2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാലാം ക്ലാസിലെ പഴങ്കഥയും ജോര്‍ജിന്റെ ഹോട്ടലും

 

എം.വി സക്കറിയ

ആദ്യം നാലാം ക്ലാസില്‍ കേട്ട പഴങ്കഥയാവാം. പഴഞ്ചന്‍കഥ എന്നും പറയാം. കച്ചവട സംഘങ്ങള്‍ കടന്നുപോകാറുള്ള വഴിത്താരയിലെ വിശ്രമകേന്ദ്രങ്ങളിലൊന്നില്‍ തളര്‍ന്നവശനായ ഒരു മനുഷ്യന്‍ കിടക്കുകയാണ്. മുഷിഞ്ഞ, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു. യാത്രാസംഘങ്ങളും വ്യക്തികളുമൊക്കെ ആ വഴി കടന്നുപോകുന്നുണ്ട്. പലരും അയാളെ കാണുന്നുണ്ട്. പക്ഷേ, ആരും ഒന്നും ചോദിക്കുന്നത് പോലുമില്ല. ഒരു സഹായവും നല്‍കുന്നില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം!

നാഴികകളേറെ കഴിഞ്ഞപ്പോള്‍ ഒരു ആശാരിപ്പണിക്കാരന്‍ അതുവഴി വന്നു. മരത്തവിയും മറ്റും ചന്തയില്‍ വിറ്റ്, കിട്ടിയ ചെറിയ കാശിന് അത്യാവശ്യ വീട്ടുസാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിയായിരുന്നു ദരിദ്രനായ ആ മനുഷ്യന്‍. അല്‍പമിരുന്ന് ക്ഷീണം തീര്‍ക്കാനും കൈയില്‍ കരുതിയിരുന്ന ആഹാരം കഴിക്കാനും തുടങ്ങുമ്പോഴാണ് ആ അവശമനുഷ്യന്‍ അയാളുടെ കണ്ണില്‍പ്പെട്ടത്. ആശാരി അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചിരുത്തി. കൈയിലുള്ള ആഹാരവും വെള്ളവും നല്‍കി. ആരോരുമില്ലാത്തവനാണെന്നറിഞ്ഞ് കൈയിലുള്ള ചില്ലറ നാണയങ്ങള്‍ നല്‍കുക കൂടി ചെയ്തപ്പോഴാണ് ഒരു അതിശയം സംഭവിക്കുന്നത്!!
ഇതെല്ലാം ശ്രദ്ധിച്ച്, അല്‍പമകലെ മറഞ്ഞിരുന്ന രാജാവും പരിവാരങ്ങളും കടന്നുവന്നു. സല്‍പ്രവൃത്തിയില്‍ അഭിനന്ദിച്ച് ആശാരിയെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുപോയി. വിലയേറിയ സമ്മാനങ്ങള്‍ നല്‍കി.
പ്രജകളിലെ നന്മ പരീക്ഷിക്കാനിറങ്ങിയ രാജാവിന്റെ കഥ വെറുമൊരു കെട്ടുകഥ മാത്രമായിരിക്കാം. കുട്ടികളില്‍ നന്മ വളര്‍ത്താനുദ്ദേശിച്ച് പാഠഭാഗത്തിലിടം പിടിച്ച വെറുമൊരു കഥ. യാതൊരു പുതുമയുമില്ലാത്ത കഥ! ഒരുപക്ഷേ, രാജഭരണകാലത്തെ യഥാര്‍ഥ സംഭവമായിക്കൂടെന്നുമില്ല!

