2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തിങ്കള്‍ദിശ

എംവി സക്കറിയ
 
അസ്ഥിരോഗചികിത്സാ വിദഗ്ധനായ ഒരു ഡോക്ടറുടെ ജീവിതത്തിലെ  അദ്ഭുതകഥയാണിത്. മിന്നല്‍വേഗത്തില്‍ സംഗീതം പിറന്നുവീണ അതിശയകഥ! കെട്ടുകഥകളേക്കാള്‍ വിചിത്രമായ ജീവിത യാഥാര്‍ഥ്യം.
 
   1994ലാണ് സംഭവം നടക്കുന്നത്. ടോണി സിസോറിയ എന്ന അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അന്ന് പ്രായം 42. ന്യൂയോര്‍ക്കിലെ അല്‍ബനി എന്ന സ്ഥലത്തിനടുത്ത് സ്ലീപി ഹോളോ ലെയ്ക് തടാകക്കരയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു ഡോക്ടറും കുടുംബവും. അമ്മയെ ഒന്നു ഫോണ്‍ ചെയ്യണമെന്ന് തോന്നി. ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തിനരികില്‍ ചെന്ന് അദ്ദേഹം ഫോണ്‍ കൈയിലെടുത്തതേയുള്ളൂ. തികച്ചും അവിചാരിതമായി കനത്തൊരു ഇടിമിന്നല്‍ ഭൂമിയില്‍ പതിച്ചു. ഫോണിലൂടെ ഡോക്ടര്‍ക്ക് ശക്തമായ ആഘാതമേറ്റു. അദ്ദേഹം തെറിച്ച് നിലത്ത് വീണു. ഹൃദയമിടിപ്പ് അല്‍പ്പനേരത്തേക്ക് നിലച്ചു. പക്ഷെ, ഭാഗ്യം! ടെലിഫോണ്‍ ബൂത്തിലെ ക്യൂവില്‍ തൊട്ടടുത്തുണ്ടായിരുന്നത് ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ സേവനമനുഷ്ഠിക്കുന്ന ഒരു നഴ്‌സായിരുന്നു.  അവര്‍ ഉടന്‍തന്നെ കൃത്രിമശ്വാസം നല്‍കിയതുകൊണ്ട് ഡോ.ടോണി രക്ഷപ്പെട്ടു. പക്ഷെ, ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കടുത്ത ഓര്‍മക്കുറവ് അനുഭവപ്പെടാന്‍ തുടങ്ങി. ഒപ്പം ആകപ്പാടെ കടുത്ത ഒരു മന്ദതയും. ന്യൂറോളജിസ്റ്റിനെ കാണിച്ചു. ഇ.സി.ജി എടുത്തു. എം.ആര്‍.ഐ സ്‌കാനിങ് ചെയ്തു.  പ്രശ്‌നങ്ങളൊന്നും കണ്ടില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ ഓര്‍മക്കുറവും ക്ഷീണവുമൊക്കെ ഭേദമായി.  അതു കഴിഞ്ഞാണ് അദ്ഭുതകരമായ ചില അനുഭവങ്ങളുണ്ടാവുന്നത്. പിയാനോ സംഗീതം ആസ്വദിക്കാനുള്ള അസാധാരണമായ, അദമ്യമായ അഭിനിവേശമുണ്ടായി ഡോക്ടര്‍ക്ക്! അതുവരെ അദ്ദേഹം സംഗീതത്തില്‍ ഒട്ടും തല്‍പ്പരനായിരുന്നില്ല! സംഗീതപ്രേമം കലശലായപ്പോള്‍ അദ്ദേഹം ഒരു പിയാനോ വാങ്ങുകതന്നെ ചെയ്തു (പിയാനോ എന്ന സംഗീതോപകരണം ചെറിയ വിലയ്ക്ക് കിട്ടുന്നതല്ല, കേവല കൗതുകത്തിന് ആരും വാങ്ങാറുമില്ല എന്നോര്‍ക്കുക). അങ്ങനെ ടോണി സ്വയം പിയാനോ പഠിക്കാന്‍ തുടങ്ങി. ആരുമൊന്നും പറഞ്ഞുകൊടുക്കാതെ, എവിടെ നിന്നെന്നറിയാതെ അയാളുടെ തലയ്ക്കകത്ത് സംഗീതത്തിന്റെ കടലിരമ്പുകയായി. അതിനുമുമ്പൊരിക്കലും സംഗീതപ്രണയിയായിരുന്നില്ല അയാള്‍. കുട്ടിക്കാലത്ത് പിയാനോ പഠിക്കാന്‍ അമ്മ ഏര്‍പ്പാടുചെയ്തിരുന്നു. അന്ന് ഏഴായിരുന്നു പ്രായം. പക്ഷെ കുഞ്ഞു ടോണിക്ക് അതില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വെറുതെ, അമ്മയ്ക്ക് വേണ്ടി പിയാനോയ്ക്ക് മുന്നില്‍ തട്ടിമുട്ടിയിരിക്കും. എണീറ്റുപോവും, അത്രതന്നെ! ഒരു വര്‍ഷം കഴിഞ്ഞ് ആ പരിപാടി പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്തു. 
 
