2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദിയെ കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ പോരാ

യോഗേന്ദ്ര യാദവ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷിക വേളയില്‍ കര്‍ഷക സമരക്കാര്‍ നല്‍കിയ ആഹ്വാനമനുസരിച്ചു രാജ്യത്തുടനീളം നടന്ന കരിങ്കൊടി പ്രതിഷേധം രാഷ്ട്രീയബദലിന്റെ ആവശ്യകതയാണ് നമ്മോട് വിളിച്ചോതുന്നത്. എങ്ങനെയാണ് അത്തരത്തിലുള്ള ബദല്‍ ഉയര്‍ന്നുവരിക എന്നതിന്റെ സൂചനകളും അത് നല്‍കുന്നു. അധികാരമേറ്റതു മുതല്‍ക്കുള്ള ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുന്‍പൊരിക്കലും തന്നെ ഇപ്പോഴുള്ളതുപോലെ സര്‍ക്കാര്‍ ഇളകി നില്‍ക്കുന്നതായി കണ്ടിട്ടില്ല. സര്‍ക്കാരിനു ചുറ്റുമുണ്ടായിരുന്ന കാന്തവലയം ഉരുകിയൊലിക്കുകയാണ്. മോദിയെക്കുറിച്ചു സംശയിച്ചുനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതി, അതായത് മതിയായ രോഗികളെ പരിശോധനക്ക് വിധേയമാക്കാതിരിക്കുക, മരണസംഖ്യ കുറച്ചു കാണിക്കുക, തയാറെടുപ്പുകളുടെ അഭാവം, ഓക്‌സിജന്റെ ലഭ്യതയില്ലായ്മ, വാക്‌സിനേഷന്‍ കൈകാര്യം ചെയ്തതിലെ അപാകതകള്‍ എന്നിവ ക്രൂരതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍ദയത തന്നെയാണെന്ന് ഉറപ്പാണ്. ഈ നിര്‍ണായകമായ പ്രതിസന്ധി മുഹൂര്‍ത്തത്തില്‍ സര്‍ക്കാരിനെ ഒരിടത്തും കാണാനില്ല എന്നത് കടുത്ത മോദി വിശ്വാസികളായ നിരവധി ആളുകളുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്കു ചുറ്റും കെട്ടിപ്പൊക്കിയ സര്‍വശക്തനെന്ന മിത്തിനു പോറലേറ്റിരിക്കുകയാണ്. കാര്യങ്ങളുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ പക്കലല്ലെന്നും പുറമേക്ക് കാണുന്നത്ര ശക്തനല്ല അദ്ദേഹമെന്നും അവര്‍ സംശയിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

എല്ലാറ്റിനും ശേഷിയുള്ള പ്രധാനമന്ത്രി എന്ന, ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയ പ്രതിഛായ രാഷ്ട്രീയരംഗത്തും മാഞ്ഞു തുടങ്ങി. എണ്ണത്തില്‍ കുറവാണെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ഒരുപറ്റം ആളുകള്‍ക്ക് ഈ സര്‍ക്കാരിനോട് എതിര്‍ത്തുനില്‍ക്കാന്‍ സാധിക്കുമെന്ന് സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ കാണിച്ചുതന്നു. ഈ സര്‍ക്കാരിനെ ശരിക്കുമൊരു തൊഴികൊടുത്ത് പേടിപ്പിക്കാനാവുമെന്നു കര്‍ഷകരുടെ പ്രസ്ഥാനം തെളിയിച്ചു. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ടെന്ന് പറയുന്ന തെരഞ്ഞെടുപ്പ് മിടുക്ക് വെറും ചപ്പടാച്ചിയാണെന്ന് പശ്ചിമബംഗാള്‍ മനസിലാക്കിത്തന്നു. ഒരു തടസവുമില്ലാത്ത ഏഴു കൊല്ലത്തെ അധികാരപ്രയോഗത്തിനുശേഷം മോദി സര്‍ക്കാരിന് എല്ലാ സ്വേഛാധികാരപ്രമത്ത ഭരണകൂടങ്ങളേയും കുഴപ്പത്തിലകപ്പെടുത്തിയ ഒരു സത്യവുമായി പൊരുത്തപ്പെടേണ്ടി വന്നിരിക്കുന്നു. അധികാരം ജീര്‍ണിച്ചു പോവും, സമ്പൂര്‍ണമായ അധികാരം സമ്പൂര്‍ണമായി ജീര്‍ണിക്കും.