ഇനി പഴങ്കഥകളെ വെല്ലുന്ന പുതിയകാല പാശ്ചാത്യകഥയിലേക്ക്. ഹോട്ടലിലെ ക്ലാര്‍ക്ക് ആയിരുന്നു ജോര്‍ജ് എന്ന യുവാവ്. ഫിലാഡല്‍ഫിയയിലെ ഒരു ചെറിയ ഹോട്ടലില്‍ ജോലിചെയ്യുന്ന കാലത്താണ് ഒരു സംഭവം നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റുമുള്ള ഒരു രാത്രിയില്‍ സാമാന്യം പ്രായമുള്ള ഒരാളും ഭാര്യയും ഹോട്ടലിലേക്ക് കയറിവന്ന് റൂം അന്വേഷിച്ചു. ഒരു പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്ത് ജോര്‍ജ് രജിസ്റ്റര്‍ മറിച്ചുനോക്കി.
എല്ലാ റൂമും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു! ഒന്നുപോലും ഒഴിവില്ല! ആ തണുത്ത പെരുമഴരാത്രിയില്‍ ആ ദമ്പതികള്‍ക്ക് നല്‍കാന്‍ ഒറ്റ മുറിപോലും ബാക്കിയില്ല. എന്തുചെയ്യാന്‍! ഖേദത്തോടെ, എന്നാല്‍ സ്‌നേഹപൂര്‍ണമായ ഒരു പുഞ്ചിരിയോടെ, മുഖമുയര്‍ത്തി അയാള്‍ അവരോട് പറഞ്ഞു. ‘സോറി സര്‍, റൂമൊന്നും ഒഴിവില്ലല്ലോ. പക്ഷേ, ഈ രാത്രിയില്‍ നിങ്ങളെ തിരിച്ചയക്കുന്നതെങ്ങനെ? സമ്മതമാണെങ്കില്‍ എന്റെ റൂം നിങ്ങള്‍ക്കു തരാം. അത്ര മികച്ച സ്യൂട്ടൊന്നുമല്ല കെട്ടോ. പക്ഷേ, നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു രാത്രി സൗകര്യപ്രദമായി അവിടെ കഴിയാന്‍ പറ്റും’.
അത്യാവശ്യക്കാരാണെങ്കിലും ആ ദമ്പതികള്‍ ആദ്യം അല്‍പ്പമൊന്നു മടിച്ചു. ‘അപ്പോള്‍ നിങ്ങളുടെ കാര്യം?’… ‘അതു സാരമില്ല, തല്‍ക്കാലം ഞാനിവിടെ അഡ്ജസ്റ്റ് ചെയ്‌തോളാം. നിങ്ങള്‍ താമസിച്ചോളൂ’.
ജോര്‍ജ് അവര്‍ക്കായി റൂം ഒരുക്കിക്കൊടുത്തു. പിറ്റേന്ന് തിരിച്ചുപോകാന്‍ നേരം ആ അതിഥി പറഞ്ഞു: ‘താങ്ക്യൂ, സൗഹൃദവും സഹായ മനസ്ഥിതിയും ഒത്തുചേര്‍ന്ന നിങ്ങളെപ്പോലുള്ള മനുഷ്യന്‍ ഇന്നത്തെക്കാലത്ത് തീരെക്കുറവാണ്. അമേരിക്കയിലെ ഏറ്റവും മികച്ച ഹോട്ടലിന്റെ ഉടമസ്ഥന്‍ തീര്‍ച്ചയായും ആഗ്രഹിക്കുക, നിങ്ങളെപ്പോലെയൊരു മാനേജരെ കിട്ടണമെന്നായിരിക്കും! ഒരുപക്ഷേ, അത്തരമൊരു ഹോട്ടല്‍ പണിയാന്‍ എനിക്ക് സാധിച്ചേക്കും!!’. ക്ലാര്‍ക്ക് പുഞ്ചിരിയോടെ അവരെ യാത്രയാക്കി.