പിന്നീടൊരിക്കലും അതേക്കുറിച്ച് ഓര്‍ത്തതേയില്ല. പഠിച്ചു, ഡോക്ടറായി. കുടുംബമായി. മക്കളായി. ജീവിതം അങ്ങനെ മുന്നോട്ടുപോയി. ഇപ്പോഴിതാ നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ ഉള്ളില്‍ സംഗീതം മിന്നല്‍പ്രവാഹമായിത്തീര്‍ന്നിരിക്കുന്നു!
 
  ആ ഇടിമിന്നലിലും ഓര്‍മക്കുറവിനും ഭേദപ്പെടലിനും ശേഷം നീണ്ട മൂന്നുമാസം അയാള്‍ പൂര്‍ണമായും സംഗീതത്തില്‍ മാത്രം മുഴുകി. പുതിയ പാട്ടുകള്‍ ചിട്ടപ്പെടുത്തുകയും പിയാനോ വായിക്കുകയും മാത്രം ചെയ്തു!  ക്രമേണ ടോണി ഒന്നാംതരം പിയാനോവാദകനായി. പ്രമുഖവേദികളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ലൈവ് റെക്കോഡിങ് നടത്തിയ ചില അവതരണങ്ങള്‍, ബി.ബി.സി, ജര്‍മന്‍ ദേശീയ ടെലിവിഷന്‍ എന്നിവ ഉള്‍പ്പെടെ പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഫിനാന്‍ഷ്യല്‍ ടൈംസ്, ദ വീക് എന്നിവയുള്‍പ്പെടെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ലോകമെങ്ങുമുള്ള ചാനല്‍ ഷോകളില്‍ അദ്ദേഹം പങ്കെടുത്തു.  സ്വപ്നത്തില്‍ കണ്ട സംഗീതം അതേപടി പകര്‍ത്തിയപ്പോള്‍ അതിന് ടോണി നല്‍കിയ പേര് ഇങ്ങനെ – ദ ലൈറ്റ്‌നിങ് സൊണാറ്റ. 
  കെട്ടുകഥകളെ  വെല്ലുന്ന ഈ അതിശയ സംഭവകഥയുടെ രഹസ്യം എന്താവാം? ദൈവിക അല്‍ഭുതം തന്നെ! അല്ലേ? 
തീര്‍ച്ചയായും. 
 
പക്ഷെ സ്വയം തിരിച്ചറിയാതെ പോയ, മറന്നുപോയ ചില ആഗ്രഹങ്ങള്‍ ഒരുപക്ഷെ ആ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരിക്കണം! സ്വന്തം മാതാവ് ഒരിക്കല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നതും എന്നാല്‍ താന്‍ ഉപേക്ഷിച്ചുപോന്നതുമായ സംഗീതമാണ് ഒരു ശക്തമായ ഇടിമിന്നലിനൊപ്പം തിരിച്ചെത്തിയത്! അതും ആ അമ്മയെ ഫോണ്‍ചെയ്യാന്‍ തോന്നിയ സന്ദര്‍ഭത്തിലെ മിന്നലില്‍!! അപ്രതീക്ഷിതമായ ചില ആഘാതങ്ങള്‍, തദ്‌സമയം സങ്കടകരമായാലും, പിന്നീട് നമ്മെ ഉയരങ്ങളിലേക്ക് നയിക്കാന്‍ നിമിത്തമായിത്തീര്‍ന്നേക്കാം.  അപ്രതീക്ഷിത ആഘാതങ്ങള്‍ നമ്മെ തളര്‍ത്താതിരിക്കട്ടെ. ഒരുപക്ഷെ, ഉള്ളിലുറഞ്ഞുകിടക്കുന്ന ശാരീരികമോ മാനസികമോ ആയ സിദ്ധികള്‍ പുറത്തെടുക്കാന്‍ ദൈവം ചൊരിയുന്ന അനുഗ്രഹവരദാനങ്ങളായിത്തീര്‍ന്നേക്കാം അവ. അങ്ങനെ കാണാന്‍ ശ്രമിക്കുമ്പോള്‍, പോസിറ്റീവായ ഫലങ്ങള്‍ പുറത്തുവന്നേക്കാം. 
അതെ, സത്യം കെട്ടുകഥകളേക്കാള്‍ വിചിത്രംതന്നെ!! കെട്ടുകഥകള്‍ കേവലം സാധ്യതകളാണ്. സത്യങ്ങളാവട്ടെ സംഭവിച്ചുകഴിഞ്ഞവയും. അവ തീര്‍ച്ചയായും നമ്മെ ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്യും. 
 
ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത്, തികച്ചും അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെയായിരിക്കാം ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ചിലപ്പോള്‍ സംഭവിക്കുക. ‘It is strange, but true, that the  most important turningpoints of life often come at the most unexpected  times and in the most unexpected ways’ Napoleon Hill.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.