വിമര്‍ശനം മാത്രം മതിയാവില്ല

മോദി സര്‍ക്കാര്‍ ഇപ്പോള്‍ അനുസ്മരിപ്പിക്കുന്നത് മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം ഇന്നിങ്ങ്‌സിനെയാണ്. 2012 ലാണു അദ്ദേഹത്തിന്റെ ഇറക്കം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ വശീകരണശക്തി നഷ്ടമായെന്നും തങ്ങളുടെ ഭരണപരാജയവും തെറ്റായ പ്രവൃത്തികളും മറച്ചുവയ്ക്കാന്‍ വേണ്ടി പടച്ചെടുത്ത നുണകളുടെ ഭാരത്തിനടിയില്‍പ്പെട്ട് സര്‍ക്കാര്‍ തകര്‍ന്നു വീണേക്കാം എന്ന് തോന്നിത്തുടങ്ങി. പ്രതിപക്ഷത്തിന് ചുമ്മാ കാത്തിരുന്നു കാണുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. സാധിക്കുമ്പോള്‍ ഒരുമിച്ചുനില്‍ക്കുകയും. പക്ഷേ ഇവിടെയാണ് അപകടം. ജനാധിപത്യത്തിന് ചില സ്വയംതിരുത്തല്‍ സംവിധാനങ്ങളുണ്ട്. അവ ഈ സര്‍ക്കാരിന്റെ അതിക്രമങ്ങളെ നിയന്ത്രിക്കുമെന്നും ചരിത്രം ആ ചുമതല നിര്‍വഹിക്കുമെന്നുമുള്ള വിശ്വാസത്തില്‍ മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി എന്നതിലാണ് അപകടം കുടികൊള്ളുന്നത്.

ഇതുപോലെ സത്യത്തില്‍നിന്ന് ഏറെ അകലെയായി വര്‍ത്തിക്കുന്ന വേറെയൊന്നുമില്ല. മോദി സര്‍ക്കാരിനെതിരായുള്ള ജനരോഷത്തെ നമുക്ക് കൂടുതലാക്കിക്കാണിക്കാം. അദ്ദേഹത്തിന്റെ ജനസമ്മതിയെ കുറച്ചു കാണുകയും ചെയ്യാം. മോദി സര്‍ക്കാരിനെതിരായി ഇപ്പോള്‍ വ്യാപകമായ അതൃപ്തിയും നിരാശയും ഇഷ്ടക്കേടുമുണ്ട് എന്ന് തീര്‍ച്ച. പക്ഷേ അതിന്റെ ഫലമായി ഈ സര്‍ക്കാരിനെ ജനം നിരാകരിക്കണമെന്നില്ല. ഭരണനിര്‍വഹണത്തിലേക്ക് നോക്കാതെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. എന്തുവില കൊടുത്തും നിലവില്‍ ഭരണത്തിലുള്ളവരെ തെറിപ്പിക്കണം എന്നതിലേക്കു നയിക്കുന്ന വെറുപ്പായി ബാക്കിയുള്ള ആളുകളുടെ കാര്യത്തില്‍ ഈ നിരാശ മാറണമെന്നില്ല. ഏതായാലും ഇപ്പോള്‍ ഒരുമിച്ചുനില്‍ക്കുന്ന എല്ലാ പ്രതിപക്ഷകക്ഷികളേയും കാണവേ സമ്മതിദായകര്‍ ഉത്തേജിതരാവുകയില്ല. ഒറ്റ മനുഷ്യനിതാ ഒരു കൂട്ടം ആളുകളോട് പോരാടേണ്ടി വരുന്നു എന്ന ധാരണ ഉറപ്പിക്കുകയാണ് അത് മൂലം സംഭവിക്കുക.

അതിനു പുറമെ ഒരു പ്രത്യാക്രമണവുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുവരികയും ചെയ്യും. അവര്‍ക്കത് ചെയ്‌തേ പറ്റൂ. ഭരണവര്‍ഗത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള അധികാരശക്തിയെ നാം വില കുറച്ചു കാണുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ന്യായീകരണത്തൊഴിലാളികള്‍ കൊടുങ്കാറ്റു വീശാന്‍ കാത്തുനില്‍ക്കുകയാണ്. എന്നിട്ടുവേണം അവര്‍ക്ക് ജനങ്ങളെ വഴിതെറ്റിക്കാനും വിമര്‍ശിക്കുന്നവരുടെ മേല്‍ കുറ്റം പെരുപ്പിച്ചു കാട്ടാനും. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരുടെ നേരെ വിഷമയമായ ആക്രമണം അഴിച്ചുവിടാന്‍ തക്കം പാര്‍ത്തിരിക്കുകയാണവര്‍. അവര്‍ തങ്ങളുടെ ഭാഗം പണത്തിന്റേയും മാധ്യമങ്ങളുടേയും സംഘടനാ ശക്തിയുടേയും സഹായത്തോടെ പൊലിപ്പിച്ചു കാട്ടും. ഒരുകാര്യമുറപ്പ്, ഡോ. മന്‍മോഹന്‍ സിങ് ചെയ്തത് പോലെ അവസാനംവരെ പോരാടാന്‍ കാത്തുനില്‍ക്കാതെ, തന്റെ പക്കലുള്ള നല്ലതും ചീത്തയുമായ അധികാരത്തിന്റെ ഉപാധികള്‍ ഉപയോഗിച്ചു നോക്കാതെ മോദി നിഷ്‌ക്രമിക്കുകയില്ല.

