2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇംഗ്ലിഷില്‍ ഉപരിപഠനം കേരളത്തിനു പുറത്ത്

 

കേരളത്തിനു പുറത്ത് ഇംഗ്ലിഷ്, അനുബന്ധ വിഷയങ്ങളില്‍ എം.എ പ്രോഗ്രാം പഠിക്കാന്‍ അവസരമുള്ള ഒട്ടേറെ മുന്‍നിരസ്ഥാപനങ്ങളുണ്ട്. അവയില്‍ ഏതാനും സ്ഥാപനങ്ങള്‍ ഇതാ.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി: എം.എ. ഇംഗ്ലിഷ് (ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍)
ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി: എം.എ ഇംഗ്ലിഷ് ലിറ്ററേച്ചര്‍, ലിറ്ററേച്ചേഴ്‌സ് ഇന്‍ ഇംഗ്ലിഷ്, ഇംഗ്ലിഷ് (കഫറ്റിരിയ), ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ് (വിവിധ പ്രോഗ്രാമുകള്‍ ഹൈദരാബാദ്, ലഖ്‌നൗ, ഷില്ലോങ് കാംപസുകളിലായി)
കേന്ദ്ര സര്‍വകലാശാലകളില്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.): പരിധിയില്‍ വരുന്ന വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ ഇംഗ്ലിഷ്, ഇംഗ്ലിഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പ്രോഗ്രാമുകളുണ്ട് (14 കേന്ദ്ര സര്‍വകലാശാലകളാണ് സി.യു.സി.ഇ.ടി. പരിധിയില്‍ വരുന്നത്)

മറ്റു സര്‍വകലാശാലകള്‍
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ന്യൂഡല്‍ഹി), ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റി (ന്യൂഡല്‍ഹി), അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (ഇവിടെ എം.എ. ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ് പ്രോഗ്രാമും ഉണ്ട്), ബനാറസ് ഹിന്ദു സര്‍വകലാശാല (വാരാണസി), ഡല്‍ഹി യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് (ഇവിടെ ഇംഗ്ലിഷ് ലാംഗ്വേജ് സ്റ്റഡീസ് എം.എയുമുണ്ട്), പോണ്ടിച്ചേരി സര്‍വകലാശാല (ഇംഗ്ലിഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ എന്ന പ്രോഗ്രാമാണുള്ളത്).

ആര്‍.ഐ.ഇയില്‍ അപേക്ഷിക്കാം

എന്‍.സി.ഇ.ആര്‍ടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മൈസൂരു റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനില്‍ (ആര്‍.ഐ.ഇ) പ്രവേശനത്തിന് ജൂണ്‍ 30 വരെ www.riemysore.ac.in. എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജൂലൈ 18നാണ് പ്രവേശന പരീക്ഷ.
പ്രോഗ്രാമുകള്‍

ഇന്റഗ്രേറ്റഡ് ബി.എസ്‌സി ബി.എഡ്: നാലു വര്‍ഷ കോഴ്‌സ്. ബി.എസ്‌സി (ഫിസിക്‌സ,് കെമിസ്ട്രി, മാത്‌സ്) അഥവാ ബി.എസ്‌സി (കെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.എഡ് എന്നീ രണ്ടു ബിരുദങ്ങള്‍ക്കും തുല്യം. ബന്ധപ്പെട്ട വിഷയങ്ങള്‍ ഐച്ഛികമായി 50 ശതമാനം എങ്കിലും മൊത്തം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. ഫിസിക്കല്‍ സയന്‍സിനും ബയളോജിക്കല്‍ സയന്‍സിനും 40 സീറ്റ് വീതമുണ്ട്.
ഇന്റഗ്രേറ്റഡ് ബി.എ ബി.എഡ്: നാലു വര്‍ഷ കോഴ്‌സ്. ബി.എ, ബി.എഡ് എന്നീ രണ്ടു ബിരുദങ്ങള്‍ക്കും തുല്യം. സയന്‍സ്/കൊമേഴ്‌സ്/ ആര്‍ട്‌സ് വിഷയങ്ങള്‍ ഐച്ഛികമായി 50 ശതമാനം എങ്കിലും മൊത്തം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 40 സീറ്റുകളാണുള്ളത്.
ഇന്റഗ്രേറ്റഡ് എം.എസ്.സി.എഡ്: ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് ഇവയൊന്നിലെ എം.എസ്‌സിയും ബി.എഡും ഒരുമിച്ചു ലഭിക്കും. ആറു വര്‍ഷമാണ് കോഴ്‌സ്. സയന്‍സും മാത്‌സുമടങ്ങിയ പ്ലസ്ടു 50 ശതമാനം എങ്കിലും മൊത്തം മാര്‍ക്കോടെ ജയിച്ചിരിക്കണം.

പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് 15 സീറ്റ് വീതമാണുള്ളത്.
ബി.എഡ്: രണ്ടു വര്‍ഷം. 50 ശതമാനം എങ്കിലും മാര്‍ക്കോടെ മാത്‌സ്/സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് /ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് ബാച്‌ലര്‍ അഥവാ മാസ്റ്റര്‍ ബിരുദം വേണം. സയന്‍സിലോ മാത്‌സിലോ സ്‌പെഷലൈസേഷനുള്ള എന്‍ജിയറിങ് ടെക്‌നോളജി ബിരുദവും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45ശതമാനം മാര്‍ക്ക് മതി. മേല്‍സൂചിപ്പിച്ച സയന്‍സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകള്‍ക്ക് 25 സീറ്റ് വീതമാണുള്ളത്.
എം.എഡ്: രണ്ടു വര്‍ഷം. 50 ശതമാനം എങ്കിലും മാര്‍ക് അഥവാ തുല്യഗ്രേഡോടെ ബി.എഡ്, ബി.എ ബി.എഡ്, ബി.എസ്‌സി. ബി.എഡ്, ബി.എസ്.സി. എഡ്, ബി.എല്‍.എഡ്, ഡി.എല്‍.എഡും ആര്‍ട്‌സ്/ സയന്‍സ് ബിരുദവും വേണം. 30 സീറ്റാണ് ഒഴിവുള്ളത്.

കൂടുതല്‍ വിവരങ്ങളും മുന്‍ ചോദ്യക്കടലാസുകളും വെബ്‌സൈറ്റില്‍. അജ്‌മേര്‍, ഭുവനേശ്വര്‍, ഭോപാല്‍, ഷില്ലോങ് റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്‌കീമില്‍പ്പെടുമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍ക്ക് മൈസൂരുവിലാണ് അവസരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.