നാളുകള്‍ കുറേ കടന്നുപോയി. രണ്ടുവര്‍ഷം കഴിഞ്ഞ് ഒരുദിനം ജോര്‍ജിന് ഒരു കത്ത് ലഭിച്ചു. ഭീകരമായൊരു പെരുമഴരാത്രിയില്‍ റൂം ചോദിച്ചെത്തിയ തങ്ങളോടുള്ള സ്‌നേഹപൂര്‍ണമായ പെരുമാറ്റം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കത്തിന്റെ തുടക്കം. കത്തിനൊപ്പം ന്യൂയോര്‍ക്കിലേക്ക് ഒരു ടിക്കറ്റുമുണ്ടായിരുന്നു!
ഒരു വണ്‍വേ ടിക്കറ്റ്!! എത്രയും വേഗം എത്തിച്ചേരണമെന്ന നിര്‍ദേശവും!!

ന്യൂയോര്‍ക്കിലെത്തിയ ജോര്‍ജിന് അതീവ ഗംഭീരമായൊരു ഹോട്ടല്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ പഴയ അതിഥി പറഞ്ഞു: ‘ഇതാ, ഇതാണ്, നിങ്ങള്‍ മാനേജരായിരിക്കാന്‍ പോവുന്ന ആ ഹോട്ടല്‍!!’. ആതിഥേയത്വം എന്ന കലയെ സമൂലം ഉടച്ചുവാര്‍ത്ത ജോര്‍ജ് ആ വന്‍ ഹോട്ടലിന്റെ മാനേജരായി ജവിതാന്ത്യം വരെ തുടര്‍ന്നു!! ഹോട്ടലിന്റെ വന്‍ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. തിരിച്ചൊരു നേട്ടത്തെക്കുറിച്ചും ചിന്തിക്കുകപോലും ചെയ്യാതെ, നന്മ ചെയ്യുക എന്ന സഹജമായ സ്വഭാവത്തിന്റെ ഭാഗമായി മാത്രം സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ ഏതുകാലത്തും ഏതു ദേശത്തും കുറേപ്പേരെങ്കിലുമുണ്ടാവും. നമുക്കു ചുറ്റുമില്ലേ അത്തരം ചിലരൊക്കെ?…
ഒരു നേട്ടവും പ്രതീക്ഷിക്കാത്ത വിശുദ്ധമായ അത്തരം കര്‍മങ്ങള്‍ക്ക് പില്‍ക്കാലത്തെപ്പോഴെങ്കിലും വലിയ പ്രതിഫലം അവിചാരിതമായി വന്നുചേരുന്ന അനുഭവങ്ങള്‍ ഇടയ്‌ക്കൊക്കെ സംഭവിക്കാറുണ്ട്. പ്രതിഫലം കിട്ടുമോ, നന്മ തിരിച്ചറിയപ്പെടുമോ എന്നൊന്നും ആലോചിക്കുകപോലും ചെയ്യാത്തവരുടെ സല്‍പ്രവൃത്തികളാണ് ലോകത്തെ കൂടുതല്‍ പ്രകാശമാനമാക്കുന്നത്. അവരാണ് യാഥാര്‍ഥ നിസ്വാര്‍ഥ മനുഷ്യര്‍.
പദവികള്‍ വലുതായിക്കൊള്ളണമെന്നൊന്നുമില്ല അതിന്. ചെറുതോ വലുതോ ആയ ഏതു പദവിയിലിരുന്നും ലോകം ഇത്തിരികൂടി പ്രകാശമാനമാക്കാം. മനസു കൊണ്ടൊന്നു തിരഞ്ഞുനോക്കൂ. നമുക്കും അറിയാം അങ്ങനെ ചില മനുഷ്യജീവികളെ!
എങ്കിലും, നിര്‍ഭാഗ്യവശാല്‍ നമ്മില്‍ ചിലരെങ്കിലും നന്മനിറഞ്ഞ അത്തരം മനുഷ്യരെ സാമര്‍ഥ്യമില്ലാത്തവരെന്നോ മണ്ടന്മാരെന്നോ വിശേഷിപ്പിക്കാറില്ലേ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News