ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സുധാകരന്‍ നയിക്കും ഗ്രൂപ്പുകള്‍ വീണ്ടും ഔട്ട് ആകും
TAGS
ന്യൂഡല്‍ഹി/തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരാതിരിക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ ശക്തമായി തീര്‍ത്ത പ്രതിരോധം മറികടന്ന് കെ.സുധാകരന്‍ അമരത്ത്. ഇനി കെ.പി.സി.സിയെ സുധാകരന്‍ നയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് അനാഥമായ കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ദിവസങ്ങളായി കേരളവും ഡല്‍ഹിയും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പുകളും അവഗണിച്ചു. എ.ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചെതിര്‍ത്തിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനം പുതുതലമുറ നേതൃത്വത്തിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി വി.ഡി സതീശനെ ഏല്‍പ്പിച്ച ഹൈക്കമാന്‍ഡ് വീണ്ടും ‘രണ്ടാം ഡോസിലൂടെ’ ഗ്രൂപ്പുകള്‍ക്കതീതമായ തീരുമാനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് സംഘടനയുടെ പൊളിച്ചെഴുത്ത് തന്നെയാണ്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ച് അവരുടെ വികാരം അറിഞ്ഞിരുന്നു. സുധാകരന്‍ ആ സ്ഥാനത്തേക്ക് വരുന്നത് ഗ്രൂപ്പുകളുടെ താല്‍പര്യത്തിന് തിരിച്ചടിയാകുമെന്ന് കണ്ട് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി. എന്നാല്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാശത്തിന് കാരണമാകുമെന്ന ഹൈക്കമാന്‍ഡിന്റെയും കേരളത്തിലെ പുതുതലമുറ നേതാക്കളുടേയും അഭിപ്രായമാണ് കെ.സുധാകരനെ കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. 70 കഴിഞ്ഞവര്‍ അധ്യക്ഷ സ്ഥാനത്ത് വേണോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും 73ാം വയസിലും യുവാക്കളെ ആവേശം കൊള്ളിക്കുന്ന കണ്ണൂരുകാരനായ സുധാകരന്റെ ശൈലിയില്‍ ഹൈക്കമാന്‍ഡ് വിശ്വാസമര്‍പ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷനെ തേടിയത്.കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, ടി.സിദ്ദീഖ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന കെ.വി തോമസിനെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. കൊടിക്കുന്നിലിനെ അതേപദവിയില്‍ നിലനിര്‍ത്തി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ.വി തോമസിന്റെയും സംഭാവനകള്‍ പാര്‍ട്ടി എന്നെന്നും ഓര്‍ക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരുകാലത്ത് ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ പോരാളിയായിരുന്ന കെ.സുധാകരന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്നത്. നിലവില്‍ ലോക്‌സഭാ അംഗം കൂടിയായ കെ. സുധാകരന്‍ കണ്ണൂരില്‍ നിന്നും ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്. നാലുതവണ നിയമസഭയിലും രണ്ടുതവണ ലോക്‌സഭയിലും അംഗമായ സുധാകരന്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ വനം-കായിക മന്ത്രിയുമായിരുന്നു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രഡിന്റുമായിരുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.