃത്യമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 സെപ്റ്റംബറില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തുവിട്ട പട്ടികയാണ് ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത്. കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ ചൂണ്ടുപലകയാണ് ഈ സര്‍വേ.
തൊഴിലും വിദ്യാഭ്യാസവും അവസരവും നിഷേധിച്ചു സാമൂഹിക അകല്‍ച്ച വര്‍ധിപ്പിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിച്ചത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഭയാനകമാണ് സ്ഥിതിവിവരക്കണക്കുകള്‍. രാജ്യം ഏതാനും ചില കോര്‍പറേറ്റുകളുടെ കൈകളില്‍ വട്ടംകറങ്ങുകയാണ്. അടിസ്ഥാനവര്‍ഗം കരകയറാന്‍ സാധിക്കാതെ ശ്വാസംമുട്ടുന്നു. ഓരോ തെരഞ്ഞെടുപ്പുകളും സമര്‍ഥമായി വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയ, പരസ്യ മാനേജ്മെന്റുകള്‍ക്ക് സാധിക്കുന്നു. ഇവിടെ അടിസ്ഥാനപരമായി ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഒരു തെരഞ്ഞെടുപ്പിലും സത്യസന്ധമായ ജനവിധി സംഭവിക്കുന്നില്ല. വര്‍ഗം, മതം, ജാതി തുടങ്ങിയ വൈകാരികതകള്‍ വിപണി വസ്തുവാക്കി തെരഞ്ഞെടുപ്പ് മുതലാളിമാര്‍ വ്യാപാരത്തില്‍ വിജയിക്കുന്നു.
ജനങ്ങളെ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഓഹരിവച്ചു മാറ്റിനിര്‍ത്തിയിട്ടുണ്ട്. എത്ര വലിയ അധര്‍മവും കൊടിയുടെ നിറത്തിന് മുമ്പില്‍ അപ്രസക്തമാവുന്നു. അഞ്ചുവര്‍ഷം പഞ്ചായത്ത് മെമ്പറായാല്‍ തലമുറകള്‍ക്ക് സംഭരിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയ പരിസരമാണ് നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലുള്ളത്. പാര്‍ട്ടി മീറ്റിങ്ങില്‍ നേതാവിനെതിരേ കൈചൂണ്ടി വര്‍ത്തമാനം പറഞ്ഞാല്‍ സസ്പെന്ഷന്. മറുഭാഗത്ത് പെണ്‍വാണിഭത്തിലും മയക്കുമരുന്ന് വില്പനയിലും കുറ്റാരോപിതരായാര് കോടതി വിധി വരുന്നതുവരെ പിടിച്ചുനില്‍ക്കാനുള്ള വാചകക്കസര്‍ത്തുകള്‍ നടത്തുന്നു. പഴയകാല ജന്മിമാരുടെ അടിമത്തത്തില്‍ നിന്ന് ഇപ്പോഴും ചിലര്‍ മോചതരായിട്ടില്ല. വെള്ളക്കാരില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിമത്ത നയം അധിക പൗരരെയും പാരതന്ത്ര്യരാക്കി.