
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളവും വര്‍ധിപ്പിച്ചിട്ടുണ്ട്. 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയുടെ പേരിലാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെയും ശമ്പളം 1,07,800 മുതല്‍ 1,60,000 എന്ന പരിധിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 77,400 മുതല്‍ 1,15,200 വരെയായിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെയുള്ളവരുടെ ശമ്പളവും വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ എല്ലാ മാസവും കടമെടുക്കുമ്പോഴാണ് പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളത്തിലും ഈ രീതിയിലുള്ള വര്‍ധനവ്. ശമ്പള വര്‍ധനവോടെ കോടികളാണ് ഓരോ മാസവും പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കേണ്ടി വരിക.