ഒരു കാര്യത്തില്‍ നമുക്ക് വ്യക്തത വേണം. മോദിക്ക് ധാരാളം വിഡ്ഢിത്തങ്ങളുണ്ട്. എങ്കിലും മോദി വിരോധം പറയുന്നത് കൊണ്ടു മാത്രം അയാളെ തോല്‍പ്പിക്കാനാവുകയില്ല. തങ്ങള്‍ക്കൊപ്പമുള്ള ഒന്ന് ഉപേക്ഷിക്കുന്നതിനു മുന്‍പ് ഒരു പകരത്തിനു വേണ്ടിയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. നാം ഈ അവസ്ഥയെ നേരിടുക തന്നെ വേണം. അങ്ങനെയൊരു ബദല്‍ ഇന്ന് ഇല്ല. ഏറ്റവും ചുരുങ്ങിയത് ഒരു സാധാരണക്കാരന്റെ കാഴ്ചയിലെങ്കിലും ഇല്ല. ഇത് നിലവിലുള്ള പ്രതിപക്ഷകക്ഷികളെ വില കുറച്ചു കാണുകയല്ല. അവര്‍ ഐക്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയുമല്ല. പ്രതിപക്ഷ ഐക്യം അത്യാവശ്യമാണ്. പക്ഷേ അത് മാത്രം പോരാ. പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന പശയും ജനങ്ങള്‍ക്കിടയിലേക്ക് പ്രത്യാശ പ്രസരിപ്പിക്കുന്ന ജ്വാലയും പ്രതിപക്ഷത്തിന് ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് രണ്ടുമുള്ളതായി തോന്നുന്നില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ കുറവു നികത്തുന്ന ഒരു ബദല്‍ ആവശ്യമായി വരുന്നത്.

അങ്ങനെയുള്ള ബദലിന് ആദ്യമായി വേണ്ടത് ഇന്ത്യയുടെ ഭാവിക്കു വേണ്ടിയുള്ള ക്രിയാത്മകവും വിശ്വാസ്യയോഗ്യവുമായ ഒരു സന്ദേശമാണ്. പഴയ കാലത്ത് എന്തെല്ലാം തെറ്റുകളാണ് പറ്റിയത് എന്ന് കേള്‍ക്കാന്‍ ഒരു പരിധിക്കപ്പുറത്തേക്ക് ജനങ്ങള്‍ തയാറല്ല, ഭാവിയില്‍ കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് അവര്‍ക്കറിയേണ്ടത്. ഇത്തവണ വ്യാജ സ്വപ്നങ്ങളും പൊള്ളവാഗ്ദാനങ്ങളും (ജുംല) പോരാ. ഒരിക്കല്‍ അവക്ക് പിന്നാലെ പോയ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് മൂര്‍ത്തവും വിശ്വസനീയവുമായ മറ്റു ചിലതാണ്. ഈ സന്ദേശം സാര്‍വത്രികവും ലളിതവുമായിരിക്കണം, അത് ആത്മവിശ്വാസമുളവാക്കണം. ഇന്ന് പൊതുമണ്ഡലത്തില്‍ അങ്ങനെയൊരു സന്ദേശമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആശയങ്ങളില്‍ നിന്ന് അത് തട്ടിക്കൂട്ടാന്‍ സാധിക്കുകയില്ല. കഴിഞ്ഞു പോയ കാലഘട്ടത്തിലെ പഴയ ആശയങ്ങളുടെ ഭാഷ ഇന്നത്തെ ഇന്ത്യക്ക് ചേരുകയില്ല. പുതിയ ആശയങ്ങളും നയനിലപാടുകളുടെ പുതിയൊരു സംയുക്തവും വേണം.

ജയപ്രകാശിനെപ്പോലെ ഒരാള്‍

ഒരിക്കല്‍ നമുക്ക് ക്രിയാത്മകവും വിശ്വസനീയവുമായ ഒരു സന്ദേശമുണ്ടായിക്കഴിഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന സന്ദേശവാഹകരും വേണം. അവരുടെ സന്ദേശങ്ങള്‍ക്ക് ഓടിത്തളര്‍ന്ന പതിവ് രാഷ്ട്രീയക്കാരുടെ സന്ദേശങ്ങളേക്കാള്‍ സ്വീകാര്യതയുണ്ടാവും. ഇക്കാര്യത്തിലും പ്രതിപക്ഷത്തിന് കുറവുകളുണ്ട്. നമുക്കൊപ്പം ഇന്ന് ഒരു ജെ.പി ജയപ്രകാശ് നാരായണന്‍ ഇല്ല. അതേസമയം, നിസ്വാര്‍ഥ സേവനത്തിന്റേയും സത്യസന്ധതയുടേയും ബുദ്ധിശക്തിയുടേയും തെളിയിക്കപ്പെട്ട ചരിത്രമുള്ള നേതാക്കന്മാരുടെ അഭാവം ഇന്ത്യയുടെ പൊതുജീവിതത്തിലില്ല. ചരിത്രപരമായ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ അവരില്‍ ചിലരെല്ലാം മുന്നോട്ടു വരണം.

ഈ സന്ദേശം രാജ്യത്തുടനീളം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തമായ ഒരു യന്ത്രസംവിധാനം ആവശ്യമാണ്. ഈ യന്ത്രത്തിന് രണ്ടുഭാഗങ്ങള്‍ ഉണ്ടായിരിക്കണം. സംഘാടനത്തിന്റേയും സംവേദനത്തിന്റേയും ഭാഗങ്ങള്‍. ഈ രണ്ട് സംഗതികളിലും ബി.ജെ.പിയോട് കിടപിടിക്കാന്‍ പ്രതിപക്ഷ നിരയില്‍ യാതൊന്നും തന്നെയില്ല. പല പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും അവരുടേതായ സുശക്തമായ അണികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ നിലവിലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒരു ബദല്‍ കെട്ടിപ്പടുക്കാന്‍ ഒരുമിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ അതു മാത്രം മതിയാവുകയില്ല. വലിയ തോതില്‍ പൗരസമൂഹത്തിന്റെ പുതിയ ബദല്‍ കെട്ടിപ്പടുക്കുക തന്നെ വേണം: പ്രധാനമായും അതില്‍ ഉണ്ടാവേണ്ടത് ഇതേവരെ രാഷ്ട്രീയ മണ്ഡലത്തിന് പുറത്ത് പ്രവര്‍ത്തിച്ച യുവ പൗരന്മാരായിരിക്കണം. ഇപ്പോഴത്തെ വെല്ലുവിളി നേരിടണമെങ്കില്‍ ഈ പുതിയ ഊര്‍ജം രാഷ്ട്രീയ ജീവിതത്തിലേക്ക് കടത്തിവിടണം. ബി.ജെ.പിയുടെ ഐ.ടി ടീമിനോട് കിടപിടിക്കുന്ന ശക്തമായ ഐ.ടി ടീം വേണം രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ ശക്തിയുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ ടീം കൂടെ വേണം. ആര്‍.എസ്.എസ് – ബി.ജെ.പിയുടെ ട്രോള്‍ ആര്‍മിയെ നേരിടാന്‍ ഒരു ട്രൂത്ത് ആര്‍മി തന്നെ വേണം. ഇന്ത്യ എന്ന ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്കും നമ്മുടെ ഭരണഘടനാപരമായ മൂല്യങ്ങളെ ബഹുമാനിക്കുന്നവര്‍ക്കും ജനാധിപത്യത്തിന്റെ ചൈതന്യം ചോര്‍ന്നുപോകുന്നതില്‍ നിരാശപ്പെടുന്നവര്‍ക്കും നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ക്കും ഏറ്റവും അനിവാര്യമായ രാഷ്ടീയകര്‍ത്തവ്യമാണ് അത്തരത്തിലുള്ള ക്രിയാത്മകവും പ്രായോഗികവുമായ ഒരു ബദലിന്റെ നിര്‍മിതി.

നമ്മുടെ കാലഘട്ടത്തിന്റെ ഈ ആഹ്വാനത്തോട് അനുകൂലമായി പ്രതികരിക്കാന്‍ ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് ഈ പ്രക്രിയ നടപ്പില്‍ വരുത്തുക? നമ്മുടെ പക്കല്‍ ഉത്തരങ്ങളില്ല. പക്ഷേ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നമുക്കൊരു സൂചന തരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണക്കുന്നതിനു മുന്‍പുതന്നെ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഒരു പ്രക്ഷോഭത്തിന്നു മുന്‍കൈയെടുത്തു. തൊഴിലാളി യൂണിയനുകളും മറ്റു സംഘടനകളും അതിനോടു ചേര്‍ന്നു. അതായിരിക്കുമോ നമ്മുടെ ഭാവി മാതൃക?

(സ്വരാജ് ഇന്ത്യയുടെ അധ്യക്ഷനായ
ലേഖകന്‍ ദ പ്രിന്റില്‍ എഴുതിയത്)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.